സ്മാർത്തവിചാരം
പി ഭാസ്‌കരനുണ്ണിയുടെ സ്മാർത്തവിചാരം നിരത്തിവയ്‌ക്കുന്നത് ചില നടുക്കുന്ന കാഴ്‌ചകളാണ്. ഒരു പക്ഷേ, ഇന്നത്തെ തലമുറയിൽപ്പെട്ട നമ്പൂതിരിമാർക്കും അന്തർജനങ്ങൾക്കും പോലും കെട്ടുകഥയെന്നു തോന്നും വിധം വിചിത്രമാണ് അദ്ദേഹം തൊട്ടുകാട്ടുന്ന വസ്‌തുതകൾ. എന്നാൽ രേഖകളും സാക്ഷ്യങ്ങളും സഹിതമാണ് ഓരോ കാര്യങ്ങളും ഭാസ്കരനുണ്ണി വിശദീകരിക്കുന്നത്. അങ്ങേയറ്റത്തെ നീതികേടിനും നിർദ്ദയത്വത്തിനും ഇരയായിരുന്നു അന്ന് അന്തർജനങ്ങൾ. ബാല്യം മുതൽ അനുഭവിക്കേണ്ടി വരുന്ന അനീതിയും അവഗണനയും, കൂടാതെ പാലിക്കാൻ ഒരായിരം നിയമങ്ങളും.
സ്‌ത്രീകൾ പുലർച്ചയ്‌ക്കെഴുന്നേറ്റ് കയ്യും കാലും മുഖവും കഴുകി വസ്‌ത്രം മാറ്റിയുടുത്ത് വീണ്ടും കയ്യും കാലും മുഖവും കഴുകി സൂര്യോദയത്തിനു മുമ്പായി അടിച്ചുതളിയെല്ലാം കഴിക്കണം. പിന്നെ തൈരു കലക്കണം. ( ഈ തൈരുകലക്കിനു വീണ്ടുമുണ്ട് കുറേയേറെ നിയമങ്ങൾ). അനന്തരം പാത്രങ്ങൾ തേച്ചുമുക്കണം. പിന്നെ പശുക്കളെ കറക്കണം. ഭർത്താവ് ഉണ്ണുന്നതിനുമുമ്പോ ഭർത്താവൊന്നിച്ചോ ഉണ്ണരുത്. പത്നി ഭർത്താവ് ഉണ്ട ഇലയിൽ തന്നെ ഉണ്ണണം. ഭർത്താവിനു വിരോധമായി ഒരു വാക്കു പോലും പറയരുത്. ഭർത്താവിന്റെ കാൽ കഴുകിയ വെള്ളം ഭാര്യയ്‌ക്ക് ഗംഗാ തീർഥത്തിനു തുല്യം. സ്‌ത്രീകൾക്കു വേദോച്ചാരണം കേൾക്കാൻ പാടില്ല. അധികം വിദ്യാഭ്യാസം ആവശ്യമില്ല. പാട്ടുപാടുകയും കളിക്കുകയുമരുത്. ഭർത്താവൊഴിച്ച് മറ്റൊരു പുരുഷനെയും കാണാൻ പാടില്ല. പുറത്തിറങ്ങി നടക്കുമ്പോൾ മറക്കുടയും സഹായികളും വേണം. രാത്രി വഴി നടക്കരുത്. ഉത്സവകാലങ്ങളിൽ അമ്പലത്തിൽ പോകരുത്. ഇങ്ങനെ ഒരായിരം നിയമങ്ങൾ.
