പ്രിയ അഴീക്കോട് മാഷിന് യാത്രാമൊഴി

Dr Sukumar Azheekkodu
മലയാളിയുടെ ഭാഷയേയും ചിന്തയേയും അലങ്കരിക്കുകയും അമ്പരപ്പിക്കുകയും ചിലപ്പോഴെങ്കിലും അലോസരപ്പെടുത്തുകയും ചെയ്‌ത ആ ശബ്‌ദസൗകുമാര്യം ഇനി മുഴങ്ങുന്നത് നമ്മുടെ മനസ്സിൽ മാത്രമായിരിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായിരുന്ന ഡോ. സുകുമാർ അഴീക്കോടിന്, പ്രിയ അഴീക്കോട് മാഷിന്, ഇന്ദുലേഖയുടെ സ്നേഹനിർഭരവും ദുഃഖഭരിതവുമായ യാത്രാമൊഴി! ന്യൂ ഡൽഹിയിൽ നാഷണൽ ബുക് ട്രസ്‌റ്റിന്റെ മലയാളം എഡിറ്ററായ റൂബിൻ ഡിക്രൂസ് മാഷിനെ അനുസ്‌മരിക്കുന്നു.
അഴീക്കോടിന്റെ രാഷ്ട്രീയം മൊത്തമായി പരിശോധിക്കാനുള്ള ഒരു അവസരമാണിതെന്നാണ് ഞാൻ കരുതുന്നത്. എന്തുകൊണ്ടാണ് സുകുമാർ അഴീക്കോട് വ്യക്തിപരമായി ആക്രമിക്കപ്പെട്ടിരുന്നത്? കേരളത്തിലെ എഴുത്തുകാർ പൊതുകാര്യങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ട്, രാഷ്ട്രീയ ഇടപെടലുകളും നടത്താറുണ്ട്. പക്ഷേ, ഇതിനു പകരമായി അഴീക്കോട് മാഷെപ്പോലെ ഇത്രയേറെ വ്യക്തിപരമായി ആക്രമിക്കപ്പെട്ട എഴുത്തുകാർ ഇല്ല.
അഴീക്കോട് എന്നും ഒരു വാഗ്‌ഭടാനന്ദ ശിഷ്യനായിരുന്നു. അവർണ നവോത്ഥാനത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിനെന്നും ഉണ്ടായിരുന്നത്. യൗവനകാലത്ത് ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എഴുതിക്കൊണ്ടാണ് ആശാന്റെ സീതാകാവ്യകാരന്റെ യുദ്ധം തുടങ്ങുന്നത്. മലയാള സാഹിത്യത്തറവാട്ടിലെ എത്ര വലിയ ചക്രവർത്തി ആയിരുന്നു രാജ്യസഭാംഗവും ആദ്യത്തെ ജ്ഞാനപീഠ ജേതാവുമായ ശങ്കരക്കുറുപ്പ് എന്ന് അറിയുന്നവർക്കേ എത്ര വലിയ വിക്ഷോഭമാണ് ഈ ചെറുപ്പക്കാരൻ അന്നുണ്ടാക്കിയത് എന്നു മനസ്സിലാക്കാനാവൂ. മലയാളനാട് പത്രാധിപരായിരുന്ന എസ് കെ നായർ അഴീക്കോടിന്റെ പേരിന്റെ കൂടെ സുകുമാരൻ എന്നൊരു ചില്ലക്ഷരം ചേർത്തതിന് പകരമായി എസ് കെ നായരുടെ പേരിന്റെ അവസാനത്തെ ചില്ലക്ഷരം എടുത്തി മാറ്റി വിളിക്കട്ടെ എന്നു ചോദിച്ചതും ഇതേ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. എസ് കെ നായർ ഇംഗ്ളീഷിൽ എഴുതിയ ഒരു കാര്യത്തിലെ തെറ്റു ചൂണ്ടിക്കാണിച്ച അഴീക്കോടിനോട് മലബാറിലെ തീയന്മാരോളം ഇംഗ്ലീഷുകാരോട് തങ്ങൾക്ക് ബന്ധമില്ലെന്നും അതിനാൽ ഇംഗ്ലീഷിൽ തെറ്റു വരാമെന്നും ആക്ഷേപരൂപത്തിൽ പറഞ്ഞിട്ടാണ് എസ് കെ നായർ പേരിലേക്ക് കടന്നത്. പ്രൊഫ. എം എൻ വിജയന്റെ പ്രത്യക്ഷത്തിൽ പുരോഗമനപരമെന്നു തോന്നിക്കുന്ന രാഷ്ട്രീയത്തിന്റെ യാഥാസ്ഥിതിക ഉള്ളടക്കം മനസ്സിലാക്കുന്നതിനാലാണ് വിജയനെ അദ്ദേഹം എതിർത്തത്. തിലകനും മോഹൻലാലും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടുകൊണ്ട് നടത്തിയ അവസാനത്തെ യുദ്ധം പോലും അദ്ദേഹത്തിന്റെ ഈ പ്രവർത്തനത്തിന്റെ തുടർച്ചയാണ്.
