അറിയാത്തത്; അറിയേണ്ടത്
ഞാൻ എഴുതാൻ പോകുന്നത് ഒരനുമോദനക്കുറിപ്പാണ്. കഥാനായകൻ ഏവരുടെയും മാന്ത്രികപുരുഷനായി മാറിയ രജനീകാന്താണ്. ഇന്നേക്ക് മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് ചെന്നൈയിൽ വച്ച് ഈ മനുഷ്യനെ എനിക്ക് ആദ്യമായി പരിചയപ്പെടുത്തി തരുന്നത് മരിച്ചുപോയ നടൻ ശ്രീനാഥാണ്. “സർ, എന്റെ പേര് ശിവാജിറാവു. ഞാൻ ഫിലിം ചേംബറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ ആക്‌ടിങ്ങ് കോഴ്സിനു പഠിക്കുന്നു.” അയാൾ കൈയിലിരുന്ന സിഗരറ്റ്
മുകളിലേക്ക് വലിച്ചെറിഞ്ഞു. കീഴോട്ടുള്ള പതനത്തിനിടയിൽ അത് ചുണ്ടിൽ കോർത്തു. വിജയഭാവത്തിൽ എന്നെ നോക്കി. ഞാനാ രൂപം ശ്രദ്ധിച്ചു.
അനാകർഷകമായ നിറം, അലസമായ ചെമ്പിച്ച മുടി, നീല പാന്റ്, ചുവന്ന ഷർട്ട്, കൈയിൽ വെള്ളിവളകൾ, അമിതമായ പുകവലികൊണ്ടാവാം കറുത്തു വരണ്ട ചുണ്ടുകളും കറപിടിച്ച പല്ലുകളും. ഇതിനെയെല്ലാം അതിജീവിക്കാനുള്ള വ്യഗ്രത കൊണ്ടാവാം ആവശ്യത്തിനും അനാവശ്യത്തിനും അട്ടഹാസം.- ഹ….ഹ….ഹ!
മൊത്തത്തിൽ ഒരപൂർവമായ ചേരുവ. തുറന്നു പറയട്ടെ, ഒറ്റനോട്ടത്തിൽ എനിക്ക് ഇഷ്‌ടപ്പെട്ടില്ല. ജീവിക്കാനാണെങ്കിൽ വേറെ വല്ല വഴിയും തേടിപ്പോയാൽപ്പോരേ എന്ന് മനസിൽ തോന്നിയതും തുറന്നു സമ്മതിക്കട്ടെ. ഒരു സിനിമാപത്രപ്രവർത്തകനെന്ന നിലയിൽ എന്റെ ശമ്പളം വളരെ തുച്ഛമായിരുന്നു. എന്നാൽ ഞായറാഴ്‌ചകളിൽ ഞാനും എന്നെപ്പോലെയുള്ള അരപ്പട്ടിണിക്കാരും വുഡ്‌ലാൻഡ്സ് ഹോട്ടലിന്റെ ഡ്രൈവ് ഇൻ റെസ്‌റ്റോറന്റിൽ പ്രാതലിനായി ഒത്തുകൂടും. മിക്കവാറും ഒരു നല്ല സിനിമാക്കൂട്ടം അവിടെയുണ്ടാകും. ഞാനും ശിവാജിയും അവിടെ വച്ച് സുഹൃത്തുക്കളായി.
അങ്ങനെയിരിക്കെ ഒരു ദിവസം ശിവാജി എനിക്കൊരു കവർ തന്നിട്ട് പറഞ്ഞു. വണക്കം സാർ, ഇതെന്റെ ഒരു ഫോട്ടോയാണ്. ഈ പടമൊന്നു മലയാളത്തിലടിച്ചു വന്നാൽ.. എനിക്കു മലയാളത്തിൽ അഭിനയിക്കാൻ ഇഷ്‌ടമാണ് സാർ. ഞാൻ സസന്തോഷം കവർ വാങ്ങി. എന്നാൽ വേണ്ടതു ചെയ്യാനായില്ല. ഹെഡ് ഓഫീസ് അധികാരികൾ അതു തഴഞ്ഞു. പിന്നെ ശിവാജിയുടെ മുൻപിൽപ്പെടാതെ നോക്കി.
പിന്നെ എ വി എം സ്റ്റുഡിയോയിൽ വച്ചാണ് വീണ്ടും മുഖാമുഖം കാണുന്നത്. നാലഞ്ചു പോലീസുകാരിൽ ഒരാളായി ശിവാജി.
ശിവാജിറാവു: വണക്കം സർ. പിന്നെ കണ്ടതേയില്ല. സാറുമില്ല, തന്ന ഫോട്ടോയുമില്ല. ഹ….ഹ… ഹ….ഹ…!
