HOME

വീരപ്പന്റെ കൂടെ കാട്ടിനുള്ളിൽ

Ilakalil Chorunna Aakasamകുട്ടിക്കാലത്ത് കാലികളെ മേയ്‌ക്കാൻ ഞങ്ങൾ സംഘം ചേർന്ന് കാടുകയറിയിരുന്നു. അതുകൊണ്ടുതന്നെ കാടിനെ പേടിയുണ്ടായിരുന്നില്ല. പക്ഷേ, ഇതിനേക്കാളെല്ലാം വലിയ മരങ്ങളെയും മൃഗങ്ങളേയുമാണ് അയ്യാവുടെ (വീരപ്പൻ) കൂടെ ജീവിക്കുമ്പോൾ കണ്ടത്. എത്രയോ വർഷങ്ങൾ അയ്യാവുടെ ഒപ്പം കാട്ടിൽ കഴിഞ്ഞിരിക്കുന്നു. പലപ്പോഴും ആനക്കൂട്ടങ്ങളേയും കാട്ടുപോത്തിനെയും കരടിയേയും പുലിയേയുമെല്ലാം തൊട്ടടുത്ത് കണ്ടിട്ടുണ്ടെങ്കിലും അയ്യാവ് കൂടെയുള്ളപ്പോൾ വലിയ പേടിയുണ്ടായിരുന്നില്ല.

നദിക്ക് അക്കരെ കർണാടക അതിർത്തിയിലുള്ള ഗോപീനത്തമാണ് അയ്യാവുടെ നാട്. അന്ന് പാലാർ എന്ന കാട്ടതിർത്തിയിൽ വച്ചായിരുന്നു അയ്യാവ് തടി സാധനങ്ങൾ കേരളത്തിലേക്ക് കയറ്റി അയച്ചിരുന്നത്. ഞങ്ങളുടെ കല്യാണം നടന്നതും ഇക്കാലത്താണ്. കല്യാണം കഴിഞ്ഞാണ് അയ്യാവിനെപ്പറ്റി പത്രങ്ങളിലൊക്കെ വരുന്നത്. അയ്യാവ് ആളുകളെ കൊന്നിട്ടുണ്ടെന്നൊന്നും അതുവരെ കേട്ടിട്ടില്ല. ആൾക്കാർക്ക് നല്ലത് ചെയ്യുന്നതേ കണ്ടിട്ടുള്ളൂ. വാർത്തകൾ വന്നതോടെ പോലീസ് വേട്ട തുടങ്ങി. അങ്ങനെ കല്യാണം കഴിഞ്ഞ് അധികം വൈകാതെ ഞങ്ങൾ കാട്ടിലേക്ക് പോയി; പേടി തോന്നിയില്ല. അയ്യാവ് കൂടെയുണ്ടല്ലോ. പിന്നീടുള്ള 4 വർഷം ഞാൻ കാട്ടിലായിരുന്നു. വീടു പോലെയൊന്നുമല്ല, ഒരേ സ്ഥലത്ത് അധികകാലം തങ്ങാൻ പറ്റില്ലെന്ന് അയ്യാവ് പറഞ്ഞു. കൂടിപ്പോയാൽ 10 ദിവസം. തീരെ ആൾസഞ്ചാരമില്ലാത്ത സ്‌ഥലമാണെങ്കിൽ അപൂർവ്വമായി 15 ദിവസം വരെ താമസിച്ചിട്ടുണ്ട്.

buy nowബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും കാട്ടിലെ ജീവിതമാണ് കൂടുതൽ സുഖമെന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. അയ്യാവിനെ എപ്പഴും കണ്ടുകൊണ്ടിരിക്കാം. പിന്നെ കുറ്റപ്പെടുത്തുന്നവരുടെ മുഖവും കാണണ്ട. ഇക്കാലം മുഴുവൻ വയറുനിറയെ ഭക്ഷണം ലഭിച്ചിരുന്നു. കാട്ടുപോത്തിന്റെ ഇറച്ചി അയ്യാവ് കഴിക്കില്ല. പക്ഷേ, മാനിന്റെയും മുയലിന്റെയും കരിങ്കുരങ്ങിന്റെയുമെല്ലാം ഇറച്ചി ഇഷ്‌ടമാണ്. പിന്നെ പാലും മോരും. കാട്ടിലാണെങ്കിലും അതെല്ലാം സംഘടിപ്പിക്കും. അയ്യാവ് കള്ളുകുടിക്കില്ല. സിഗരറ്റ് വലിക്കില്ല. പെണ്ണുങ്ങളോട് മോശമായി പെരുമാറുകയുമില്ല. കൂടെയുള്ളവരും ഇതൊന്നും ചെയ്യരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ആരെങ്കിലും സ്‌ത്രീകളെ ഉപദ്രവിച്ചാൽ അവരെ വെടിവച്ചു കൊല്ലും……

വനംകൊള്ളക്കാരൻ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയുടെ ഓർമക്കുറിപ്പിൽ നിന്ന്. കാടനുഭവങ്ങളുടെ പുസ്‌തകമാണ് ഇലകളിൽ ചോരുന്ന ആകാശം. ഇത് കാടിനെ ഇഷ്‌ടപ്പെടുകയും അവിടേക്ക് തീർഥാടനം നടത്തുകയും വനസ്‌ഥലികളെ നെഞ്ചോട് ചേർക്കുകയും ചെയ്യുന്നവരുടെ ഒത്തുച്ചേരലാണ്. ജീവിതത്തിന്റെ ചുഴിത്തിരിവുകളിൽപ്പെട്ട് വനത്തിൽ അകപ്പെട്ടു പോവുകയും കാടിനെ മുറിവേൽപ്പിക്കുകയും ചെയ്യുന്നവരുടെ അനുഭവങ്ങളുമുണ്ട്. പ്രശസ്‌തരായ വന്യജീവി ഫോട്ടോഗ്രാഫർമാർ, പക്ഷിനിരീക്ഷകർ, പരിസ്‌ഥിതി പ്രവർത്തകർ, വന്യജീവിനിരീക്ഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ കുറിപ്പുകൾ.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.