തോക്കുമെടുത്ത് കാട്ടിലേക്കു പോയ ഇടതുതീവ്രവാദികളേക്കാളും അപകടകരമായ ഒരു രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ആ രാഷ്ട്രീയത്തെക്കാളും അന്ത്യജന്റെ ഉന്നതിക്ക് ഉതകിയത് അഴീക്കോടിന്റെ രാഷ്ട്രീയമായിരുന്നു. കേരളമെങ്ങും ഗ്രാമഗ്രാമങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളും അദ്ദേഹമെഴുതിയ ലേഖനങ്ങളും ഈ രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ ഭാഗമായിരുന്നു. ഇതേ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു സവർണ ഹിന്ദു വർഗീയതയ്‌ക്കെതിരായ നിശിത യുദ്ധവും. അദ്ദേഹം തൃശൂരിൽനടത്തിയ ഭാരതീയത പ്രഭാഷണം പോലെ ധീരമായ വർഗീയ വിരുദ്ധ പ്രവർത്തനം മറ്റേതെങ്കിലും എഴുത്തുകാർ നടത്തിയിട്ടുണ്ടോ?
ഈ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അർത്ഥം മനസ്സിലാക്കിയ എതിരാളികളാണ് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിച്ചത്. അദ്ദേഹം കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും കൂടെ മാറി മാറി നില്ക്കുന്നു എന്ന മട്ടിലുള്ള പ്രത്യക്ഷത്തിലുള്ള മനസ്സിലാക്കലിനു മാത്രം ശേഷിയുള്ളവരുടെ ഇടയിൽ അതിന് സ്വീകാര്യതയുണ്ടായി. കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും അപ്പുറത്തുള്ള രാഷ്ട്രീയം, എം കെ സാനുവിനെപ്പോലെ വ്യക്തിപരമായ കന്മഷമുള്ളവർക്കും രാഷ്ട്രീയത്തിന്റെ പ്രത്യക്ഷങ്ങൾ മാത്രം മനസ്സിലാകുന്നവർക്കും തലയ്‌ക്കു മുകളിലൂടെയാണ് പോകുന്നത്. അവരാണ് കരുണാകരനെ എതിർത്ത ഇദ്ദേഹത്തിന് എങ്ങനെ നായനാരെ എതിർക്കാൻ പറ്റും എന്നു ചോദിക്കുന്നത്. അല്ലെങ്കിൽ ചിലപ്പോൾ കോൺഗ്രസുകാരെ അനുകൂലിക്കാനും കമ്യൂണിസ്റ്റുകാരെ എതിർക്കാനും എങ്ങനെ കഴിയുന്നു എന്നു ചോദിക്കുന്നത്. അവരാണ് അദ്ദേഹത്തിന് അഭിപ്രായ സ്ഥിരതയില്ലായ്മ ഉണ്ട് എന്നും അദ്ദേഹം സ്ഥാനമാനങ്ങൾക്കായി നടക്കുന്നു എന്നും 18 വയസ്സുള്ളപ്പോൾ ഒരു സ്ത്രീക്ക് പ്രേമലേഖനം എഴുതി, പ്രസംഗത്തിന് യാത്രക്കൂലി വാങ്ങുന്നു എന്നുമൊക്കെ ആക്ഷേപിക്കുന്നത്.
