HOME

സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്

CLICK TO BUY THIS

Autobiography of K V Rabia, an icon of the literacy campaign in Kerala
Publisher: Lipi Publications, Kozhikode. Paperback Pages: 288 Price: INR 300

സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട് ….. എന്ന് കെ വി റാബിയ തെളിയിച്ചത് സ്വന്തം ജീവിതത്തിലൂടെയാണ്. ഈ ആത്മകഥയില്‍ ഒതുങ്ങില്ല അവരുടെ ജീവിതം. ചെറുപ്പത്തിലെ വൈകല്യം കാലുകളെ തളര്‍ത്തിയെങ്കിലും തളരാത്ത മനസ്സായിരുന്നു റാബിയയുടെ കൈമുതല്‍. റാബിയ ഇന്നൊരു വ്യക്തിയല്ല നിരവധി സംരംഭങ്ങളുടെ ചാലകശക്തിയാണ്.

വേദനയുടെ കുന്നുകള്‍ കയറാനുള്ള മനുഷ്യന്റെ കഴിവ് അവന് പുതിയ ശക്തി സ്രോതസുകള്‍ തുറന്നുകൊടുക്കുമെന്ന ഗാന്ധിജിയുടെ വചനത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്റെ ജീവിതത്തിലെ അടിസ്ഥാനപ്രമാണമാക്കി റാബിയ തീര്‍ത്തു. തീര്‍ച്ചയായും ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ആത്മകഥയാണിത്. സൈമണ്‍ ബ്രിട്ടോയുടെ അവതാരിക. ഒപ്പം കളര്‍ചിത്രങ്ങളും.

EXCERPTS

കാലുകള്‍ പണിമുടക്കുന്നു

ആദ്യമായി എസ് എസ് എല്‍ സി ക്ലാസിലേക്ക് പുറപ്പെട്ട ദിനം, ജീവിതകലണ്ടറില്‍ നിന്നും ഒരിതള്‍ കൂടി കൊഴിഞ്ഞുവീണു. പുതുവത്സരത്തിന്റെ കുഴലൂത്തുമായി ജീവിതത്തിന്റെ പുതിയൊരു പടവ് കയറാന്‍ വെമ്പല്‍ പൂണ്ട്, പ്രത്യാശയുടെ കിരണങ്ങള്‍ മാത്രം നിറഞ്ഞ മനസ്സുമായി പുറപ്പെട്ട ദിനം.. ആ ദിനം ഒരിക്കലും മറക്കാനാവില്ല. ജീവിതം മറ്റൊരു പാതയിലൂടെ തിരിച്ചുവിടാനുള്ള ദൈവനിയോഗം എനിക്കനുഭവപ്പെട്ട ദിനമായിരുന്നു അത്….

പുതിയ പ്രതീക്ഷകളോടെ പുത്തന്‍ ഉടുപ്പുകളണിഞ്ഞ്, പുതിയ പുസ്തകങ്ങളുമായി സ്‌കൂളിലേക്കു പുറപ്പെട്ടു. തൊട്ടടുത്ത പറമ്പില്‍ എത്തിയപ്പോഴേക്ക് കാലുകള്‍ വിറക്കാന്‍ തുടങ്ങി. വേനല്‍ക്കാലഅവധി മുഴുവന്‍ ഓടിക്കളിക്കാതെ ഓരോരോ പരിപാടികളുമായി വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞതുകൊണ്ടുള്ള ബുദ്ധിമുട്ടായിരിക്കാമെന്ന് സ്വയം സമാധാനിച്ചു. അടുത്ത വീട്ടിലെ സ്ത്രീയെ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. അവര്‍ കൈക്ക് പിടിച്ച് അവരുടെ വീടിന്റെ വരാന്തയിലെത്തിച്ചു. പതിനഞ്ചുമിനിട്ടോളം ഇരുന്നപ്പോള്‍ കാലിന്റെ തളര്‍ച്ച മാറി.

വീണ്ടും സ്‌കൂളിലേക്ക് നടന്നു. അഞ്ച് മിനുട്ട് നടന്നപ്പോഴേക്ക് കാലിന് വീണ്ടും പഴയ അനുഭവം. മറ്റൊരു വീട്ടില്‍ കയറി. കാലിന്റെ വേദനയും വിറയലും ശമിച്ചെന്ന് തോന്നിയപ്പോള്‍ വീണ്ടും സ്‌കൂളിലേക്ക്…പഴയ അനുഭവം ആവര്‍ത്തിക്കപ്പെടുകയാണ്. സ്‌കൂളിലെത്താന്‍ വൈകുന്തോറും ആധിയായി. ആദ്യ പീരീഡ് ഇംഗ്ലീഷായിരിക്കും. സമയം വൈകുന്നുവല്ലോ. അപ്പോഴും അതായിരുന്നു ചിന്ത. എന്ത് തന്നെയായാലും മടങ്ങുന്ന പ്രശ്‌നമില്ല. ലക്ഷ്യം സ്‌കൂളാണ്. അവിടെ എത്തിച്ചേരണം. കാലിന്റെ വേദനയെക്കാള്‍ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം അതായിരുന്നു. അല്പം നടന്നും അല്പം ഇരുന്നും സ്‌കൂളിലെത്തി. ജൂണ്‍ മാസത്തിലെ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് നേരം വൈകി സ്‌കൂളിലെത്തിയ എന്നോട് അധ്യാപിക കാരണം തിരക്കിയപ്പോള്‍ എല്ലാം മൗനത്തിലൊളിപ്പിച്ച് മന്ദസ്മിതത്തിലൂടെ മറുപടി നല്കി. ‘അല്പം താമസിച്ചുപോയി’.

