HOME

സത്യത്തിന്റെ അടിവേരുകൾ

sathyathinte-adiverukal

BUY THIS BOOK @ INDULEKHA.BIZ

പി ഭാസ്കരനുമായി ചേർന്ന് ചന്ദ്രതാരയുടെ നീലക്കുയിലിനു രൂപം നൽകുകയും ആ ചിത്രം ദേശീയപ്രശസ്‌തി ആർജിക്കുകയും ചെയ്‌തതോടെയാണ് കാര്യാട്ടിലെ സിനിമാവൈഭവം സടകുടഞ്ഞെണീറ്റത്. മൂടുപടം കൂടി വിജയിച്ചതോടെ തകഴിയുടെ ചെമ്മീൻ സ്വന്തമായി സിനിമയാക്കാൻ അദ്ദേഹം കൊതിച്ചു. പക്ഷേ ചന്ദ്രതാരയുടെ ടി കെ പരീക്കുട്ടി കാര്യാട്ടിന്റെ സ്വന്തം പദ്ധതിയോട് യോജിച്ചില്ല. ചന്ദ്രതാരയുടെ ബാനറിൽ ചെമ്മീൻ നിർമിക്കണമെന്ന് ശഠിച്ചു.

ഇതിനിടെ യാദൃശ്ചികമായി പരിചയപ്പെട്ട ബാബു ഇസ്‌മായിൽ സേട്ട് എന്ന പത്തൊമ്പതുകാരൻ കാര്യാട്ടിന് ഒരു വെള്ളിവെളിച്ചമായി. കോടീശ്വരപുത്രനായി പിറന്ന ബാബുവിന് പണം ഒരു പ്രശ്നമായിരുന്നില്ല. സിനിമയോട് അയാൾക്ക് കടുത്ത ആഭിമുഖ്യമുണ്ടെന്ന് മനസിലാക്കിയ കാര്യാട്ട് ചെമ്മീന്റെ വിജയത്തെപ്പറ്റി ഒട്ടെറെ പ്രത്യാശകൾ വളർത്തി. 10 ലക്ഷം രൂപ കൊണ്ട് പടം തീർക്കാമെന്നു പറഞ്ഞപ്പോൾ ബാബു സമ്മതിച്ചു.

രണ്ടായിരം രൂപയായിരുന്നു മധുവിന്റെ പ്രതിഫലം. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് സത്യനായിരുന്നു 12, 500 രൂപ. മറ്റുള്ളവർക്കെല്ലാം അന്നത്തെ നിലയ്‌ക്ക് തരക്കേടില്ലാത്ത പ്രതിഫലം നൽകി. 8 ലക്ഷം രൂപ കൊണ്ട് മാസ്റ്റർകോപ്പി തയ്യാറായെങ്കിലും പ്രിന്റുകളടക്കം 14 ലക്ഷം രൂപയായി എന്നാണ് കണക്ക്.

1966 ഓഗസ്റ്റ് 19-ന് ചിത്രം റിലീസായി. കേരളത്തിലെ 14 കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൗസ്‌ഫുള്ളായിരുന്നു. നൂറിൽപ്പരം ദിവസങ്ങൾ മിക്ക തിയറ്ററുകളും ഈ ചിത്രം പ്രദർശിപ്പിച്ചു. എന്നാൽ ചെമ്മീന്റെ നിർമാതാവെന്ന നിലയിൽ പ്രശസ്‌തിയുടെ നെറുകയിൽ വിരാജിച്ചിരുന്ന ബാബുസേട്ട് ഒടുവിൽ തകർച്ചയുടെ നെല്ലിപ്പലക കണ്ടു. ഒരാൾക്കും ഉണ്ടാകാത്ത ദുരന്താനുഭവങ്ങളുടെ ബാക്കിപത്രവും പേറിയാണ്. ആ കോടീശ്വരപുത്രൻ കഥാവശേഷനായത്. 2005-ൽ വിടപറയുമ്പോൾ തികച്ചും പരിതാപകരമായ അവസ്‌ഥയിലായിരുന്നു അദ്ദേഹം.

