HOME

ജോസ് പ്രകാശ്: ചില സ്‌മരണകൾ

joseprakashcinemasmaranakal

BUY THIS BOOK @ INDULEKHA.BIZ

ഒരുകാലത്ത് മലയാളസിനിമയിൽ ഗായകനും നായകനും വില്ലനുമൊക്കെയായി തിളങ്ങി നിന്നിരുന്ന ജോസ് പ്രകാശിന്റെ സിനിമാ സ്മരണകൾ. സത്യൻ, നസീർ, ജയൻ, യേശുദാസ്, ബഹദൂർ, തുടങ്ങി താൻ അടുത്ത കണ്ട പ്രതിഭകളുടെയെല്ലാം ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ ഈ പുസ്‌തകത്തിലൂടെ ജോസ് പ്രകാശ് വരച്ചു കാട്ടുന്നു. ജോൺ ജെ പുതുച്ചിറ തയ്യാറാക്കിയ ഈ ഓർമപുസ്‌തകത്തിൽ ധാരാളം ചിത്രങ്ങളുമുണ്ട്. ഈ പുസ്‌തകത്തിൽ നിന്ന് ഏതാനും ഭാഗം വായിക്കാം.

ഭരണങ്ങാനത്തുള്ള ത്രേസ്യാമ്മ എന്ന ടീച്ചറുമായി എനിക്കൊരു വിവാഹാലോചനയെത്തി. ഒരിക്കൽ ഭരണങ്ങാനം പള്ളിയിൽ പോയവഴിക്ക് ഞാനും അമ്മയും കൂടെ ത്രേസ്യാമ്മയുടെ വീട്ടിൽ പോയി. ഞങ്ങൾ പെൺകുട്ടിയെ കണ്ടു, സംസാരിച്ചു. പിന്നെ നാട്ടിലേക്ക് മടങ്ങി.

ആ പെൺകുട്ടി സുന്ദരിയായിരുന്നു. എനിക്കവളെ ഇഷ്‌ടമാവുകയും ചെയ്‌തു. എന്റെ വീട്ടുകാർ ആവശ്യപ്പെട്ട ഷെയർ നൽകാനുള്ള സാമ്പത്തികശേഷിയൊന്നും
ത്രേസ്യാമ്മയുടെ വീട്ടുകാർക്കില്ലായിരുന്നു. അതിനാൽ ആ കല്യാണാലോചനയിൽ പിന്നെ പുരോഗതിയൊന്നും ഉണ്ടായില്ല. ഞാൻ മറ്റൊരു പെൺകുട്ടിയെ പിന്നീട് വിവാഹം കഴിക്കുകയും ചെയ്‌തു.

ഞാൻ പെണ്ണുകാണൽ നടത്തിയ ത്രേസ്യാമ്മ ടീച്ചർ ഒരു കലാകാരി കൂടിയായിരുന്നു. അവർ പിന്നീട് മലയാളസിനിമയിലെ പ്രശസ്‌ത നായികയായി മാറി. മിസ് കുമാരി.

ഞാൻ ആദ്യമായി അഭിനയിച്ച ശരിയോ തെറ്റോയിലെ നായികയും മിസ് കുമാരി ആയിരുന്നു. എന്റെ രണ്ടാമത്തെ ചിത്രമായ അൽഫോൻസയിലും മിസ് കുമാരി തന്നെ നായിക. പിന്നെ മെരിലാന്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ ചെന്നപ്പോൾ അവിടത്തെ സ്‌ഥിരം നായികയും മിസ് കുമാരിയായിരുന്നു. ഞങ്ങൾ എന്നും നല്ല സൗഹൃദത്തിലായിരുന്നു.

ഒരു നടി, ഒരേ നിർമാതാവിന്റെയോ സംവിധായകന്റെയോ ചിത്രങ്ങളിൽ സ്‌ഥിരമായി അഭിനയിച്ചാൽ അപവാദങ്ങൾ കേൾക്കേണ്ടി വരും. അന്നത്തെയും ഇന്നത്തെയും സ്‌ഥിതി അങ്ങനെ തന്നെ. മിസ് കുമാരിയും അതിൽനിന്നും മുക്തയായിരുന്നില്ല. വർഷങ്ങൾക്കു ശേഷം മിസ് കുമാരി വിവാഹിതയാകാൻ തീരുമാനിച്ചപ്പോൾ അതിനു വേണ്ട സാമ്പത്തികസഹായം നൽകിയതും മെരിലാന്റ് മുതലാളിയായിരുന്നു. എറണാകുളംകാരനായ ഒരു എഞ്ചിനിയറായിരുന്നു വരൻ.

വരനെക്കുറിച്ച് അന്വേഷിച്ചിട്ട് അത്ര നല്ല അഭിപ്രായമില്ലെന്ന് പറഞ്ഞ് ഈ വിവാഹം മാറ്റാൻ സുബ്രഹ്മണ്യം ശ്രമിച്ചിരുന്നു. എന്നാൽ അവസാനനിമിഷം വിവാഹം ഉഴപ്പിയാൽ നടിയായ തന്റെ കുഴപ്പം കൊണ്ടാണെന്ന് ആൾക്കാർ തെറ്റിദ്ധരിച്ചേക്കുമെന്ന് കരുതി കുമാരി വിവാഹതീരുമാനത്തിൽ ഉറച്ചു നിന്നു. അത്യന്തം ആർഭാടമായിട്ടാണ് വിവാഹം നടന്നത്. പക്ഷേ, മിസ് കുമാരിയുടെ ദാമ്പത്യജീവിതം പരാജയമായിരുന്നു.

വർഷങ്ങൾക്കു ശേഷം ഞാൻ എറണാകുളത്തുകൂടെ ബസ്സിൽ സഞ്ചരിക്കുമ്പോൾ അതിൽ മിസ്‌കുമാരിയും ഉണ്ടായിരുന്നു. മുഷിഞ്ഞ ചട്ടയും മുണ്ടുമൊക്കെ ധരിച്ചിരുന്ന അവൾ കുട്ടിയേയും കൊണ്ട് സ്‌കൂളിലേക്ക് പോവുകയായിരുന്നു. ആ വേഷം കണ്ട് ഞാനവളെ ശാസിച്ചു. സിനിമാനടിയായിരുന്ന അവൾക്ക് അല്പം കൂടി വൃത്തിയായിട്ടൊക്കെ നടന്നുകൂടെ എന്നു ചോദിച്ചു.

അപ്പോൾ അവളുടെ കണ്ണു നിറഞ്ഞു. പണ്ട് ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താങ്കൾക്ക്, എന്റെ ഇപ്പോഴത്തെ സ്‌ഥിതിയെക്കുറിച്ചൊന്നും അറിയണ്ടല്ലോ എന്ന് അവൾ പരിഭവം പറഞ്ഞു. പിന്നെ ഒരു ദിവസം ഞാൻ അവരുടെ വീട്ടിൽ പോയി. ഒരു വേലക്കാരിക്കുള്ള സ്ഥാനമാണത്രേ അവൾക്ക് ആ വീട്ടിൽ ഉണ്ടായിരുന്നത്. വർഷങ്ങൾ വീണ്ടും കടന്നു പോയി. മിസ് കുമാരി മരിച്ചു. അതു മരുന്നു മാറി കഴിച്ചതാണെന്നും ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും വലിയ വിവാദമായി. സത്യമെന്തെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്നും അവൾ ത്രേസ്യാമ്മയായിരുന്നു.

1 Comment

  1. Sundaranaya Mattoru Villan

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.