HOME

മാര്‍ഷലിന്റെ വിധവ

– ആന്റണ്‍ ചെക്കോവ്
(വിവര്‍ത്തനം: എം കെ കുമാരന്‍, കനഡ)

എല്ലാ വര്‍ഷവും സെയിന്റ് ട്രൈഫോണ്‍ ദിനമായ ഫെബ്രുവരി ഒന്നിന് ആ ജില്ലയിലെ മാര്‍ഷലായിരുന്ന ട്രൈഫോണ്‍ ല്‌വോവിച്ചിന്റെ വിധവ മാഡം സാവ്‌സ്യട്ടോവിന്റെ ഹര്‍മ്യത്തില്‍ അസാധാരണമായ ആള്‍ക്കൂട്ടവും ഒച്ചപ്പാടുമുണ്ടായിരിക്കും. പരേതനായ മാര്‍ഷലിന്റെ നാമദിനമായ അന്ന് അദ്ദേഹത്തിന്റെ വിധവയായ ല്യുബോവ് പെട്രോവ്ണ അദ്ദേഹത്തിന്റെ ഓര്‍മക്കായി ശ്രാദ്ധകര്‍മം ആഘോഷിച്ച് വന്നിരുന്നു. അതോടൊപ്പം ദൈവത്തിന് നന്ദി രേഖപ്പെടുത്തലും.

ആ ജില്ലയിലെ പ്രമുഖര്‍ മുഴുവന്‍ അവിടെ ആഘോഷത്തിന് ഒത്തുചേര്‍ന്നിരുന്നുവെന്ന് തോന്നിച്ചിരുന്നു. അവിടെ ഇപ്പോഴത്തെ മാര്‍ഷല്‍ ഹ്രൂമോവിനെ കാണാം. തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് മാര്‍ഫുട്കിനെ കാണാം. ഗ്രാമീണബോര്‍ഡിലെ സ്ഥിരം മെമ്പറായ പോട്രാഷ്‌ക്കോവ്, രണ്ട് ജില്ലാ ജഡ്ജിമാര്‍, പോലീസ് ക്യാപ്റ്റന്‍ ക്രിനോലിനോവ്, രണ്ട് പോലീസ് സൂപ്രണ്ടുമാര്‍ കൂടാതെ എല്ലായ്‌പ്പോഴും അയൊഡോഫോമിന്റെ മണം കൊണ്ടു നടക്കുന്ന ഡോക്ടര്‍ ദ്വോര്‍ണ്യാഗിന്‍ എന്നിവരെയെല്ലാം അവിടെ കാണാം. വലുതും ചെറുതുമായി ഏറെ ജന്‍മിമാരെയും അക്കൂട്ടത്തില്‍ കാണാം. ഉദ്ദേശം അമ്പതോളം പേര്‍ അവിടെ സമ്മേളിച്ചിരുന്നു.

