HOME

സ്‌റ്റാലിൻ മയങ്ങിക്കിടന്നു മണിക്കൂറുകളോളം; ആരും തിരിഞ്ഞുനോക്കാനില്ലാതെ!

Stalinum Stalinisavum1953 ഫെബ്രുവരി 28. പതിവു സന്ദർശകരായിരുന്ന ബെറിയ , മലങ്കോവ്, ക്രൂഷ്‌ചേവ്, ബുൾഗാനിൻ എന്നിവരോടൊപ്പം അദ്ദേഹം കാലത്ത് നാലുമണി വരെ ചെലവഴിച്ചു. പരിചാരകർ യജമാനന്റെ ആജ്ഞ പ്രകാരം മജാരി എന്ന വീഞ്ഞ് വീണ്ടും നൽകി. സ്‌റ്റാലിൻ അതിനെ ജ്യൂസ് എന്നാണ് വിളിക്കുക. ഒടുവിൽ സന്ദർശകർ പിരിഞ്ഞ് പതിവു ജോലിക്കാർ വാതിലടച്ചു.

സ്‌റ്റാലിൻ അസ്വസ്‌ഥനായാണ് ഉറങ്ങാൻ പോയത്. പക്ഷേ, അടുത്ത ദിവസം ഞായറാഴ്‌ച അദ്ദേഹം പതിവു പോലെ ഉണർന്നില്ല. ഉച്ചയ്‌ക്ക് ഒരു മണിയായിട്ടും ഉണരാതിരുന്നപ്പോൾ ജോലിക്കാരൻ ഭയന്നു തുടങ്ങി. പക്ഷേ, ഒച്ചയനക്കമൊന്നുമില്ലെങ്കിൽ അകത്തു ചെല്ലരുതെന്നും എങ്കിൽ കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പതിവായി പറയാറുണ്ട്. രാത്രി പത്തു മണിയായിട്ടും തമ്മിൽ ചർച്ച ചെയ്‌തും അകത്തു കടക്കാൻ ഭയന്നുമവർ കഴിച്ചു കൂട്ടി. ഒടുവിൽ കേന്ദ്രകമ്മിറ്റിയുടെ ഒരു മെയിൽ വന്നത് സൗകര്യമാക്കി ഒരാൾ അകത്തു കടന്നു. തറയിൽ വീണു കിടക്കുന്ന യജമാനനെയാണയാൾ കണ്ടത്. അപ്പോഴും അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. അയാളോടിച്ചെന്ന് സഖാവ് സ്‌റ്റാലിൻ എന്താണ് കുഴപ്പം എന്നു ചോദിച്ചതിനു കിട്ടിയ മറുപടി പക്ഷേ, അവ്യക്തമായ ഞരക്കങ്ങൾ മാത്രമായിരുന്നു. വീണ്ടുമദ്ദേഹം കൂർക്കം വലിച്ചുറക്കത്തിലായി. ഓടി വന്ന മറ്റുള്ളവരും ചേർന്ന് അദ്ദേഹത്തെ സോഫയിൽ കിടത്തി.

ഉടനെ ഉത്തരവാദപ്പെട്ടവർക്ക് ഫോൺ പോയി. കെ ജി ബി തലവൻ അങ്ങേത്തലയ്‌ക്കൽ ഞെട്ടി, ബെറിയയെയും, മലങ്കോവിനെയും ബന്ധപ്പെടാനവരോട് പറഞ്ഞു. ബെറിയയുടെ ഫോൺ വന്നു. സ്‌റ്റാലിന്റെ രോഗത്തെപ്പറ്റി ആരോടും ഒന്നും പറയരുത് എന്നു പറയുകയല്ലാതെ മണിക്കൂറുകൾ കഴിഞ്ഞും ആരും രോഗിയുടെ അടുത്തെത്തിയില്ല; പരിചാരകരൊഴിച്ച്. ഒടുവിൽ പുലർച്ചെ മൂന്നു മണിക്ക് മലങ്കോവും ബെറിയയും എത്തി. സ്‌റ്റാലിനെ നോക്കി ബെറിയ പറഞ്ഞു. ” നിങ്ങളെന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. അദ്ദേഹം നല്ല ഉറക്കത്തിലാണ്.” അവരദ്ദേഹത്തോട് ഉണ്ടായതു പറഞ്ഞു. വെറുതെ ഞങ്ങളെക്കൂടി പേടിപ്പിക്കരുത്. സഖാവ് സ്‌റ്റാലിനെ ശല്യം ചെയ്യരുതെന്നു കൂടി പറഞ്ഞവർ പോയി. എട്ടു മണിക്ക് ക്രൂഷ്‌ചേവ് എത്തി. എന്നിട്ടും ഒമ്പതരയോടെയാണ് ഡോക്‌ടർമാരെത്തിയത്. പേടിച്ച് കൈവിറച്ചുകൊണ്ടാണദ്ദേഹത്തെ അവർ പരിശോധിച്ചത്. തലച്ചോറിൽ ഞരമ്പു പൊട്ടിയതാണെന്ന നിഗമനത്തിലാണ് അവരെത്തിയത്. അപ്പോഴേക്കും ആളുകളെത്തിത്തുടങ്ങി.

buy nowതിങ്കളാഴ്‌ച രാവിലെ സ്വെത്‌ലാനയെ അക്കാദമിയിലെ ക്ലാസ്‌മുറിയിൽ നിന്ന് മലങ്കോവ് വിളിച്ചു വരുത്തി. ഡോക്‌ടർമാരും നേതാക്കളുമായവിടം തിരക്കായിരുന്നു.
സ്വെത്‌ലാന അച്‌ഛനെ ചുംബിച്ച് കൈപിടിച്ചു കൊണ്ടിരുന്നു. സഹോദരൻ വാസ്സിലിയെയും വിളിച്ചു വരുത്തിയിരുന്നു. അയാൾ ഡോക്‌ടർമാരെ ഉച്ചത്തിൽ ശപിച്ചു. അവരച്‌ഛനെ കൊല്ലുകയാണെന്നവൻ അലറി വിളിച്ചു. ഒടുവിൽ 1953 മാർച്ച് മൂന്നിന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. തന്റെ തന്നെ നേതൃത്വത്തിൽ രൂപമെടുത്ത ഔപചാരികക്രമങ്ങളെയും, പരസ്‌പര സംശയങ്ങളെയും ഭയാശങ്കകളെയും നിസ്സഹായരായ വേലക്കാരെയും മാത്രം മണിക്കൂറുകളോളം സാക്ഷിയാക്കി ഒരു ഡോക്‌ടർ പോലും പരിശോധിക്കാനില്ലാതെ കിടന്ന് ഒടുവിൽ മരണം ആഘോഷമാക്കി അദ്ദേഹം ചരിത്രത്തോടു വിട പറഞ്ഞു.

സോമശേഖരന്റെ സ്‌റ്റാലിനും സ്‌റ്റാലിനിസവും എന്ന പുസ്‌തകത്തിലാണ് ഈ പരാമർശങ്ങളുള്ളത്. സ്‌റ്റാലിന്റെ ജീവിതവും സ്‌റ്റാലിനിസ്റ്റ് പ്രത്യയശാസ്‌ത്രവും സമഗ്രമായി പഠനവിധേയമാക്കുന്ന കൃതി. ജോസഫ് സ്‌റ്റാലിനെക്കുറിച്ച് ഒരു ശരിയായ ചിത്രം പല ചരിത്രപുസ്‌തകങ്ങളും നമുക്ക് നൽകുന്നില്ല. അതിനൊരു പരിഹാരമാണ് ഈ ഗ്രന്ഥം.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.