HOME

അഴീക്കോട് മാസ്റ്റർ ഞങ്ങളുടെ പ്രൊഫസർ

Azheekkod Jeevithaprakasamഞങ്ങളൊക്കെ അന്ന് അദ്ദേഹത്തെ പരാമർശിച്ചിരുന്നത് ‘പ്രൊഫസർ’ എന്നു മാത്രമാണ്. പിൽക്കാലത്ത് മറ്റുള്ളവർക്ക് മനസ്സിലാവാൻ വേണ്ടിയാണ് ‘അഴീക്കോട് മാസ്റ്റർ’ എന്നു പറഞ്ഞു തുടങ്ങിയത്. ഞങ്ങൾ പഴയ സഹപാഠികൾ കണ്ടുമുട്ടുമ്പോൾ ഇപ്പോഴും പ്രൊഫസർ എന്നേ പറയാറുള്ളൂ.

അക്കാലത്ത് കാലിക്കറ്റ് സർവകലാശാലാ മലയാളവിഭാഗത്തിന്റെ തലവനാണ് അദ്ദേഹം. 1972-74 വർഷത്തിൽ ഞാൻ അവിടെ എം എ വിദ്യാർഥിയായിരുന്നു. പ്രൊഫസർ ഇരുന്നിട്ടാണ് ക്ലാസെടുക്കുന്നത്. നിരന്തരം ഞങ്ങളോട് ചോദ്യം ചോദിക്കും. ഞങ്ങൾ ഉത്തരം പറയുന്നതും ഇരുന്നിട്ടാണ്. ആ പ്രസംഗവും ക്ലാസും വളരെ വ്യത്യസ്‌തമാണ്. തീർത്തും വിരുദ്ധമാണ് എന്നു വരെ പറയാം. നെടുനെടുങ്കൻ വാക്യങ്ങളോ ദീർഘസമാസങ്ങളോ ക്ഷോഭപ്രകടനമോ ആവേശമോ ഒന്നും ക്ലാസ്‌മുറിയിൽ ഇല്ല. പ്രതീക്ഷിക്കാൻ വയ്യാത്തവിധം സ്വരം താഴ്‌ന്നിരിക്കും. ക്ലാസെടുക്കുന്നത് വരാന്തയിൽ നിന്നാൽ കേൾക്കുക പോലുമില്ല. കൊച്ചു കൊച്ചു വാക്യങ്ങൾ. വർത്തമാനം പറയുന്ന മട്ട്. എങ്കിലും സംസാരഭാഷയല്ല. വാമൊഴിയല്ല, പകരം വരമൊഴിലാണ് സംസാരം. സ്ഫുടമായ ഉച്ചാരണം.

നീ എന്ന് ആരെയും വിളിക്കില്ല. ആൾ വടക്കനാണെങ്കിലും താൻ എന്നേ ആൺകുട്ടികളെയും പെൺകുട്ടികളെയും വിളിക്കൂ. ശാസിക്കുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ ഒന്നും ഈ നോട്ടമില്ല. ഗുണത്തിലും ദോഷത്തിലുമെല്ലാം ആൺ- പെൺകുട്ടികൾക്ക് തുല്യ പരിഗണനയാണ്. ആൺ‌-പെൺ സമത്വത്തിന്റെ ഈയൊരനുഭവം പിൽക്കാല ജീവിതത്തിൽ ഞങ്ങൾക്ക് വലിയ നേട്ടമായിത്തീർന്നിട്ടുണ്ട്. ക്ലാസിനെ മൊത്തം ഒറ്റ വ്യക്‌തിത്വമായിട്ടാണ് പ്രൊഫസർ കണ്ടിരുന്നത്. ആരെങ്കിലും ഒരാൾ വൈകുകയോ വരാതിരിക്കുകയോ ചെയ്‌താൽ അന്ന് ക്ലാസില്ല. ഒരാളുടെ പെരുമാറ്റത്തിൽ വല്ല പന്തികേടും വന്നു പോയാൽ ക്ലാസിനെ മൊത്തം ദേഷ്യപ്പെടും.

ഒരിക്കൽ ക്ലാസിൽ ചോദിച്ചു:
ഞാൻ ചീത്ത പറയുന്നുണ്ടോ?
ഞങ്ങൾ ധൈര്യം സംഭരിച്ച് പറഞ്ഞു:
ഉണ്ട്.
അതെങ്ങനെ? നിങ്ങൾ ചീത്ത ചെയ്യുന്നു. ഞാൻ അതിനെപ്പറ്റി പറയുന്നു. രണ്ടും ഒരുപോലെ ചീത്തയാവുമോ? നിങ്ങളുടെ മലയാളഭാഷയിൽ അങ്ങനെയാണ് പറയുന്നത്. നിങ്ങൾ ഇനിമേൽ ഞാൻ നല്ല പറഞ്ഞു എന്ന് പരാതിപ്പെട്ടാൽ മതി.

ഇതാണ് തരം. പ്രൊഫസർ എപ്പോഴും ഞങ്ങളെ ചിരിച്ച് തോൽപ്പിച്ചു. ഞങ്ങൾ അതിൽ ആഹ്ലാദിച്ചു.