കൃത്യം പന്ത്രണ്ട് മണിക്ക് പല മുറികളിലായുള്ള അതിഥികളെല്ലാം ദു:ഖം കൊണ്ട് തൂങ്ങിയ മുഖത്തോടെ വലിയ ഹാളിലേക്ക് നീങ്ങിത്തുടങ്ങി. ഹര്‍മ്യം മുഴുവന്‍ പരവതാനി വിരിച്ചതിനാല്‍ അവരുടെ കാലൊച്ച കേള്‍ക്കില്ലെങ്കിലും ആ സന്ദര്‍ഭത്തിന്റെ ഗൗരവം കാരണം ജന്‍മാന്തരവാസന പോലെ അവരെല്ലാം കൈകളകത്തി ശരീരം സന്തുലനം ചെയ്ത് പിച്ച വച്ച് നടക്കുകയാണ്. ഹാളില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിരുന്നു. നിറം മങ്ങിത്തുടങ്ങിയതും പൊക്കം കൂടിയതുമായ തലപ്പാവ് ധരിച്ച കുറിയ വൃദ്ധനായ യെവ്‌മേനി പാതിരി തന്റെ കറുത്ത മേലങ്കി ധരിക്കുകയാണ്. ശെമ്മാച്ചന്‍ കോണ്‍കോര്‍ദിയേവ് പുഴുങ്ങിയ ഞണ്ടിനെപ്പോലെ ചുവന്ന മേലങ്കി ധരിച്ച് നിശബ്ദം പ്രാര്‍ത്ഥനാപുസ്തകം മറിച്ച് കൊണ്ട് അതിലെ ഏടുകളില്‍ കടലാസ് കഷണങ്ങള്‍ വച്ച് പാട്ടുകള്‍ അടയാളപ്പെടുത്തുകയാണ്. ഹര്‍മ്യത്തിന്റെ പൂമുഖത്തേക്ക് നയിക്കുന്ന വാതിലിന്നരികില്‍ ദേവാലയത്തിലെ വിശുദ്ധപാത്രങ്ങളുടെ സൂക്ഷിപ്പുകാരനായ ല്യൂകാ തന്റെ വട്ടക്കണ്ണുകളുരുട്ടി, കവിളുകള്‍ ചീര്‍പ്പിച്ച് ധൂമക്കിണ്ടിയിലേക്ക് ഊതുകയാണ്. പതിയെപ്പതിയെ ഹാള്‍ സുതാര്യമായ നീലപ്പുകച്ചുരുള്‍ കൊണ്ടും കുന്തിരിക്കത്തിന്റെ സുഗന്ധം കൊണ്ടും നിറഞ്ഞുവരികയാണ്.

വലിയ മുഖക്കുരുക്കള്‍ കാരണം എല്ലായ്‌പ്പോഴും ഭയപ്പാട് പ്രതിഫലിപ്പിക്കുന്ന മുഖമുള്ള ചെറുപ്പക്കാരനായ എലിമെന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ഗെലിക്കോണ്‍സ്‌കി ചാക്കുപോലെയുള്ള വലിയ കോട്ടുമിട്ട് വെള്ളി പൂശിയ താലത്തില്‍ മെഴുകുതിരികളുമായി ഹാളില്‍ മണ്ടി നടക്കുകയാണ്. ആതിഥേയ ല്യുബോവ് പെട്രോവ്ണ തയ്യാറെടുപ്പോടെ തന്റെ തൂവാല മുഖത്തിനടുത്ത് പിടിച്ച് ശ്രാദ്ധച്ചോറ് വെച്ച ചെറുമേശയുടെ മുമ്പില്‍ നില്‍ക്കുകയാണ്. ചിലരില്‍ നിന്നും വല്ലപ്പോഴുമുയര്‍ന്ന ദീര്‍ഘനിശ്വാസം ഒഴിച്ചാല്‍ ഹാളില്‍ അഗാധമായ നിശ്ചലത കുടികൊണ്ടു. ഗാംഭീര്യമുള്ളവയെങ്കിലും ഏവരുടെയും മുഖത്ത് ദു:ഖം നിറഞ്ഞുനിന്നു…..

ശ്രാദ്ധകര്‍മം തുടങ്ങി. ധൂമക്കിണ്ടിയില്‍ നിന്ന് നീലപ്പുകച്ചുരുളുകള്‍ മേല്‍പ്പോട്ടുയര്‍ന്ന് ചരിഞ്ഞു കിടക്കുന്ന സൂര്യരശ്മികളില്‍ തത്തിക്കളിച്ചു.ഗായകസംഘം ഹാളിന്റെ ശബ്ദഘടനയുമായി താദാത്മ്യം സ്ഥാപിച്ചതോടെ ചെവിയടപ്പിക്കുംവിധം കഠോരമെന്ന് ആദ്യം തോന്നിപ്പിച്ച പാട്ടുകള്‍ ക്രമേണ ശ്രുതിമധുരമായി തീര്‍ന്നു. ഈണങ്ങളെല്ലാം ദു:ഖം തുളുമ്പുന്നവയാണ്. ദു:ഖ ഭാവത്തിലേക്ക് ക്രമേണ നയിക്കപ്പെട്ട അതിഥികളുടെ വ്യാകുലത വര്‍ദ്ധിച്ചുവന്നു. മനുഷ്യായുസ്സിന്റെ ഹ്രസ്വതയെപ്പറ്റിയും മനുഷ്യന്റെ അസ്ഥിരതയെപ്പറ്റിയും ലൗകികമായാമോഹങ്ങളെപ്പറ്റിയുമുള്ള ചിന്തകള്‍ അവരുടെ മസ്തിഷ്‌കങ്ങളില്‍ അപഥസഞ്ചാരം നടത്തി….അവരിപ്പോള്‍ പരേതനായ സാവ്‌സ്യട്ടോവിനെ ഓര്‍ക്കുകയാണ്. തടിച്ച് ചുവന്നുതുടുത്ത കവിളുകളുള്ള ആ മനുഷ്യന്‍ ഒറ്റയടിക്ക് ഒരു കുപ്പി ഷാംപേയ്ന്‍ വിഴുങ്ങുമായിരുന്നു. തന്റെ നെറ്റി കൊണ്ട് കണ്ണാടി തകര്‍ക്കുമായിരുന്നു.

