HOME

ഇതു കവിതകളല്ല, അംബികയുടെ ജീവിതം

chumadതെരുവോരത്ത് തേങ്ങാ വിൽക്കുന്ന അംബിക എഴുതിയ കവിതകളുടെ സമാഹാരമാണ് ചുമട്. എന്നാൽ അംബിക ഒരു തേങ്ങാ കച്ചവടക്കാരി മാത്രമായിരുന്നില്ല. പ്രൊഫഷണൽ നാടകങ്ങളുടെ രചയിതാവായിരുന്നു, രാഷ്‌ട്രീയ പ്രവർത്തകയായിരുന്നു, ആര്യനാട്ടെ ഒരു വലിയ തുണിക്കടയുടെ ഉടമയായിരുന്നു. ഒരു ജന്മത്തിൽ പലവേഷം അണിയേണ്ടി വന്ന അംബികയെക്കുറിച്ച് ശ്രീജിത്ത് കെ വാരിയർ മലയാളമനോരമയിൽ ദീർഘമായ ഒരു ഫീച്ചർ എഴുതിയിട്ടുണ്ട്. ഈ പുസ്‌തകത്തിന്റെ അനുബന്ധമായ നൽകിയിരിക്കുന്ന ആ ലേഖനത്തിൽ നിന്ന് പ്രസക്‌തഭാഗങ്ങൾ:

തിരുവനന്തപുരം ജില്ലയിൽ ആര്യനാട്ടെ പ്രൗഢമായ ആനക്കുഴിക്കര ബംഗ്ലാവ്. കുട്ടൻ വൈദ്യൻ എന്ന ജോസഫ് വൈദ്യന്റെ പ്രതാപകാലം. നിത്യവും നൂറോളം പേർക്ക് അന്നം നൽകുന്ന ദാനകുലപതി. ഭാര്യ ഗോമതി. ഏഴു മക്കൾ. ആകസ്‌മികമായിരുന്നു വൈദ്യന്റെ മരണം. ഗോമതി പിന്നീട് ചെല്ലയ്യനെ വിവാഹം കഴിച്ചു. അവർ ആനക്കുഴിക്കരനിന്നു മാറി, ആര്യനാട്ടെ തന്നെ തടത്തരികത്തു വീട്ടിലേക്ക്. അഥവാ കുട്ടൻ വൈദ്യന്റെ സർവപ്രതാപത്തിൽ നിന്നു ചെല്ലയ്യന്റെ മദ്യപാന ധൂർത്തിലേക്ക് വീടുമാറ്റം. അവിടെ ഗോമതിക്കുണ്ടായ രണ്ട് മക്കളിൽ ഇളയവൾ ആണ് അംബിക.

ചെറുപ്പം മുതൽ നന്നായി വായിക്കുമായിരുന്നു അംബിക. അവൾ പത്താം ക്ലാസ് പാസായപ്പോഴേക്കും കുടുംബം ഏതാണ്ട് തകർന്നു. പിന്നെ പണമുണ്ടാക്കുകയായി അംബികയുടെ ലക്ഷ്യം. ഇറവൂർ സ്‌പിന്നിംഗ് മില്ലിൽ ജോലിക്കുമ്പോഴും തയ്യൽ പഠിക്കുമ്പോഴുമൊക്കെ അംബിക മനസ്സിൽ അക്ഷരങ്ങൾ നെയ്‌തു. അത് കഥയായി, കവിതയായി, പാട്ടായി. ഇടയ്‌ക്കൊരു വളം ഡിപ്പോയിൽ ജോലി കിട്ടി. 7 വർഷം അവിടെ. ഇതിനിടെ അമ്മായിയമ്മയുടെ ഉപദ്രവം സഹിക്കാതെ ഒരു സ്ത്രീ അംബികയെക്കൊണ്ട് അവരുടെ ജീവിതകഥ നാടകമായി എഴുതിച്ചു. ആ നാടകം തിരുവനന്തപുരം ഭാവനാ തിയറ്റേഴ്സ് വേദിയിലെത്തിച്ചു. ഗായത്രീദേവി എന്റെ അമ്മ എന്നായിരുന്നു നാടകത്തിന്റെ പേര്. പിന്നീട് വേറെയും നാടകങ്ങൾ എഴുതി സംവിധാനം

Ambika

Ambika

ചെയ്‌ത അംബിക തിരുവനന്തപുരം സംഘവേദി എന്ന പേരിൽ ഒരു സമിതിയും ഉണ്ടാക്കി. അതു കടത്തിൽ അവസാനിച്ചു. ഇതിനിടയിൽ രാഷ്‌ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്ന അംബിക പഞ്ചായത്ത് അംഗവും സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായി.

അംബികയും ബന്ധു തുളസിയും ചേർന്ന് തുടങ്ങിയ ചെറിയ തുണിക്കട വിജയമായി. അവർ വലിയ കട തുറന്നു, പിന്നീട് ആര്യനാട്ടെ ഏറ്റവും വലിയ തുണിക്കടയുടെ ഉടമകളായി. ഇതിനിടെ ഒരു വാഹന അപകടത്തിൽ അംബികയുടെ കാലും തുളസിയുടെ കൈയ്യും ഒടിഞ്ഞു. അസുഖം മാറി കട തുറക്കാൻ വന്നപ്പോൾ ഷട്ടറിൽ മറ്റു ചില പൂട്ടുകൾ. തുണിക്കട അംബികയുടെ സ്വപ്‌നങ്ങൾക്കു നിറമേകിയപ്പോൾ അതിൽ കണ്ണുവച്ച ചിലരുണ്ടായിരുന്നു നാട്ടിൽ. അവരായിരുന്നു ഇതിനു പിന്നിൽ. പോലീസിന്റെയും മറ്റും സഹായത്തോടെ കട തുറന്നെങ്കിലും വേറെയും പൂട്ടു വീണു.

buy nowതർക്കങ്ങൾ നീണ്ടത് എട്ടു മാസത്തോളം. കടയിലെ തുണികൾ പഴകി. കിട്ടിയ വിലയ്‌ക്ക് കുറെ വിറ്റു തീർത്തു. മുൻകൂർ തുണി വാങ്ങിയ പലരും പണം കൊടുത്തില്ല. ഒറ്റയടിക്ക് അംബിക വീണത് 13 ലക്ഷം രൂപ കടത്തിലേക്ക്. ഇതിൽ 5 ലക്ഷം എങ്ങനെയോ വീട്ടി. തുടർന്ന് അംബികയും ചേച്ചിയും കുടുംബവും തുളസിയും നാട്ടിൽ നിന്നു മുങ്ങി. ബ്ലേഡുകാർ നാട്ടിലെ 43 സെന്റ് സ്‌ഥലം കൈയ്യേറി. കടമുറിക്കു കൊടുത്ത അഡ്വാൻസും പോയി. ഇപ്പോൾ പഴവങ്ങാടി ക്ഷേത്ര പരിസരത്ത് തേങ്ങാക്കച്ചവടം നടത്തുകയാണ് അംബിക. ഒപ്പം തീവ്രമായ അനുഭവങ്ങൾ കവിതയായും പകർത്തുന്നു. അതിൽ 20 കവിതകളാണ് ഈ സമാഹാരത്തിൽ.

ഭൂതകാലം ചികയുമ്പോൾ
ആത്മാവ് കരയുന്നു
കണ്ണുകൾ നിറയുന്നു……. ഇത് കവിതകൾ മാത്രമല്ല, എരിയുന്ന തീയിലും കരിയാത്ത അംബികയുടെ ജീവിതം.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.