ഒരിക്കലും അവസാനിക്കാത്ത അടുക്കളപ്പണിയും വ്രതങ്ങളും പുറമേയും. ഈ വ്രതങ്ങൾക്കെല്ലാം പ്രത്യേകം ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കണം. എന്നാൽ തങ്ങൾ വെച്ചുണ്ടാക്കുന്ന സാധനങ്ങളുടെ രുചി നോക്കാൻ പോലും ഇവർക്കു പലപ്പോഴും കഴിയാറില്ല. നമ്പൂരികളുടെയും കുട്ടിപ്പട്ടന്മാരുടെയും വഴിപ്പോക്കരുടെയും ശാപ്പാടു കഴിയുമ്പോൾ അധികമൊന്നും ബാക്കി കാണാത്തതു തന്നെ കാരണം. രണ്ടു നേരം വിശപ്പടങ്ങാൻ എന്തെങ്കിലും ആഹാരം, അത്യാവശ്യം തുണിയും അല്പം എണ്ണയും, തണുപ്പുകാലത്ത് കിടക്കാൻ ഒരു വിരിയോ പുതപ്പോ.. ഇതു മാത്രമായിരുന്നു ആ പാവം സ്‌ത്രീകളുടെ ആവശ്യവും.
ഇല്ലത്തിലെ മൂത്തമഹനു മാത്രമേ വേളിയുള്ളൂ. ഭാര്യയുണ്ടെങ്കിലും പുനർവിവാഹം എത്ര വേണമെങ്കിലുമാകാം. പ്രായം എൺപതായാലും പുനർവിവാഹവധുവിന് 11 വയസ്സാണെങ്കിലും ആരും പഴി പറയില്ല. അതാണല്ലോ കീഴ്‌വഴക്കം. അന്യസമുദായ സംബന്ധങ്ങളും എത്രയെങ്കിലും പുറമേയാകാം. അന്തർജനങ്ങൾക്കു പുനർവിവാഹമേയില്ല. കന്യകകളും ബാല/ യുവവിധവകളും ധാരാളം. ഭർത്താവുണ്ടെങ്കിലും സപത്നി ശല്യത്തിന് അവസാനമുണ്ടാകില്ല. ഇതിനിടെ അന്തർജനം തികഞ്ഞ നിസ്സംഗതയോടെ മനപ്പറമ്പിൽ നിൽക്കുന്ന അന്യപുരുഷനു സമീപത്തു കൂടി പോയാൽ, മിഴിയോ മൊഴിയോ കൊണ്ട് മാനുഷികമായി സാധാരണയായ ഒരന്വേഷണം നടത്തിയാൽ ഉണ്ടാവുന്ന അവസ്‌ഥ ക്രൂരവും പൈശാചികവുമത്രേ. ഉടൻ വന്നു സ്‌മാർത്തവിചാരം. കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ അവരെ സമുദായത്തിൽ നിന്ന് ബഹിഷ്‌കരിക്കുന്നു. ഈ സ്‌ത്രീകൾ അതോടെ തികച്ചും നിരാലംബരാകുന്നു. ചിലരെ കുറ്റാരോപിതനായ പുരുഷൻ സംരക്ഷിക്കും. ചിലർ വ്യഭിചാരവൃത്തിയിൽ ഏർപ്പെടുന്നു. കോഴിക്കോട്ടെ ചെട്ടിയാർ ഏറ്റെടുക്കുന്നവരുടെ എണ്ണവും കുറവല്ല.
സ്‌മാർത്തവിചാരത്തിന്റെ എല്ലാം വിശദാംശങ്ങളുമുണ്ട് ഈ പുസ്‌തകത്തിൽ. എന്താണ് സ്‌മാർത്തവിചാരം? എന്തൊക്കെയാണ് അതിന്റെ നടപടി ക്രമങ്ങൾ? നിരവധി സ്‌മാർത്തവിചാരക്കേസുകൾ ഇതെല്ലാം ഭാസ്കരനുണ്ണി വിശദമായി എഴുതിയിട്ടുണ്ട്. പ്രസിദ്ധമായ താത്രിക്കുട്ടി സ്‌മാർത്ത വിചാരക്കേസ് വളരെ വിസ്‌തരിച്ചു തന്നെ ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രൊഫ വിഷ്‌ണുനാരായണൻ നമ്പൂതിരിയുടെ അവതാരിക.