പിതാവേ, അങ്ങയുടെ പുണ്യവാളരോടൊപ്പം എന്ന് പാടിത്തുടങ്ങുന്നതോടെ ആതിഥേയയുടെ തേങ്ങല്‍ തെളിഞ്ഞു കേട്ടുതുടങ്ങും. അതോടൊപ്പം അസ്വസ്ഥതയോടെ അതിഥികള്‍ അവരുടെ ഭാരം ഒരു പാദത്തില്‍ നിന്ന് മറ്റേതിലേക്ക് ഇടവിട്ട് മാറ്റിക്കൊണ്ടിരിക്കും. എളുപ്പം വികാരാധീനരാവുന്നവര്‍ക്ക് അവരുടെ കണ്ഠത്തിലും കണ്‍പോളകളിലും തുടിപ്പുകളറിഞ്ഞു തുടങ്ങും. തന്റെ അസുഖകരമായ മന: സഞ്ചാരം നിയന്ത്രിക്കുവാന്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് മാര്‍ഫുട്കിന്‍ തല കുനിച്ച് പോലീസ് ക്യാപ്റ്റന്റെ ചെവിയില്‍ മന്ത്രിക്കുകയാണ്:  ഇന്നലെ ഞാന്‍ ഐവന്‍ ഫ്യോഡോറിച്ചിന്റെ വീട്ടില്‍ പോയിരുന്നു….പ്യോട്ര് പെട്രോവിച്ചും ഞാനും ചേര്‍ന്ന് നോ ട്രംപ് കളിച്ച് എല്ലാ പിടികളും നേടി…….ഉം..ഉം…കടുത്ത ക്ഷോഭം കാരണം ഓള്‍ഗ ആന്‍ഡ്രേയാവ്‌നയുടെ വായില്‍ നിന്ന് അവരുടെ വ്യാജദന്തനിര പുറത്തേക്ക് ചാടി.

