HOME

‘ഈ പുസ്തകം തൊടുമ്പോള്‍ എല്ലാവരും കുഞ്ഞുങ്ങളാകുന്നു’

Soviet Naattile Baalakathakalum Nadodi Kathakalum

മാതൃഭൂമി ബുക്‌സ് ഇറക്കിയ സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും എന്ന പുസ്തകത്തെപ്പറ്റി അനില്‍കുമാര്‍ തിരുവോത്ത് എഴുതുന്നു.

ഒ. ചന്തുമേനോന്‍ ശാരദ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ചങ്ങാതിമാര്‍ ‘എവിടെവരെയെത്തി?’ എന്ന് ചോദിക്കുമ്പോള്‍, ‘ആറാം അധ്യായം കഴിഞ്ഞു, ഇനി അടുത്ത കപ്പലു വരട്ടെ’ എന്നായിരുന്നുവത്രേ ഒയ്യാരത്ത് ചന്തുമേനോന്റെ മറുപടി. അടുത്ത കപ്പലു വരുമ്പോള്‍, അതില്‍ വൈദേശികസാഹിത്യത്തിന്റെ ഒരു വലിയ ശേഖരം കാണും. അവിടുത്തെ സാഹിത്യത്തിന്റെ പോക്ക് അതിലൂടെ അറിയാം. അതറിഞ്ഞിട്ടുവേണം തന്റെ നോവലിന്റെ ഇനിയുള്ള അധ്യായങ്ങള്‍ സംവിധാനം ചെയ്യാന്‍. ഇതിനെ ഒരു ദൃഷ്ടാന്തകഥയായി സ്വീകരിച്ചാല്‍, കപ്പലു കയറിവരുന്ന സാഹിത്യത്തെ കാത്തിരുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു എന്ന സത്യം വെളിപ്പെടും. ഒരു കാത്തിരിപ്പിന്റെ ഏറ്റവും ദീപ്തമായ സ്മരണയാണ് മലയാളി ബാല്യകൗമാരങ്ങളുടെ റഷ്യന്‍ ബാലകൃതികള്‍ക്കും നാടോടിക്കഥകള്‍ക്കുമായുള്ള കാത്തിരിപ്പ്. അന്ന് സോവിയറ്റ് സാഹിത്യം, സോവിയറ്റ്‌ലാന്‍ഡ് എന്നീ പേരുകള്‍ സുപരിചിതമായതുകൊണ്ട് ‘സോവിയറ്റ്‌നാട്’ എന്നായിരുന്നു റഷ്യയുടെ മലയാളവിവര്‍ത്തനം.

buy nowകാലങ്ങള്‍ക്കിപ്പുറത്തുനിന്ന്, വലിയ തകര്‍ച്ചകളുടെയും വിശ്വാസരാഹിത്യത്തിന്റെയും ഹിറ്റ്‌ലറോളം മുഴുത്ത സ്റ്റാലിനിസ്റ്റ് വാര്‍ത്തകളുടെയും ഗ്ലാസ്‌നോസ്തിന്റെയും പെരിസ്‌ട്രോയിക്കയുടെയും ദശകങ്ങള്‍ക്കിപ്പുറത്തുനിന്ന് ‘സോവിയറ്റ്‌നാട്ടിലെ…’ എന്നു കേള്‍ക്കുമ്പോള്‍ ആ കാലം കടന്നുവന്ന ഉത്തരയൗവനങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആഹ്ലാദം പകര്‍ന്നുനല്കുകയാണ് ഡോ. കെ. ശ്രീകുമാര്‍ പുനരാഖ്യാനം ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധം ചെയ്ത സോവിയറ്റ്‌നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും എന്ന അമൂല്യമായ കൃതി. ഒരു ‘ടൈം മെഷീനി’ല്‍ കയറി, ഇങ്ങിനി ഒരിക്കലും തിരിച്ചുവരില്ലെന്നും കിട്ടില്ലെന്നും കരുതിയ ആ ബാല്യത്തിന്റെ തിരുമുറ്റത്തേക്കു ചെന്നിറങ്ങിയ അനുഭവമാണ് ഈ രണ്ടു വാല്യംകൃതി തൊടുമ്പോള്‍ ഉണ്ടാകുന്നത്. ഒരുപക്ഷേ, വായനയെ ഇന്നും കൈവിടാതെ കൊണ്ടുനടക്കുന്ന ആ നഷ്ടബാല്യങ്ങള്‍ക്ക് ഇതിനോളം ആനന്ദകരമായ ഒരു അനുഭവം മുന്‍പ് ഉണ്ടായത് തന്റെ ആദ്യശിശു പിറന്നപ്പോള്‍ മാത്രമായിരിക്കണം.