ഫോട്ടോ വൈകാതെ വരുമെന്ന് പറഞ്ഞ എന്നോട് ശിവാജി പറഞ്ഞു.
അതു സാരമില്ല സർ. വരുമ്പോൾ വരട്ടെ. വരേണ്ടത് എന്തായാലും വരാതിരിക്കില്ല. കണ്ടില്ലേ, ഇന്നിപ്പോൾ ഞങ്ങൾ വെറും കോൺസ്റ്റബിൾമാർ. സെറ്റിലെ പൂച്ചട്ടിക്കു പകരം സ്ഥലം നിറയ്‌ക്കാൻ പറ്റിയ പ്രോപ്പർട്ടി. നാളെ ഇതു മൂത്ത് ഹെഡ്‌കോൺസ്റ്റബിളാവും. പിന്നെ സബ് ഇൻസ്‌പെക്‌ടറാകും… അങ്ങനെ… അങ്ങനെ…..ഹ ഹ ഹാ!
ആ ചിരിയിൽ തികഞ്ഞ ആത്മവിശ്വാസം. എവിടെയോ ഒരു സമചിത്തത; ആത്മസംയമനം.
പിന്നെ കുറെനാൾ തമ്മിൽ കണ്ടില്ല. ഒരു നാൾ ശ്രീവിദ്യ വിളിച്ചതനുസരിച്ച് അഡയാറിലെ സത്യാസ്‌റ്റുഡിയോയിൽ ഞാൻ ചെന്നു. ക്യാമറയ്‌ക്കു മുന്നിൽ കമലഹാസൻ. സംവിധായകൻ ബാലചന്ദർ കട്ട് പറഞ്ഞതും ഫോട്ടോഗ്രാഫർമാർ കമലിനെ റാഞ്ചിപ്പറന്നു. അവരിൽ നിന്നകലെ ഒരു കസേരയിൽ ശിവാജി റാവു- പതിവു പ്രച്ഛന്നവേഷമില്ല, കറുത്ത കണ്ണടയുമില്ല. കഥാപാത്രത്തിന്റെ മുഷിഞ്ഞ വേഷം, കുറ്റിത്താടി, കൈയിലൊരു ബീഡി. കസേരയിൽ രജനി തന്റെ ഊഴം കാത്തിരിക്കുന്നതു പോലെ. ശ്രീവിദ്യ നടന്നു നീങ്ങിയപ്പോൾ കസേരയിൽ നിന്ന് എഴുന്നേറ്റ് വിനയാന്വിതനായി തൊഴുന്നു ശിവാജി.
അപൂർവരാഗങ്ങളെന്ന ബാലചന്ദർ ചിത്രത്തിന്റെ ഷൂട്ടിംഗാണ് നടക്കുന്നത്. ഒരു ചെറിയ വേഷം ശിവാജിറാവുവിനുണ്ട് – ശ്രീവിദ്യയുടെ ഭർത്താവായിട്ട്. എന്നാൽ ചിത്രത്തിലെ നായകനായി അഭിനയിക്കുന്ന മൂഡിലാണയാൾ.
എന്നെ കണ്ടതും ശിവാജി പറഞ്ഞു. ചെറുതാണെങ്കിലും നല്ല വേഷമാണ് സർ. ബാലചന്ദർ സർ എനിക്കു പുതിയ പേരും തന്നു- രജനീകാന്ത്. ഇനി മുതൽ ഞാൻ ശിവാജിറാവുവല്ല. രജനീകാന്താണ്. നിങ്ങളും അങ്ങനെയേ വിളിക്കാവൂ.
വേഷം ചെറുതായതു കൊണ്ടാണോ ഫോട്ടോഗ്രാഫർമാർക്ക് നിങ്ങളെ വേണ്ടാത്തത്?
രജനി: ചെറുതല്ലേ സർ വലുതാവുന്നത്? വലുതല്ലേ സർ വലുതായി ബ്രഹ്മാണ്ഡമാവുന്നത്? ഹ….ഹ… ഹ….ഹ…!
ആ ശബ്ദത്തിൽ ഒരു സ്വാമിയുടെ സാന്നിധ്യം. പിൽക്കാലത്ത് രജനി രാഘവേന്ദ്രസ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ചപ്പോൾ ഈ വാക്കുകൾ ഞാൻ ഓർമിച്ചു. തിരികെ ഞാൻ വന്നത് വിദ്യയ്‌ക്കൊപ്പം കാറിലായിരുന്നു. എന്റെ മനസ്സിൽ ആരും ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ട രജനിയുടെ മുഖം തെളിഞ്ഞു.
