മോഹൻ രാഘവൻ: ഒരോർമപ്പുസ്‌തകം
T D ദാസൻ Std VI B എന്ന ഒറ്റചിത്രത്തിലൂടെ മലയാള ചലച്ചിത്രരംഗത്ത് അനിഷേധ്യമായ ഒരു സ്‌ഥാനം നേടിയെടുത്ത മോഹൻ രാഘവന് ഒരോർമപ്പുസ്‌തകം. ടി വി ചന്ദ്രൻ, സിബി മലയിൽ, രഞ്ജിത്ത്, റഫീഖ് അഹമ്മദ്, ശ്രീവത്സൻ ജെ മേനോൻ, ടോം ജെ മങ്ങാട്ട് തുടങ്ങിയവരുടെ ഓർമക്കുറിപ്പുകൾ. ഓർമ, കാഴ്‌ച, ആസ്വാദനം എന്നീ മൂന്നു തലക്കെട്ടുകളിലായി 26 ലേഖനങ്ങൾ. ഒപ്പം മോഹൻ രാഘവൻ രചിച്ച ഡയറി ഓഫ് എ
ഹൗസ് വൈഫ് എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും.
സിബി മലയിൽ എഴുതിയ അങ്ങനെ ഒരു ചെറിയ ജീവിതം എന്ന ലേഖനത്തിൽ നിന്ന് ഒരു ഭാഗം വായിക്കാം.
വ്യക്തിയെന്ന നിലയിൽ ഞാനറിഞ്ഞ മോഹൻ ജീവിതത്തെ സരളമായി സ്‌നേഹിച്ച, എന്തും നേർക്കുനേർ നിന്ന് സംസാരിക്കാൻ താത്‌പര്യപ്പെട്ട ഒരു സഹൃദയനായിരുന്നു. ഒരുപാട് നന്മയുള്ളവനായിരുന്നു- മുഖംമൂടികളൊന്നുമില്ലാതെ നടന്ന ഒരാൾ! നല്ല സിനിമ എന്ന ഖ്യാതി വന്നപ്പോൾ എന്തോ വലിയ കാര്യം ചെയ്‌തു എന്ന തോന്നൽ അയാൾക്കില്ലായിരുന്നു; പറയേണ്ട കാര്യങ്ങൾ പറയേണ്ട രീതിയിൽ വ്യക്‌തതയോടെ, കൃത്യതയോടെ പറഞ്ഞ ഒരു സിനിമയാണ് T D ദാസൻ Std VI B. മനഃ പൂർവം ഉണ്ടാക്കിയെടുത്തിട്ടുള്ള ദുരൂഹതകളൊന്നും ആ സിനിമയിലില്ല.
ഈ പ്രത്യേകതകൾകൊണ്ടു തന്നെയാവണം വിദേശരാജ്യങ്ങളിലെ ചലച്ചിത്രമേളകൾ ഈ ചിത്രത്തെ വിലമതിച്ചതും ആദരിച്ചതും. സിനിമ കണ്ട വളരെ ചുരുക്കം സാധാരണക്കാർ ഒരു ആർട്ട് ഹൗസ് സിനിമയേക്കാൾ വ്യത്യസ്‌തമായി, തങ്ങളെ ഏറേ സ്വാധീനിച്ച സിനിമ എന്നാണ് ടി ഡി ദാസനെക്കുറിച്ച് പറഞ്ഞത്. പലർക്കും സിനിമ തിയറ്ററിൽ വന്ന സമയത്ത് കാണാൻ സാധിച്ചില്ല എന്നതിൽ ദുഃഖമുണ്ട്. ഇത്ര നല്ല സിനിമയായിരുന്നു എന്നറിഞ്ഞില്ലല്ലോ എന്നു പിന്നീട് ഏറെപ്പേർ പരിതപിച്ചു.
ഏറെക്കാലം കാത്തുവച്ച് ഏറെ ബുദ്ധിമുട്ടി ചെയ്‌ത ആദ്യത്തെ സിനിമ- ആദ്യം ചെയ്യുന്ന സിനിമ ഏതൊരു സംവിധായകനും പ്രത്യേകതയുള്ളതാണ്. ആ സൃഷ്‌ടി വേണ്ടുംവണ്ണം ശ്രദ്ധിക്കപ്പെടില്ല എന്ന വിഷമം മോഹനെ സംബന്ധിച്ച് അലിഞ്ഞലിഞ്ഞു പോകുന്നത് അറിയാൻ കഴിഞ്ഞു. ഓരോ പുതിയ പുരസ്‌കാരലബ്ധിയും അദ്ദേഹത്തിനു സ്വന്തം സിനിമയെക്കുറിച്ചുള്ള ആത്മവിശ്വാസം തിരികെ നൽകുന്നതു കാണാമായിരുന്നു.
മോഹൻ ജീവിച്ച സാഹചര്യങ്ങൾ, അദ്ദേഹത്തിന്റെ വീട് ഇവയെക്കുറിച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷമാണ്. ആ അറിവുകൾ എനിക്കു ഞെട്ടലായി- അവിവാഹിതനായി കലയെ സ്‌നേഹിച്ചു ജീവിക്കാൻ തീരുമാനിച്ച മനുഷ്യൻ! അയാൾ എന്റെ മുന്നിലൂടെ നടന്നു പോയിരിക്കുന്നു- നഷ്‌ടമായിരിക്കുന്നു.
ഒരു സിനിമ മാത്രം ചെയ്‌ത് വിട വാങ്ങുക, എന്നാൽ ആ ഒരു സിനിമ ഏറെക്കാലത്തെ സംഭാഷണങ്ങളിൽ നിറഞ്ഞു നിൽക്കുക- മോഹൻ ഭാഗ്യവാനാണ്, സംശയമില്ല. എണ്ണത്തിൽ ഏറെ സിനിമകൾ ഉണ്ടായിട്ടും ഒരെണ്ണത്തെക്കുറിച്ചുപോലും സംസാരിക്കാൻ വിഷയം നൽകാത്ത സിനിമകൾ ചെയ്യുന്നവർക്കിടയിൽ ഒരു സിനിമ മാത്രം ചെയ്‌ത ആൾ എന്നും സംസാരവിഷയമാകുന്നു- അങ്ങനെ ഒരു ചെറിയ ജീവിതം!




Oru Lalithamaya Chithram kondu kerala manassil idam nediya prathibha mattonnum nalkathe yaathrayai.