സമാധാനം. അവസാനമായി  ശാശ്വത സ്മരണ പാടുന്നു.ഗെലിക്കോണ്‍സ്‌കി ബഹുമാനപൂര്‍വ്വം മെഴുകുതിരികള്‍ നീക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കുന്നു. അതേത്തുടര്‍ന്ന് നിമിഷനേരത്തേക്ക് ചെറിയൊരു ബഹളം : പുരോഹിതര്‍ ഔദ്യോഗിക ചമയങ്ങളെല്ലാം മാറുന്നു. പിന്നെ നന്ദി പറയുന്ന ചടങ്ങ്. യെവ്‌മേനി പാതിരി മേലങ്കി മാറ്റുമ്പോള്‍ അതിഥികള്‍ കൈകള്‍ കൂട്ടിത്തിരുമ്മുന്നു, മെല്ലെ ചുമയ്ക്കുന്നു. ആതിഥേയ യശ:ശരീരനായ തന്റെ ഭര്‍ത്താവ് ട്രൈഫോണ്‍ ല്‌വോവിച്ചിന്റെ സന്‍മനസിനെപ്പറ്റി ചില നുറുങ്ങുകഥകള്‍ പറയുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ തന്റെ കഥകള്‍ അവസാനിപ്പിച്ച് അവര്‍ ക്ഷണിക്കുന്നു:  സുഹൃത്തുക്കളേ ദയവായി ഉച്ച ഭക്ഷണത്തിന് വരൂ . സന്ദര്‍ശകര്‍ ഉന്തും തള്ളും ഒഴിവാക്കിക്കൊണ്ട്, മറ്റുള്ളവരുടെ പാദങ്ങളില്‍ ചവിട്ടാതെ, എന്നാല്‍ ധൃതിയില്‍ തന്നെ തീന്‍മുറിയിലേക്ക് നീങ്ങി….. അവിടെ മദ്ധ്യാഹ്നഭക്ഷണം അവരെ കാത്തിരിക്കുകയാണ്.ഓരോ വര്‍ഷവും, ആ സദ്യയുടെ രാജകീയ പ്രൗഢി കൊണ്ടാവാം. തന്റെ കടമയെന്ന പോലെ കോണ്‍കോര്‍ദിയേവ് ശെമ്മാച്ചന്‍ കൈകള്‍ ഉയര്‍ത്തിച്ചുഴറ്റിക്കൊണ്ട്, അത്ഭുതത്താല്‍ തലകുലുക്കിക്കൊണ്ട് ഇപ്രകാരം ഉരുവിടും:  പ്രകൃത്യതീതമാണിത്! ഫാദര്‍ യെവ്‌മേനി, ഇത് മനുഷ്യര്‍ക്ക് വേണ്ടിയാണെന്ന് തോന്നുന്നില്ല.ദേവകള്‍ക്കുള്ള നേര്‍ച്ചദ്രവ്യമാണിത് .

തീര്‍ച്ചയായും ആ സദ്യ അസാമാന്യമാണ്. ആ പ്രദേശത്തെ സസ്യലതാദികളും ജന്തുക്കളും എന്തെല്ലാം ഉല്‍പാദിപ്പിച്ചിരുന്നുവോ അതെല്ലാം ആ തീന്‍മേശമേല്‍ നിരന്നിരുന്നു.ഒരു പക്ഷേ പ്രകൃത്യതീതമെന്നു പറയാന്‍ ഒരു കാര്യമൊഴിച്ച്…… ലഹരി പാനീയങ്ങള്‍.തന്റെ ഭര്‍ത്താവിന്റെ അധ:പതനത്തിന് ഹേതുവായ രണ്ടുവകകള്‍…മദ്യവും ചീട്ടുകളിയും…താന്‍ ഒരു കാരണത്താലും വീട്ടില്‍ അനുവദിക്കില്ലെന്ന് ല്യൂബോവ് പെട്രോവ്ണ ശപഥം ചെയ്തിരുന്നു. കുപ്പികളുമായി എണ്ണയും വിന്നാഗിരിയും നിറച്ചവ മാത്രമാണവിടെ ഉണ്ടായിരുന്നത്.അവ അതിഥികള്‍ക്ക് പരിഹാസം പോലെയോ കഠിനശിക്ഷ പോലെയോ തോന്നി; അല്ലെങ്കില്‍ മദ്യക്കുപ്പിയില്‍ അമിതാസക്തിയുള്ളയാള്‍ക്ക് ഒരു തുള്ളി മദ്യം വീഴ്ത്തുന്നതുപോലെ.
മാന്യരേ ദയവായി നിങ്ങളുടെ ഇഷ്ടാനുസരണം ഭക്ഷണം കഴിച്ചാലും…മാര്‍ഷലിന്റെ വിധവ നിര്‍ബന്ധിച്ചു തുടങ്ങി.  പക്ഷേ നിങ്ങള്‍ എന്നോട് ക്ഷമിക്കണം.എന്റെ കയ്യില്‍ വോഡ്കയില്ല….ഈ വീട്ടില്‍ വോഡ്കയില്ല.