ഞങ്ങൾക്ക് അറിവുണ്ടാക്കിത്തരണം എന്ന കാര്യത്തിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. പക്ഷേ, ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഏണും കോണും ചെത്തിക്കളഞ്ഞ് അത് വെടിപ്പാക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ. പത്തുമണിക്ക് തുടങ്ങുന്ന ക്ലാസിന് ഒമ്പതരയ്‌ക്ക് ഞങ്ങൾ ഹാജരാകണം എന്നു നിർബന്ധിച്ചു. പ്രൊഫസർ എന്നും ഒമ്പതേകാലിന് എത്തിയിരുന്നു. നോട്ട് തരുന്ന സമ്പ്രദായമില്ല. ക്ലാസിൽ പറയുന്നതിൽ നിന്ന് കുറിപ്പെടുത്ത് ഞങ്ങൾ സ്വയം നോട്ടുണ്ടാക്കുകയായിരുന്നു. ആ നോട്ടുകൾ പലതും ലേഖനമായി പ്രസിദ്ധീകരിക്കാവുന്നതാണ്. എം എ കഴിഞ്ഞ് തൊഴിലില്ലാതിരിക്കുമ്പോൾ അവരവരുടെ പേര് വച്ച് അവ പ്രസിദ്ധീകരിച്ച് കാശുണ്ടാക്കാൻ പലതവണ ഞങ്ങളെ ഉപദേശിച്ചിട്ടുണ്ട്. ഞങ്ങൾക്കാർക്കും അതിന് ധൈര്യമുണ്ടായില്ലെന്ന് മാത്രം!

പ്രൊഫസറുടെ തമാശകൾ ഞങ്ങളുടെ ക്ലാസ് മുറികളെ എന്ന പോലെ ഒഴിവു വേളകളെയും പ്രസന്നമാക്കി. ഒരിക്കൽ ഒരു സഹപാഠി ഏതോ ഇംഗ്ലീഷ് വാക്ക് തെറ്റിച്ചു. പതിവു പോലെ കഥ വന്നു.

ഒരാൾ സ്‌റ്റേഷൻ മാസ്റ്ററോട് ചോദിച്ചു.
ഹു ഈസ് ദി സ്‌റ്റേഷൻ മാസ്‌റ്റർ ?
ഐ ഈസ് ദി സ്‌റ്റേഷൻ മാസ്‌റ്റർ.
ഓ, യൂ ആർ ദി സ്‌റ്റേഷൻ മാസ്‌റ്റർ?
യേസ്, ഐ ആർ ദി സ്‌റ്റേഷൻ മാസ്‌റ്റർ.

എം എൻ കാരശ്ശേരിയാണ് തന്റെ പ്രൊഫസർ ആയിരുന്ന അഴീക്കോട് മാസ്റ്ററെ സ്‌നേഹത്തോടെ സ്‌മരിക്കുന്നത്. കാരശ്ശേരിയുടെ രസകരമായ ലേഖനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം. ഡോ സുകുമാർ അഴീക്കോടിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ അഴീക്കോട് ജീവിതപ്രകാശം എന്ന പുസ്‌തകത്തിലാണ് ഈ ലേഖനം. ഒ എൻ വി, എം ടി, അക്കിത്തം, സുഗതകുമാരി, സി രാധാകൃഷ്‌ണൻ തുടങ്ങി 47 പേർ എഴുതിയ കുറിപ്പുകൾ. അഴീക്കോടു മാസ്‌റ്ററുടെ വ്യക്‌തിത്വത്തിന്റെ വിവിധ ഭാവങ്ങളാണ് ഈ കുറിപ്പുകളിലൂടെ വെളിപ്പെടുന്നത്.

buy nowക്ഷിപ്രകോപി, കടുപിടുത്തക്കാരൻ എന്നൊക്കെ തോന്നിപ്പിക്കുന്ന മാഷ് സ്‌നേഹോദാരതകൾക്കു മുൻപിൽ നിശ്ശബ്‌ദനും നിസ്സഹായനുമാവുന്ന കാഴ്‌ച അക്‌ബർ കക്കട്ടിലിന്റെ ലേഖനത്തിൽ കാണാം. കക്കട്ടിലിന്റെ വീട്ടിൽ സന്ദർശനത്തിനു വരികയാണ് മാഷ്. അമിത ഭക്ഷണം ഉണ്ടാക്കുന്ന ആപത്തുകളെപ്പറ്റിയായിരുന്നു വരുന്ന വഴിയിൽ മാഷ് കക്കട്ടിലിനോട് പറഞ്ഞതത്രയും. ആവശ്യത്തിനു മാത്രം കഴിക്കണം, അല്ലെങ്കിൽ അത് രോഗങ്ങളെ വിളിച്ചു വരുത്തലാകും അങ്ങനെയങ്ങനെ. എന്നാൽ അന്നു രാത്രി കക്കട്ടിലിന്റെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി മാഷ് കഷ്‌ടപ്പെട്ടു കഴിച്ചു തീർത്തത് ഓട്ടു പത്തിരി ചിക്കൻക്കറി, ചിക്കൻ ബിരിയാണി, കല്ലുമ്മക്കായ പൊരിച്ചത്, മറ്റനുബന്ധ വിഭവങ്ങളും കറികളും.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.