എല്ലാ പത്രക്കാരും കമലിനു റോന്തുചുറ്റി, പുതുമുഖമായ രജനിയെ അവഗണിച്ചത് ശരിയാണെന്നു തോന്നുന്നുണ്ടോ?
അതൊന്നും സാരമില്ല. വിദ്യ പറഞ്ഞു. ബാലുജി നോക്കിക്കൊള്ളൂ: നാളത്തെ സൂപ്പർസ്റ്റാർ രജനിയാണ്.
രജനിയുടെ പേരിനു മുൻപിൽ സൂപ്പർസ്റ്റാർ എന്ന പദവി ഞാൻ ആദ്യമായി കേട്ടത് വിദ്യയിൽ നിന്നാണ്. വിദ്യയുടെ വാക്കുകൾ പൊന്നായി. രജനി സ്‌റ്റാറായി. സൂപ്പർ, മെഗാസ്റ്റാറായി. ഇപ്പോൾ യന്തിരൻ എന്ന ചിത്രത്തിലൂടെ ഇന്റർനാഷണൽ സ്റ്റാറുമായി. പൊതുവേദികളിൽ കഷണ്ടിത്തലയും നരച്ച താടിയും തന്റെ സ്വന്തമെന്ന് ധൈര്യപൂർവം പ്രദർശിപ്പിക്കുന്ന സാധാരണക്കാരന്റെ സൂപ്പർസ്റ്റാർ! രജനിയുടെ വാക്കുകൾ കടമെടുത്താൽ ക്യാമറയ്‌ക്കു മുന്നിൽ ഹീറോ, ക്യാമറയ്ക്കു പിന്നിൽ സീറോ.
ഒരിക്കൽ രജനിയോട് ഞാൻ തമാശരൂപേണ ചോദിച്ചു. മലയാളത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞല്ലോ? അവിടെ നസീർ, മധു തുടങ്ങിയ പടക്കുതിരകൾ വിലസുന്ന യുദ്ധഭൂമിയിൽ നിങ്ങൾ എന്തു ചെയ്യാനാണ്?
ഞാനും ഓടും. എനിക്കറിയാം മലയാളത്തിൽ ഞാനൊരു ഞൊണ്ടിക്കുതിരയാണെന്ന്. ഞൊണ്ടിക്കുതിര പടക്കുതിരകളുടെ മുന്നിൽ തോൽക്കുന്നത് സഹജം. പക്ഷേ, ഞാൻ ചിന്തിക്കുന്നത് ഒരു പക്ഷേ, എങ്ങാനും ജയിച്ചാലോ? ഹ….ഹ… ഹ….ഹ…!
അതെ രജനി ഓടുകയാണ്. പടക്കുതിരകളെ പിന്തള്ളി തമിഴ്‌നാട് കടന്ന്, ഇന്ത്യ താണ്ടി, ലോകത്തിന്റെ നെറുകയിലൂടെ യന്തിരൻ എന്ന ചിത്രവുമായി കുതിക്കുകയാണ്. നമുക്കും കൈയടിക്കാം; ഒരു തവണയെങ്കിലും. ഈ ലേഖനം രജനിയുടെ അറിവിലുള്ളതല്ല, അതു കൊണ്ടു തന്നെ ഈ എഴുത്തിനും ആരോടും ബാദ്ധ്യതയില്ല. ഹ….ഹ… ഹ….ഹ…!
ബാലചന്ദ്രമേനോന്റെ 16 രസകരമായ ഓർമക്കുറിപ്പുകൾ അടങ്ങിയ പുസ്‌തകമാണ് അറിയാത്തത്; അറിയേണ്ടത്. അതിൽ ഹ….ഹ… ഹ….ഹ…! രജനി സ്‌റ്റൈൽ എന്ന ലേഖനത്തിന്റെ സംക്ഷിപ്ത രൂപമാണ് നിങ്ങൾ വായിച്ചത്. മാതൃഭൂമിയുടെ വാരാന്ത്യപതിപ്പിൽ ആണ് ഈ ലേഖനം ആദ്യം വന്നത്. തുടർന്ന് രജനികാന്ത് മേനോനെ വിളിച്ച് ഭൂതകാലം ഓർമിപ്പിച്ചതിനു നന്ദിയും പറഞ്ഞു.
നെത്തോലിയും സ്രാവും, കഥ മാധവീയം, പറന്ന് പറന്ന് പറന്ന്, നിന്നെ ഞാൻ എന്തു വിളിക്കും, ആരും കാണാത്ത സന്യാസിയും ഒരു വീൽച്ചെയറും തുടങ്ങി വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന കുറിപ്പുകൾ. ഒ എൻ വി കുറുപ്പിന്റെ അവതാരിക.