വിരുന്നുകാര്‍ തീന്‍മേശക്കരികിലേക്ക് നീങ്ങി ആശങ്കയോടെ അട പങ്കിട്ടുതുടങ്ങുകയാണ്. പക്ഷേ അത് അകത്താക്കുന്ന കാര്യം തീരെ പുരോഗമിക്കുന്നില്ല. ഫോര്‍ക്കുകള്‍ തുളച്ച് കയറ്റുന്നതിലും തുണ്ടങ്ങളാക്കുന്നതിലും നുണയുന്നതിലുമെല്ലാം ഒരു തരം മന്ദതയും നിര്‍വികാരതയും കുടികൊള്ളുന്നു….പ്രത്യക്ഷമായി ഏതിന്റെയോ കുറവുണ്ട്.  എനിക്ക് എന്തോ നഷ്ടപ്പെട്ട പ്രതീതി, ജില്ലാ ജഡ്ജിമാരില്‍ ഒരാള്‍ രണ്ടാമത്തെയാളുടെ ചെവിയില്‍ സ്വകാര്യം പറയുകയാണ്. എന്റെ ഭാര്യ ആ എഞ്ചിനീയറുടെ കൂടെ ഒളിച്ചോടിയപ്പോള്‍ തോന്നിയതുപോലെ ……എനിക്ക് തിന്നാനാവുന്നില്ല.

മാര്‍ഫുട്കിന്‍ ഭക്ഷിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഏറെ നേരം തന്റെ കീശയില്‍ തൂവാല തിരയുന്നവണ്ണം തപ്പി നോക്കുകയാണ്. ഒരു വെളിപാട് പോലെ അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറയുകയാണ്:  ഓ, എന്റെ തൂവാല എന്റെ വലിയ കോട്ടിലായിരിക്കണം. എന്നിട്ട് ഞാന്‍ അതിനു വേണ്ടി ഇവിടെ തപ്പുകയാണ്. അയാള്‍ ഇപ്പോള്‍ രോമക്കോട്ടുകള്‍ തൂക്കിയിട്ട മുറിയിലേക്ക് നടക്കുകയാണ്. ആ മുറിയില്‍ നിന്ന് അയാള്‍ തിളങ്ങുന്ന കണ്ണുകളോടെ തിരിച്ചുവന്ന് വര്‍ദ്ധിച്ച രുചിയോടെ അടയെ ആക്രമിക്കുകയാണ്.

എന്റെ അഭിപ്രായത്തില്‍, വരണ്ട വായില്‍ ഭക്ഷണം നുണയുന്നത് ദാരുണമാണ്. അങ്ങിനെയല്ലേ? അയാള്‍ യെവ്‌മേനി പാതിരിയുടെ കാതില്‍ അടക്കം പറയുകയാണ്. അച്ചോ, കോട്ടുകള്‍ തൂക്കിയിട്ട മുറിയിലേക്ക് പോകൂ. എന്റെ രോമക്കോട്ടില്‍ ഒരു കുപ്പിയുണ്ട്….താങ്കള്‍ സൂക്ഷിക്കണം എന്നു മാത്രം; കുപ്പി കൊണ്ട് ചടപടശബ്ദമുണ്ടാക്കരുത്. യെവ്‌മേനി പാതിരി ല്യൂക്കായ്ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കാനുണ്ടെന്നോര്‍ത്ത് കോട്ട് മുറിയിലേക്ക് വലിയുകയാണ്.  അച്ചോ, സ്വകാര്യത്തില്‍ രണ്ട് വാക്ക്’, ഇത്രയും പറഞ്ഞ് ദ്വോര്‍ണ്യാഗിന്‍ അദ്ദേഹത്തെ മറികടക്കുന്നുമുണ്ട്. ഹ്രൂമോവ് ഡംഭ് പറയുകയാണ്, മാന്യരേ നിങ്ങള്‍ എന്റെ രോമക്കോട്ട് കാണേണ്ടുന്നത് തന്നെയാണ്. അതിന് ആയിരമാണ് വില. പക്ഷേ ഞാന്‍ കൊടുത്തത്….നിങ്ങള്‍ വിശ്വസിക്കില്ല…..ഇരുനൂറ്റിഅമ്പത്! ഒരു ഫര്‍തിങ്ങ് പോലും കൂടുതലില്ല. മറ്റേതെങ്കിലും അവസരത്തിലായിരുന്നുവെങ്കില്‍ അതിഥികളെല്ലാം ആ വൃത്താന്തം നിസ്സാരമായി മാത്രമേ കണക്കാക്കുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ അവര്‍ അത്ഭുതവും അവിശ്വസനീയതയും പ്രകടിപ്പിക്കുകയാണ്. തുടര്‍ന്ന് ചെറിയ കൂട്ടങ്ങളായി അവരെല്ലാം ആ രോമക്കോട്ട് കാണാന്‍ കോട്ട് മുറിയിലേക്ക് പോവുകയും മടങ്ങിവരികയും ചെയ്യുകയാണ്.