ഏകാഗ്രതയോടെ അന്നത്തെ ക്ലാസിലിരിക്കാന്‍ കഴിഞ്ഞില്ല. വൈകുന്നേരം ക്ലാസ് കഴിഞ്ഞെങ്ങനെ വീട്ടിലെത്തും! ദുര്‍ഘടമായ വഴി വല്ലാതെ ഭീതിപ്പെടുത്തിയിരുന്നു. വൈകുന്നേരം നാലുമണി. പള്ളിക്കൂടപ്പടിവാതില്‍ തള്ളിത്തുറന്ന് സ്‌കൂള്‍ കുട്ടികളെല്ലാം തടഞ്ഞു നിര്‍ത്തിയ വെള്ളം പൊടുന്നനെ തുറന്ന് വിട്ട പ്രതീതിയോടെ റോഡിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. വിറക്കുന്ന മനസ്സോടെ ഞാനും മെല്ലെ എഴുന്നേറ്റു. അപ്പോള്‍ ഞാന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു. കാലുകള്‍ രണ്ടും മുട്ടിന് താഴെ വെച്ച് നിലത്ത് ഊന്നാന്‍ കഴിയാത്ത വിധം വളഞ്ഞിരിക്കുന്നു. എന്തുചെയ്യും! വീട്ടിലെത്തണമല്ലോ. അവസാനം അതിനും വഴിയുണ്ടാക്കി. ആ സ്‌കൂളില്‍ തന്നെ
പഠിക്കുന്ന അനിയത്തിമാരുടെയും സ്‌നേഹിതകളുടെയും കഴുത്തിലൂടെ ഇരുകൈകളുമിട്ട് ബലമായി പിടിച്ചു കാലുകള്‍ നിലത്ത് തൊടാതെ രണ്ട് കിലോമീറ്റര്‍ ദൂരം മുഴുവനും സഞ്ചരിച്ചു. ഞാനും അവരും തളര്‍ന്നവശരാകുമ്പോള്‍ വഴിയില്‍ കാണുന്ന വീടുകളോരോന്നും അഭയസ്ഥാനങ്ങളാക്കി മാറ്റി. വീട്ടിലെത്തിയപ്പോള്‍ തന്റെ മകളുടെ ഇരുളടഞ്ഞ ഭാവിയിലേക്ക് നോക്കി ഒരക്ഷരം ഉരിയാടാനാവാതെ നിശ്ചലരായി നെടുവീര്‍പ്പെടുന്ന എന്റെ മാതാപിതാക്കള്‍. അപ്പോഴും വീട്ടുകാരോടെനിക്ക് ഉന്നയിക്കാന്‍ ഉണ്ടായിരുന്ന ആവശ്യം ഒന്ന് മാത്രം. എങ്ങനെയെങ്കിലും നിത്യവും സ്‌കൂളിലെത്തിച്ചു തരണം, അതിന് യാതൊരു വീഴ്ചയും വരാന്‍ പാടില്ല.

തുടര്‍ന്ന് പഠിക്കുക എന്ന മകളുടെ ആഗ്രഹത്തിനു മുന്നില്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ എന്റെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞുള്ളൂ. സ്‌കൂളിലെത്തുക എന്ന കുട്ടിയുടെ ആഗ്രഹവും അവരുടെ ഗ്രാമത്തിന്റെ സ്ഥിതിയും സമാന്തര രേഖകളായിരുന്നു. വെള്ളിലക്കാടെന്ന ഗ്രാമത്തിലേക്ക് അന്ന് റോഡില്ലായിരുന്നു. കാലിനല്പം വൈകല്യമുണ്ടായിരുന്നെങ്കിലും കുട്ടിക്കാലത്ത് മറ്റുകുട്ടികളെപ്പോലെ ഓടാനോ ചാടാനോ കളിക്കാനോ ഒന്നും പ്രയാസമുണ്ടായിരുന്നില്ല. ക്രമേണ ശരീരം വളര്‍ന്നപ്പോള്‍ കാലിന്റെ മുട്ടിന് താഴെ മാത്രം വളര്‍ന്നില്ല. 14 വയസ്സായപ്പോഴേക്ക് ശരീരം നല്ലപോലെ തടിച്ചു. ആ ഭാരം താങ്ങാന്‍ മുട്ടിന് ശേഷിയുണ്ടായിരുന്നില്ല.

