കുമാരനാശാന്റെ പ്രജാസഭാപ്രസംഗങ്ങൾ
മലയാളത്തിലെ ശ്രദ്ധേയനായ മഹാകവിയാണ് കുമാരനാശാൻ. ആ കവിതകൾ ഇന്നും ആസ്വദിക്കപ്പെടുന്നു, പഠിക്കുന്നു, അതേക്കുറിച്ച് പഠനങ്ങളും കുറിപ്പുകളുമിറങ്ങുന്നു. എന്നാൽ ആശാന്റെ സാമൂഹ്യ-രാഷ്‌ട്രീയ പ്രവർത്തനങ്ങൾ അത്രയ്‌ക്ക് ശ്രദ്ധിക്കപ്പെട്ടിട്ടില്ല. സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലും കുമാരനാശാൻ ഒരു വിപ്ലവ ജനാധിപത്യവാദി ആയിരുന്നുവെന്ന് ആശാനെപ്പറ്റി ഗാഢമായി പഠിക്കുന്നവർക്ക് ബോധ്യമാകും.
ആശാൻ പൊതുവേദിയിൽ നടത്തിയ പ്രസംഗങ്ങളും പ്രജാസഭാപ്രസംഗങ്ങളും വിവേകോദയത്തിന്റെയും പ്രതിഭയുടെയും പത്രാധിപർ എന്ന നിലയിൽ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും അധികം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആ പ്രജാസഭാപ്രസംഗങ്ങളിൽ ചിലതെങ്കിലും തേടിപ്പിടിച്ചു പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഈ പുസ്‌തകത്തിലൂടെ ജി പ്രിയദർശൻ. കേരളരാഷ്‌ട്രീയത്തിലെ ഒരു ഉജ്ജ്വലതാരമായിരുന്നു ആശാൻ എന്ന അറിവ് പലർക്കും അത്ഭുതം പകരും. എന്നാൽ ഇന്നു നാം കാണുന്ന തരത്തിലുള്ള ഒരു രാഷ്‌ട്രീയക്കാരനല്ല, കവി.
അന്നത്തെ തിരുവതാംകൂറിൽ നാമമാത്രമായ അധികാരത്തോടു കൂടിയ ഒരു നിയമനിർമാണസഭയുണ്ടായിരുന്നു- ശ്രീമൂലം പ്രജാസഭ. ഈ സഭയിൽ ഈഴവസമുദായത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ആശാനു ലഭിച്ചു. സ്വസമുദായത്തിലുള്ളവർ അനുഭവിക്കുന്ന യാതനകളെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ ഈ അവസരം ആശാൻ സമർഥമായി ഉപയോഗിച്ചു. വിദ്യാലയപ്രവേശം, സഞ്ചാരസ്വാതന്ത്ര്യം, സർക്കാരുദ്യോഗം എന്നീ വിഷയങ്ങളെക്കുറിച്ചാണ് ആശാൻ സഭയിൽ പ്രസംഗിച്ചിരുന്നത്.
കാര്യങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ ആശാനു പ്രത്യേക കഴിവായിരുന്നു. അദ്ദേഹത്തിന്റെ ഒരു വാദം ശ്രദ്ധിക്കൂ- നമ്മുടെ നാട്ടിൽ ദീർഘമായ ഗതാഗതങ്ങൾക്ക് ജനങ്ങൾ ഉപയോഗിക്കുന്ന വാഹനം വള്ളമാകുന്നു. വള്ളക്കാരിൽ ഏറിയക്കൂറും ഈഴവരാണ്. ഏത് ഉയർന്ന ജാതിക്കാരും പുണ്യക്ഷേത്രങ്ങളിൽ തീർഥയാത്ര ചെയ്യുന്നതു പോലും ഈ വള്ളങ്ങളിലാകുന്നു. അവർ വള്ളക്കാരോടൊത്ത് കുടുംബസഹിതം യാത്ര ചെയ്യുന്നു. അപ്പോൾ അശുദ്ധിയില്ല. പഴയ ഈഴവവൈദ്യകുടുംബങ്ങളിൽ ചികിത്സയ്‌ക്കായി ഏത് ഉയർന്ന ജാതി സ്‌ത്രീപുരുഷന്മാരും വന്നു താമസിച്ചു ചികിത്സ നടത്താറും വൈദ്യന്മാരെ ക്ഷണിച്ചുകൊണ്ടു പോയി ചികിത്സ നടത്താറുമുണ്ട്. മുന്നോക്കക്കാർക്ക് ആവശ്യമുള്ള കാര്യങ്ങളിൽ ജാതി പ്രശ്നമല്ല. തീണ്ടൽ പാപമല്ല. അപ്പോൾ ജാതി മിഥ്യയല്ലേ?
കുമാരനാശാന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് കുമാരനാശാന്റെ പ്രജാസഭാപ്രസംഗങ്ങൾ. ഈ പുസ്‌തകത്തിൽ നിത്യചൈതന്യയതിയുടെ പഠനവുമുണ്ട്. സാഹിത്യ/ ചരിത്ര വിദ്യാർഥികൾ ഒരു പോലെ വായിച്ചിരിക്കേണ്ട പുസ്‌തകം.



