HOME

ആ പഴയ അടുക്കളയിലേക്ക് ഒന്നു തിരിച്ചു പോകാം

Suriani Adukkalaചൈനീസും കോണ്ടിനെന്റലും പരീക്ഷിക്കുന്ന, ഇടയ്‌ക്കിടെ കേക്കുകൾ ബേക്ക് ചെയ്യുന്ന ഒരു പാചകപ്രേമിയല്ല ഞാൻ. എന്നാൽ പാചകം ചെയ്യുന്നില്ലേ, എന്നു ചോദിച്ചാൽ തീർച്ചയായും ഉണ്ട്. പ്രഭാതങ്ങളിൽ ഇടിയപ്പം, പാലപ്പം, ഇഡ്ഡലി, ദോശ, ചപ്പാത്തി, പുട്ട് ഉച്ചയ്‌ക്ക് ചോറ്, മീൻ വേവിച്ചത്, സാമ്പാർ, പുളിശ്ശേരി, പച്ചടി, നാടൻ കോഴിക്കറി, ബീഫ് ഉലർത്തിയത്, തോരനുകൾ, മെഴുക്കുപുരട്ടികൾ അതു പോലെ രാത്രി കഞ്ഞി പയർ പപ്പടം ചമ്മന്തി. സമയവും മൂഡുമുണ്ടെങ്കിൽ കൊഴുക്കട്ട, പായസം, വട്ടയപ്പം, ഏത്തയ്‌ക്കാ അപ്പം തുടങ്ങിയ നാലുമണി വിഭവങ്ങളും. ഇതൊക്കെ ഉണ്ടാക്കാൻ ഒരു പാചകപുസ്‌തകത്തിന്റെയും ആവശ്യമില്ല. അതു കൊണ്ട് തന്നെ പാചക പുസ്‌തകങ്ങളോ അതിലെ സങ്കീർണമായ വിധികളോ എന്നെ ആകർഷിക്കാറുമില്ല.

അങ്ങനെയുള്ള എന്നെ ഇരുത്തി വായിപ്പിച്ച പാചകപുസ്‌തകമാണ് ലതിക ജോർജിന്റെ സുറിയാനി അടുക്കള. കാരണം ഇതൊരു വെറും പാചകപുസ്‌തകം മാത്രമല്ല. ഗൃഹാതുരത ഉണർത്തുന്ന ഒരു പിടി പഴയകാല ഓർമകളുടെ ശേഖരം കൂടിയാണ്. ലതികയെ പോലെ എന്റെ അമ്മയുടെ വീട് കുട്ടനാട്ടിലാണ്, അപ്പന്റെ വീട് കിഴക്കും. അവധിക്കാലം ഈ രണ്ടു വീടുകളിലുമായി പങ്കു വയ്‌ക്കപ്പെടും. അമ്മയുടെ വീട്ടിൽ നിന്ന് താറാവ് മുളകിടിച്ചു വച്ചതും, കരിമീൻ മപ്പാസും, ഉപ്പുമാങ്ങാ പാലുകറിയുമൊക്കെ ആസ്വദിച്ചു കഴിച്ച്, ഒരു രണ്ടു കിലോ വണ്ണം കൂടിയിട്ടാകും അപ്പന്റെ വീട്ടിലേക്കുള്ള വരവ്. അപ്പന്റെ വീട്ടിൽ ചാമ്പക്ക- പഴം ജാമുകൾ, വൈൻ, കുഴലപ്പം, അവലോസുണ്ട, ചിപ്‌സുകൾ, കട്‌ലറ്റ് ഇതൊക്കെയാകും കുട്ടികളെ കാത്തിരിക്കുന്നത്. കൂടാതെ കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ചക്ക എന്നിവ വേവിച്ചത് അതിനു ചേരുന്ന ഉപദംശങ്ങളുമായി. ഈ രണ്ടു വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോഴും എനിക്കു വല്ലാതെ മിസ് ചെയ്യുന്നതുമായ ഒരു പലഹാരമാണ് buy nowമാങ്ങാ തെര. (തേര എന്ന പേരിൽ ഇതിന്റെ പാചകകുറിപ്പ് സുറിയാനി അടുക്കളയിലുണ്ട്. താത്പര്യമുള്ളവർക്ക് പരീക്ഷിക്കാം.) ആ രണ്ടു തറവാടുകളിലെയും അടുക്കളകളെ ഓർമിപ്പിച്ചു ഈ പുസ്‌തകത്തിന്റെ കവർചിത്രം. കല്യാണത്തിനു മാമോദീസയ്‌ക്കും മറ്റുമായി വീട്ടിൽ താമസിച്ചു പാചകം ചെയ്യാൻ എത്തുന്ന കോക്കിമാർ ( കുക്ക് എന്ന വാക്കിൽ നിന്നാകും ഈ കോക്കി), അച്ചാറുകൾ സൂക്ഷിക്കാൻ മാത്രമുള്ള അലമാര ഇങ്ങനെ കുട്ടിക്കാലത്തേക്കുള്ള ഒരു മടക്കയാത്രയായിരുന്നു സുറിയാനി അടുക്കള.

കേരളത്തിലെ സുറിയാനി ക്രിസ്‌ത്യാനികളുടെ തനതു വിഭവങ്ങൾ ഏറെക്കുറെ എല്ലാം തന്നെ ഈ പുസ്‌തകത്തിൽ ഉണ്ട്. അരിയും അരിവിഭവങ്ങളും പച്ചക്കറി, പയർ, പരിപ്പു വർഗങ്ങൾ കൊണ്ടുള്ള കറികളും കടൽ വിഭവങ്ങളും മീൻകറികളും പോത്തിറച്ചി ആട്ടിറച്ചി പന്നിയിറച്ചി റോസ്റ്റുകളും ഉലർത്തലുകളും വളർത്തുപക്ഷികളും അവയുടെ മുട്ടയും കൊണ്ടുള്ള കറികളും സൂപ്പ്, ചള്ളാസ്, വേപ്പിലക്കട്ടി, പഴം ജാം തുടങ്ങിയ അനുബന്ധവിഭവങ്ങളും പലഹാരങ്ങളും അച്ചാറുകളും പായസങ്ങളും പുഡ്ഡിങ്ങുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഒപ്പം ചില ഓർമക്കുറിപ്പുകളും. എന്റെ വല്യമ്മച്ചിയുടെ ഭവനത്തിൽ, പരമ്പരാഗത നെൽകൃഷി, കേരളത്തിലെ ഏറ്റവും നല്ല കള്ളുഷാപ്പ്, അച്ചാർ അലമാര, സഞ്ചാരികളായ പാചകക്കാർ, തേച്ചു കുളി ഇങ്ങനെ രസകരമായ കുറിപ്പുകൾ. സുറിയാനി ക്രിസ്‌ത്യാനികളുടെ ചരിത്രവും വേഷവിധാനവും ആചാരങ്ങളുമെല്ലാം ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. ചിത്രങ്ങളും രേഖാചിത്രങ്ങളും പുസ്‌തകത്തിന്റെ പൊലിമ കൂട്ടുന്നു. സ്‌നേഹവും രുചിയും ഒന്നിച്ചു വെന്ത ആ പഴയ അടുക്കളയിലേക്ക് ഒന്നു തിരിച്ചു പോകാം.

| Zeba

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.