സവർണ സാംസ്‌കാരിക മേധാവിത്വത്തിന്റെ കോട്ടകൊത്തളങ്ങളെ ഫലപ്രദമായും മെയ് വഴക്കത്തോടെയും നേരിട്ടതാണ് അഴീക്കോടിന് വ്യക്തിപരമായ ശത്രുക്കളെ ഉണ്ടാക്കിയത്. ശ്രീനാരായണീയരെ ഇത്രയും രൂക്ഷമായി വിമർശിച്ച മറ്റൊരാളില്ല. ഇതും മുകളിൽ പറഞ്ഞ അവർണ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ്. എസ് എൻ ഡി പിയും മുസ്ലിം ലീഗുമാണ് അവർണ രാഷ്ട്രീയം എന്ന ധാരണ അഴീക്കോടിനുണ്ടായിരുന്നതായി തോന്നിയിട്ടില്ല. ഭാരതീയ ചിന്തയിലുള്ള അദ്ദേഹത്തിന്റെ ക്ലാസ്സിക്കൽ ജ്ഞാനവും ഗാന്ധിയൻ ചിന്തയിലുള്ള ഊന്നലും എന്നും ഈ രാഷ്ട്രീയ മണ്ഡലത്തിൽ അദ്ദേഹത്തെ സ്വീകാര്യനാക്കി. ഗാന്ധിജിയും ഇത്തരം ഒരു രാഷ്ട്രീയ തന്ത്രമാണ് പ്രയോഗിച്ചിരുന്നത്.
അഴീക്കോട് അടിയന്തരാവസ്ഥയെ എതിർത്തില്ല എന്നത് ശരിയാണ്. അത്തരം ഒരു നിലപാട് ആർജവമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനിൽനിന്ന് ഉണ്ടാവാൻ പാടില്ലായിരുന്നു. പക്ഷേ, അഴീക്കടിന്റെ പ്രവർത്തനമണ്ഡലം അതല്ലായിരുന്നു എന്നാണ് എന്റെ വാദം. കുമാരനാശാൻ പട്ടും വളയും വാങ്ങിയതിനു തുല്യമായ ഒന്നാണിതെന്നാണ് എന്റെ അഭിപ്രായം. സങ്കീർണമാണ് അത്. ഇതിനു സമാനമാണ് വിമോചനസമരകാലത്തെ അഴീക്കോടിന്റെ പങ്കും.
അഴീക്കോടു മാഷുമായി ഹ്രസ്വമെങ്കിലും ഊഷ്മളമായ ഒരു ബന്ധം എനിക്കുണ്ടായിരുന്നു. അദ്ദേഹം ചെയർമാനായിരിക്കെയാണ് ഞാൻ എൻ ബി ടിയിൽ മലയാളം എഡിറ്ററായി ചേരുന്നത്. എൻ ബി ടിയിലെ ഇന്റർവ്യൂ ബോർഡിൽ വച്ചാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്. അന്നു മുതൽ എന്നോട് എന്നും അദ്ദേഹത്തിന് വലിയ വാത്സല്യമായിരുന്നു. എനിക്ക് തിരിച്ച് പൂർണമായ ബഹുമാനവും. തിരുവനന്തപുരം പുസ്തകമേളയിൽ വച്ചാണ് ഏറ്റവും അവസാനം കാണുന്നത്. ആരോമൽ എന്ന് എന്റെ മകനെ പരിചയപ്പെടുത്തിയപ്പോൾ, അവന് മലയാളത്തിൽ പേരിട്ടതിൽ അദ്ദേഹത്തിന്റെ സന്തോഷപ്രകടനമായിരുന്നു ഞങ്ങളുടെ അവസാന സംഭാഷണം.
അഴീക്കോട് മാഷിന് ആദരാജ്ഞലികൾ.



പ്രതികരണ ശേഷിയില്ലാത്ത കേരളത്തെ തനിച്ചാക്കി, പ്രതികരിക്കുന്ന മാഷ് യാത്രയായി. പ്രണാമങ്ങള്‍!
സാംസ്‌കാരിക നായകന്‍ അഴീക്കോട് മാഷിന് എന്റെ ആദരാജ്ഞലികള്‍
ആദരാഞ്ജലികള്‍
Malayalathinne Swantham Vaakchathuryam Ivide Avasaanichu. Pranam Niroopaka Nayakanu Nadinne Yaathramozhi. Charithram Orkkum Eea Yuga Prabhavane.