ഈ സ്‌ഥിതിവിശേഷത്തിന് ചെമ്മീൻ സിനിമയുമായി ബന്ധമുണ്ട്. അക്കാര്യം ശരിക്കറിയാവുന്നവർ ആ ദുരന്തചിത്രങ്ങൾ വരച്ചുകാട്ടുന്നു. ചെമ്മീൻ ആദ്യറൗണ്ട് കളക്ഷനിൽ നിന്ന് കിട്ടിയ കനത്ത ലാഭം 40 ലക്ഷം രൂപയാണ്. പക്ഷേ, പിന്നീടു വന്ന ലക്ഷങ്ങൾ പല പോക്കറ്റുകളിലായി. ചില്ലിക്കാശുപോലും നിർമാതാവിന്റെ കണക്കിലില്ലാതായി. ഇരുപതുകാരനായ നിർമാതാവിനെ വട്ടം കറക്കി, കിട്ടിയതൊക്കെ തട്ടിയെടുക്കാൻ ഉപജാപകവൃന്ദം നടത്തിയ കുടിലതന്ത്രങ്ങളുടെ കഥകൾ വളരെക്കഴിഞ്ഞാണ് പുറത്തുവന്നത്.

കാര്യാട്ട് കൺമണി ഫിലിംസ് എന്ന ബാനർ ബാബുസേട്ടിന് കൈമാറ്റം ചെയ്യുകയായിരുന്നു. രാധാകൃഷ്‌ണഫിലിംസിന്റെ മാനേജർ രാമചന്ദ്രയ്യർ കൺമണിയുടെ ജനറൽ മാനേജരായി. രാധാകൃഷ്‌ണഫിലിംസ് ഉടമയെ കുത്തുപാളയെടുപ്പിച്ച കുറെ റപ്രസന്റേറ്റീവുകളും അയ്യരോടൊപ്പം കൺമണിയിലെത്തി, അവർ തിയറ്ററുകളിൽ നിന്ന് കിട്ടുന്ന ഷെയറിന്റെ ഇരുപത്തഞ്ചിൽ ഒന്നു പോലും നിർമാതാവിനു നൽകാതെ സ്വന്തം കീശയിലാക്കി. നാട്ടിലെയും മറുനാട്ടിലെയും തിയേറ്ററുകളിൽ ഒരേ പോലെ വെട്ടിപ്പു നടന്നു. ചെമ്മീനിൽ നിന്നു കിട്ടിയ പണം മാത്രം ഉപയോഗിച്ച് ഒരു റപ്രസന്റേറ്റീവ് കൂറ്റൻ വീടു പണിതു. അയാൾ അല്പം നന്ദി കാട്ടി, വീടിനു കൺമണി ഹൗസ് എന്നു പേരി്ട്ടു.

ചെമ്മീൻ അടക്കം നാല് ചിത്രങ്ങൾ വിതരണം ചെയ്‌ത കൺമണി ഫിലിംസ് അടച്ചുപൂട്ടുമ്പോഴേക്കും ബാബുസേട്ട് തകർച്ചയുടെയും തളർച്ചയുടെയും അഗാധഗർത്തത്തിലായിക്കഴിഞ്ഞിരുന്നു.

ഇങ്ങനെ കേരളത്തിന്റെ പൊതുജീവിതത്തിൽ നിറഞ്ഞുനിന്നിരുന്ന ചില വ്യക്‌തികളുടെ സങ്കീർണമായ ജീവിതാനുഭവങ്ങൾ അവതരിപ്പിക്കുകയാണ് വിതുര ബേബി ഈ പുസ്‌തകത്തിലൂടെ. സത്യത്തിന്റെ അടിവേരുകളിൽ ആകെ 31 ലേഖനങ്ങളാണുള്ളത്. നമ്മെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും വിസ്‌മയിപ്പിക്കുകയും ചെയ്യുന്നു ഇവയോരോന്നും. പി പത്മരാജൻ, കാക്കനാടൻ, പി കേശവദേവ്,  നടൻ മധു, നടി പദ്‌മിനി, കെ കരുണാകരൻ, രാമു കാര്യാട്ട്, വേളൂർ കൃഷ്‌ണൻ കുട്ടി, അടൂർഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ ജീവിതത്തിൽ നിന്ന് ചില മുഹൂർത്തങ്ങൾ.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.