ആ കാപട്യത്തിന്നിടയില്‍ ഡോക്ടറുടെ കാര്യസ്ഥന്‍ മികേഷ്‌ക അഞ്ച് ഒഴിഞ്ഞ കുപ്പികള്‍ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ആവിയില്‍ വേവിച്ചെടുത്ത വലിയ മീന്‍ വിളമ്പുമ്പോള്‍ തന്റെ സിഗാര്‍ പേടകം കുതിരാലയത്തിലാണെന്നോര്‍ത്ത് മാര്‍ഫുട്കിന്‍ അങ്ങോട്ട് പോവുകയാണ്.ആ സംഘടിതയാത്രയില്‍ തനിച്ചാവാതിരിക്കാന്‍ ശെമ്മാച്ചനെ കൂടെക്കൂട്ടുന്നുണ്ട്. സ്വാഭാവികമായും ശെമ്മാച്ചന് തന്റെ കുതിരയെ ഒന്ന് നോക്കേണ്ടതായുണ്ട്……….

ആ സായാഹ്നത്തില്‍ തന്റെ പഠനമുറിയിലിരുന്ന് ല്യുബോവ് പെട്രോവ്ണ പീറ്റേഴ്‌സ്ബര്‍ഗിലെ പഴയ സുഹൃത്തിന് എഴുതുകയാണ് :
കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ, ഇന്ന് , മറ്റു പല വിവരങ്ങള്‍ക്കിടയില്‍ അവര്‍ എഴുതുകയാണ്, എന്റെ പ്രിയ ഭര്‍ത്താവിന്റെ ഓര്‍മ്മക്കായി താന്‍ ഒരു കൂട്ടപ്രാര്‍്ത്ഥന നടത്തി.എന്റെ അയല്‍ക്കാരെല്ലാം ആ പ്രാര്‍ത്ഥനയില്‍ പങ്ക് കൊണ്ടിരുന്നു. അവരൊക്കെ നിയന്ത്രിക്കാന്‍ വിഷമമുള്ള പക്ഷേ വെറും സാധുക്കളാണ്. എന്ത് മാത്രം ശുദ്ധഹൃദയര്‍! അവര്‍ക്കൊക്കെ ഞാന്‍ സമൃദ്ധമായ മദ്ധ്യാഹ്നഭക്ഷണം വിളമ്പി. തീര്‍ച്ചയായും കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഒരു തുള്ളി ലഹരിപാനീയമില്ലാതെ തന്നെ. അമിതമദ്യപാനത്താല്‍ അദ്ദേഹം മരിച്ചന്ന് തൊട്ട് ഈ പ്രദേശത്തൊക്കെ മിതപാനശീലമുണ്ടാക്കി അദ്ദേഹത്തിന്റെ പാപങ്ങള്‍ക്ക് കടംവീട്ടാന്‍ ഞാന്‍ പ്രതിജ്ഞയെടുത്തിരുന്നു. എന്റെ സ്വന്തം വീട്ടില്‍ വച്ചു തന്നെ ആത്മനിയന്ത്രണത്തിനായുള്ള പ്രചാരണപ്രവര്‍്ത്തനങ്ങള്‍ ഞാന്‍ തുടങ്ങി.

