HOME

എന്റെ രാധേ ഉറക്കമായോ?

ente radhe urakkamayo
buy nowരഞ്ജിത്തിന്റെ കേരളാ കഫെ പ്രശസ്‌തസംവിധായകർ ചെയ്‌ത ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ്. അൻവർ റഷീദ് സംവിധാനം നിർവഹിച്ച ബ്രിഡ്‌ജ് അതിൽ ഒന്നത്രേ.

ചിത്രത്തിൽ സലിംകുമാറിന്റെ അമ്മയായി അഭിനയിക്കുന്നത് ശാന്താദേവി. പടം പിടുത്തം തുടങ്ങിയ നാൾ സലിം അടുത്തെത്തി ശാന്താദേവിയെ തൊഴുതു: ശാന്തേടത്തിയാ എന്റെ അമ്മ ഈ പടത്തിൽ!
ശാന്താദേവി വളരെ നിഷ്‌കളങ്കമായി സലിമിനോട് പറഞ്ഞു: നസീറിന്റെയും സത്യന്റെയും മധൂന്റെയും ഒക്കെ അമ്മയായിരുന്നതാ! ഇപ്പോ നിന്റൊക്കെ അമ്മയാകാനാ യോഗം!
പാവം സലിം ആസകലം ഒന്നുകൂടി കറുത്തു.

സലിമിനേക്കാൾ കരിങ്കറുപ്പായിരുന്നു സത്യന്. സത്യന് അതിൽ അല്പസ്വല്പം അപകർഷതയുണ്ടായിരുന്നെന്ന് തോന്നുന്നു. ഒരിക്കൽ ചെയ്‌ത പ്രസംഗം ഞാനോർക്കുന്നു. 1966 ഓഗസ്‌റ്റിലോ സെപ്‌റ്റംബറിലോ, ചങ്ങനാശേരി എസ് ബി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ യേശുദാസിന്റെ ഗാനമേള. ഉദ്ഘാടനം സത്യന്. വമ്പിച്ച പുരുഷാരം. സത്യൻ എല്ലാംകൊണ്ടും നല്ല മൂഡിലായിരുന്നു. പറഞ്ഞു തുടങ്ങി:

സാധാരണ ഇത്തരം പൊതുപരിപാടിക്കൊന്നും ഞാൻ പോകാറില്ല. സിനിമ കാണുന്ന നാട്ടുകാരുടെ വിചാരം ഞാൻ ചുവന്നു വെളുത്ത് കുമ്പളങ്ങാപ്പരുവത്തിലുള്ള ഒരു ചെറുപ്പക്കാരനാണെന്നാണ്. നേരിൽ കാണുമ്പോൾ ആളുകൾ അറിയാതെ വിളിച്ചു പറയും. അയ്യേ! ഇയ്യാളിത്ര വയസ്സനാണോ? ഇത്ര കറുമ്പനാണോ? ഞാൻ നസീറിനെപ്പോലെ സുന്ദരനാണെന്നും യുവകോമളനാണെന്നും കരുതുന്നവരെ എന്തിന് നിരാശപ്പെടുത്തണം? പിന്നെ ഇതിനു വന്നത്. എന്റെ സ്‌നേഹിതൻ അഗസ്‌റ്റിൻ ജോസഫിന്റെ മകനാണ് പാടുന്ന പയ്യൻ. അസ്സലായി പാടും. പാടിക്കോട്ടേ, വലിയ പാട്ടുകാരനാകട്ടെ. അതിനുള്ള കഴിവുണ്ട്. പക്ഷേ, പകരം വയസനും കറുമ്പനുമായ നമുക്കിട്ട് കേറി മുട്ടാൻ വരരുത്. ഇപ്പോൾ കായംകുളം കൊച്ചുണ്ണിയിൽ എന്റെ കൂടെ അഭിനയിക്കാൻ വന്നിരിക്കുന്നു! നമ്മളീ നിറോം, പ്രായവുമായി കഴിഞ്ഞുപോയ്‌ക്കോട്ടെ.!

സിനിമയിൽ അഭിനയിക്കാൻ നസീറിനു മേയ്‌ക്കപ്പ് വേണ്ട. സുകുമാരൻനായർക്കും ശ്രീധരൻനായർക്കും ജോസ്‌പ്രകാശിനും വേണ്ട റോസ്‌ പൗഡറും മറ്റും. എന്റെ കാര്യമതാണോ? വെളുപ്പിനെ തുടങ്ങും ആപാദചൂഡം പൗഡറടി. ഉള്ളംകാൽ തൊട്ട് ഉച്ചിവരെ. വീടുകൾക്ക് വെള്ളവലിക്കുന്ന ബ്രഷ് കൊണ്ടാണ് പൗഡറിടൽ. 2-3 മണിക്കൂർ വേണം വെള്ളപൂശാൻ; അത്രയും നേരം വേണം അതു കഴുകി കളയാനും…..

ഇങ്ങനെ ചില കൗതുകരമായ ഓർമക്കുറിപ്പുകളാണ് സി ആർ ഓമനക്കുട്ടന്റെ എന്റെ രാധേ ഉറക്കമായോ? സി ജെ, തിക്കുറിശ്ശി, കെ ജി ജോർജ്, ആനി തയ്യിൽ, ഗൗരിയമ്മ തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്തമേഖലകളിൽപ്പെട്ടവർ ഈ ഓർമക്കുറിപ്പുകളിൽ കടന്നു വരുന്നു.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.