പഠനം എന്റെ മുന്നില്‍ വഴിമുട്ടി നിന്നു. തുടര്‍പഠനം ഒരു മരീചികയായി. വണ്ടിയില്‍ പോകാമെന്ന് വച്ചാല്‍ റോഡില്ലാത്ത അവസ്ഥ. ആരെങ്കിലും എടുത്തുകൊണ്ട് പോയി സ്‌കൂളിലെത്തിക്കാമെന്ന് കരുതിയാല്‍ അതിന് കഴിയാത്ത പ്രായവുമായി. ഒടുവില്‍ ഞാന്‍ തന്നെയാണ് ആ പ്രശ്‌നത്തിന് പരിഹാരവും കണ്ടത്.

എനിക്ക് സഹോദരന്‍മാരായി ആരും ഉണ്ടായിരുന്നില്ല. പക്ഷേ, വീട്ടില്‍ പിതാവിന്റെ
അനിയന്‍ ഉണ്ടായിരുന്നു. അബ്ദുറഹിമാന്‍. അവനും അന്ന് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന അവനൊരു സൈക്കിള്‍ വാങ്ങിക്കൊടുക്കുക. എന്നിട്ട് എന്നെയും കൂട്ടി ആ സൈക്കിളില്‍ സ്‌കൂളിലേക്ക് പോവുക. എന്നെ സ്‌കൂളിലെത്തിക്കുകയും വൈകിട്ട് വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന സമയം മാത്രം സൈക്കിള്‍ എന്റെ ഉപയോഗത്തിന് എടുക്കുക. ബാക്കി സമയമെല്ലാം സൈക്കിള്‍ അവനും. ഒരു സൈക്കിളിന് വേണ്ടി കൊതിച്ചിരുന്ന ബാല്യകാലമായതിനാല്‍ ഈ ആശയം ഞാന്‍ അവനോട് പറയേണ്ട താമസം അവനെന്റെ കരാര്‍ കേട്ടു. സൈക്കിളിന് വേണ്ടി അവന്‍ സൈക്കിളുള്ള മറ്റു കുട്ടികളുടെ പിന്നാലെ ഓടുന്നത് ഞാന്‍ കണ്ടിരുന്നു. അവന്റെ ഈ സൈക്കിള്‍ ഭ്രമം ആണ് എന്റെ എസ് എസ് എല്‍ സി പഠനത്തിന് കാരണമാകുന്നത്.

അവനെന്തെങ്കിലും അസൗകര്യമുണ്ടാകുമ്പോള്‍ പ്രേമന്‍ എന്ന ഞങ്ങളുടെ അയല്‍ക്കാരനായിരുന്നു എന്നെ സ്‌കൂളിലെത്താനും മടങ്ങാനും സഹായിച്ചിരുന്നത്. ഞാനും എളാപ്പയും കൂടി ഉണ്ടാകുന്ന ബാല്യകാല ശണ്ഠയും തുടര്‍ന്നുണ്ടാകുന്ന പിണക്കവും ഒത്തുചേരുമ്പോള്‍ എളാപ്പ എന്നെ സ്‌കൂളിലേക്ക് കൊണ്ടുപോകാതെയാകും പക വീട്ടുക. എനിക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും നല്ല മരുന്ന് അതാണെന്ന് അവനറിയാം. കളര്‍, പേന, പെന്‍സില്‍, പിച്ചര്‍ തുടങ്ങി ചോദിക്കുന്ന സാധനങ്ങള്‍ നല്കിയില്ലെങ്കില്‍ എന്നെ ഇളക്കാന്‍ അന്ന് അവന് ഒറ്റ വാക്കേ ഉണ്ടായിരുന്നുള്ളൂ നാളെ നിന്നെ ഞാന്‍ സ്‌കൂളിലേക്ക് കൊണ്ടുപോവില്ല, അതിന് വേറെ ആളെ നോക്ക് .

ഞങ്ങളുടെ ഇത്തരം പിണക്കവേളകളിലും സ്‌കൂള്‍യാത്രക്കുള്ള എന്റെ ശരണം പ്രേമനായിരുന്നു. അന്ന് സൈക്കിള്‍ ചവിട്ടാന്‍ ഇവര്‍ക്ക് വശമില്ലായിരുന്നു. അതിനാല്‍ സൈക്കിള്‍ ഉരുട്ടിയാണ് ഇവരെന്നെ കൊണ്ടുപോയതും മടക്കിക്കൊണ്ടുവന്നതും.

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.