യവ്‌മേനി അച്ചന്‍ എന്റെ ശ്രമങ്ങളില്‍ സന്തോഷമുള്ളയാളാണെന്ന് മാത്രമല്ല വാക്കാലും പ്രവര്‍ത്തിയാലും എന്നെ സഹായിച്ചും വരുന്നു. ഓ, എന്റെ പ്രിയപ്പെട്ടവളെ, എന്റെ ചുണക്കുട്ടികള്‍ എന്നോട് ഇത്ര സ്‌നേഹമുള്ളവരാണെന്ന് നീ മനസിലാക്കിയിരുന്നുവെങ്കില്‍! മദ്ധ്യാഹ്നഭക്ഷണത്തിന് ശേഷം ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് മാര്‍ഫുട്കിന്‍ എന്റെ കൈ ചുംബിച്ച് ദീര്‍ഘനേരം ചുണ്ടോട് ചേര്‍ത്ത് വച്ച ശേഷം പരിഹാസ്യമാംവിധം ശിരസ് ചലിപ്പിച്ച് കൊണ്ട് ഒരു കുടം കണ്ണീര്‍ പൊഴിച്ചു : അത്രമാത്രം വികാരം, പക്ഷേ വാക്കുകളില്ല! ആ രമണീയനായ കുറിയ വൃദ്ധന്‍ യവ്‌മേനി അച്ചന്‍ എന്റെ അടുത്ത് വന്നിരുന്ന് നിറകണ്ണുകളോടെ എന്നെ നോക്കി കുട്ടിയെപ്പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞതൊന്നുമെനിക്ക് മനസ്സിലായില്ലെങ്കിലും യഥാര്‍ത്ഥ മനോഭാവമെന്തെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയും. ഞാന്‍ നിനക്കെഴുതിയ ആ സുന്ദരനായ പോലീസ് മേധാവി മുട്ടുകുത്തിയിരുന്ന് അദ്ദേഹം തന്നെ രചിച്ച വരികള്‍ (അദ്ദേഹം ഒരു കവിയാണ്) എനിക്ക് വായിച്ചുതരുവാന്‍ ശ്രമിച്ചു……അദ്ദേഹത്തിന്റെ വികാരം എനിക്ക് താങ്ങാവുന്നതിനേക്കാള്‍ കൂടുതലായിരുന്നു…..അദ്ദേഹം ചെരിഞ്ഞ് വീണുപോയി…. ആ അതികായന്‍ പല ചേഷ്ടകളും കാട്ടിത്തുടങ്ങി. എന്റെ ആഹ്‌ളാദം നിനക്കൂഹിക്കാവുന്നതേയുള്ളു!

പക്ഷേ ആ ദിവസം കളങ്കമില്ലാതെ കടന്നുപോയില്ല. ജഡ്ജിമാരുടെ സംഘത്തിന്റെ പ്രസിഡന്റായ ആ പാവം അലാലൈകിന്‍ ദൃഢഗാത്രനെങ്കിലും മ്‌സ്തിഷ്‌കത്തിലെ പെട്ടെന്നുള്ള രക്തസ്രാവത്തിന്നടിമയാണ്. രോഗം കീഴ്‌പ്പെടുത്തിയതിനാല്‍ ബോധം മറിഞ്ഞ് അദ്ദേഹം രണ്ടു മണിക്കൂര്‍ സോഫമേല്‍ കിടന്നു.ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മേല്‍ വെള്ളമൊഴിക്കേണ്ടി വന്നു…..ഞാന്‍ ഡോക്ടര്‍ ദ്വോര്‍ണ്യാഗിനോട് നന്ദിയുള്ളവളാണ്: അദ്ദേഹത്തിന്റെ മരുന്നു ശാലയില്‍ നിന്ന് ഡോക്ടര്‍ ഒരു കുപ്പി ബ്രാണ്ടി കൊണ്ടുവന്ന് രോഗിയുടെ നെറ്റിയുടെ വശങ്ങള്‍ നനച്ച് ക്ഷണത്തില്‍ ബോധം തിരിച്ചെടുത്തതിനാല്‍ മാറ്റിക്കിടത്താനൊത്തു…….

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.