റഷ്യന്‍കഥകളുടെ ആദ്യകാലവിവര്‍ത്തകരായ ഓമനയും ഗോപാലകൃഷ്ണനും കേരളത്തിലെ മുഴുവന്‍ കുഞ്ഞുങ്ങളുടെയും ആത്മീയ രക്ഷാകര്‍ത്തൃത്വം ഏറ്റെടുത്ത ആ കാലംതന്നെയാവും യുദ്ധത്തിന്റെയും വറുതിയുടെയും ‘മക്രോണിയുഗ’ത്തെ തോല്പിക്കാന്‍ കേരളീയബാല്യത്തെ ശേഷിയുറ്റവരാക്കിയത്. അവരുടെ പോഷകാഹാരം ഓമന-ഗോപാലകൃഷ്ണന്‍സ് കോരിക്കുടിപ്പിച്ച സോവിയറ്റ് ‘കിങ്ക്’തന്നെയായിരുന്നു. ഡോ. കെ. ശ്രീകുമാര്‍ തന്റെ ആമുഖത്തില്‍ എടുത്തുചേര്‍ത്ത രണ്ട് വരിയുണ്ട്: ”സോവിയറ്റെന്നൊരു നാടുണ്ടത്രേ. പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം!’ എന്ന ആ വരികള്‍ ഇന്നത്തെ വയോധികര്‍ക്ക് ആവേശകരമായ ഒരു ഓര്‍മയാണ്. ഭൂമിയില്‍ ഒരു സ്വര്‍ഗമുള്ളത് സോവിയറ്റ് നാടാണെന്ന് അവര്‍ ഭൗതികമായിത്തന്നെ വിശ്വസിച്ചു. കമ്യൂണിസ്റ്റ് സാഹിത്യങ്ങള്‍, പ്രത്യേകിച്ച് ഗോര്‍ക്കി, കേരളീയന്റെ പുരോഗമന സാഹിത്യമോഹങ്ങളെ പൊലിപ്പിച്ചു. മിനുസക്കടലാസിലൂടെ പരന്ന ‘കമ്യൂണിസ്റ്റ് മണം’ കേരളീയന്റെ വിയര്‍പ്പിന്റെകൂടി മണമായിരുന്നു. തീര്‍ച്ചയായും കേരളീയന്‍ നേടിയെടുത്ത എല്ലാ രാഷ്ട്രീയവിവേകങ്ങളുടെയും ആന്തരികപ്രേരണ സോവിയറ്റ് സാഹിത്യവും സോവിയറ്റ് സ്വപ്‌നവുമായിരുന്നു. അതിന്റെയും അടിത്തട്ടില്‍ ആത്മീയവും ഭൗതിവുമായ കനത്ത അടിത്തറയായിത്തീര്‍ന്നത് സോവിയറ്റ് ബാലസാഹിത്യകൃതികളാണ്. അവ എത്രതന്നെ ശ്രമിച്ചാലും delete ചെയ്യാന്‍ ആവാത്ത ഓര്‍മകളാണ്. ഇന്ന് മുതിര്‍ന്നുനില്ക്കുന്ന ഒരു കേരളീയന്റെ ഓര്‍മകളുടെ പാതിഭാഗം, അവന്റെ സാഹിതീയമായ ആര്‍ജവത്തിന്റെ പിന്‍ബലം അവന് ഒട്ടും ചോര്‍ന്നുപോകാതെ തിരികെ കിട്ടുകയാണ്, സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും എന്ന പുസ്തകത്തിലൂടെ.

ടോള്‍സ്റ്റോയി, അലക്‌സാണ്ടര്‍ പുഷ്‌കിന്‍ അടക്കമുള്ള മഹാപ്രതിഭകളുടെ കഥകളുടെ പുനരാഖ്യാനവും അജ്ഞാതകര്‍ത്തൃകമായ നാടോടിക്കഥകളും അടങ്ങുന്ന ഈ ബൃഹത്ഗ്രന്ഥം, നന്മയിലും മറ്റ് ഉത്കൃഷ്ട മനുഷ്യശീലങ്ങളിലും അധിഷ്ഠിതമായ ജീവിതാഖ്യാനമാണ്. അതീന്ദ്രിയമായ കഥാസന്ദര്‍ഭങ്ങളും അമാനുഷമായ കഥാപാത്രങ്ങളും ഉള്ള കഥകള്‍പോലും കേവലമായ ധാര്‍മികബോധത്തിന്റെയും ആഖ്യാനങ്ങളാണ്. ഭൂമിയില്‍ കാലുറച്ച (down to earth) കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും കുട്ടികളോടു പറയുന്നത് അത്യാഗ്രഹംപോലുള്ള തിന്മകളെ ഒഴിച്ചുവിട്ട് കൂടുതല്‍ നല്ല മനുഷ്യരാകാനാണ്. ഉദാ: ടോള്‍സ്റ്റോയിയുടെ ‘ഒരാള്‍ക്ക് എത്ര മണ്ണു വേണം?’ എന്ന കഥ. ടോൾസ്റ്റോയിയെയും പുഷ്‌കിനെയും പോലുള്ള ലോകഗുരുക്കന്മാരാണ് ഇതിലെ കഥകളെ നയിക്കുന്നവര്‍. ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മുഴുവന്‍ ആര്‍ദ്രതയേയും വീണ്ടെടുക്കാനാണ് അവരുടെ ഉപദേശം. ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് (ഈ പുസ്തകം കൈയിലെടുക്കുമ്പോള്‍ ആരും കുഞ്ഞായിത്തീരുന്നു) നഷ്ടപ്പെട്ടു പോകുമെന്ന് ഞാനടക്കമുള്ളവര്‍ ഭയന്ന ഒരു വിപുലസംസ്‌കൃതിയുടെ ആഖ്യാനസുഭഗതയുടെ കഥ കേട്ട് കഥ കേട്ട് പിന്നെ കഥപറച്ചിലുകാരനായിത്തീരാനുള്ള സാധ്യതയുടെ വീണ്ടെടുപ്പാണ് അതീവസൂക്ഷ്മതയോടെ ഡോ. ശ്രീകുമാര്‍ നിര്‍വഹിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, കഥയുടെ കുഴലൂത്തുമായി ഇതാ ഒരു ബാഗ്‌പൈപ്പര്‍ നിങ്ങള്‍ക്കു മുന്നില്‍. സംശയമേതുംകൂടാതെ അവന്റെ പുറകെ ചെന്നോളൂ. ഒട്ടും മുഷിയില്ല, തീര്‍ച്ച.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.