HOME

രണ്ടു പെണ്ണുകാണല്‍ അനുഭവങ്ങള്‍

– മായാലക്ഷ്മി, തിരുവനന്തപുരം

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പ്രമാണം. വിവാഹം അവിടെയാണെങ്കിലും പെണ്ണുകാണല്‍ ചടങ്ങ് ഇവിടെയാണല്ലോ?  അങ്ങനെയല്ലേ നമ്മുടെ തലയില്‍ എഴുതപ്പെട്ട ആളെ കണ്ടെത്താനാകൂ. ചായകുടിയും നിലത്ത് കളം വരയ്ക്കലും (പഴയ സങ്കല്പം) ഒക്കെയായി പെണ്ണുകാണലിന്റെ പതിവുചടങ്ങ്. ചിലര്‍ ഒരു പരീക്ഷ കൊണ്ടു തന്നെ പാസാകും. ചിലര്‍ക്ക് പത്തും ഇരുപതുമൊക്കെയായി കാഴ്‌ച മഹാമഹം നീണ്ടുപോകും. ജോലി, പരസ്പരതാല്പര്യം, കുടുംബം എന്നിവക്കൊപ്പം അഷ്ടമത്തിലെ ചൊവ്വയും എട്ടിലെ കേതുവും ഏഴിലെ രാഹുവും ഒക്കെ വിവാഹത്തിന് വിലങ്ങുതടിയാകാറുണ്ട്. എല്ലാം യോജിച്ചൊരു വിവാഹം ലോട്ടറി അടിക്കുന്നത് പോലെയാണ്. എന്തായാലും പില്ക്കാലത്ത് ഓര്‍മിക്കാനുള്ള ചില രസകരമായ അനുഭവങ്ങളാണ് പെണ്ണുകാണല്‍ ചടങ്ങിലൂടെ ചിലപ്പോള്‍ വീണുകിട്ടുന്നത്..

എന്റെ ജീവിതത്തിലെ രണ്ടു പെണ്ണുകാണല്‍ അനുഭവങ്ങള്‍ പറയാം. വരനും ചേട്ടനും ചേട്ടത്തിയമ്മയും കൂടിയാണ് പെണ്ണുകാണാനായി വന്നത്. പതിവുള്ള ചായസല്‍ക്കാരം കഴിഞ്ഞപ്പോള്‍ വരന് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആകാം എന്നൊരു നിര്‍ദേശത്തോടെ എല്ലാവരും കളമൊഴിഞ്ഞു. വരന്‍ പതുക്കെ മുരടനക്കി ചോദ്യോത്തരപരിപാടിക്ക് തയ്യാറായി. കുടുംബപരമായി തടിമില്ലും ബിസിനസും ഒക്കെയാണ് വരന്റെ തൊഴില്‍. ഫോര്‍മാലിറ്റിക്ക് എന്റെ പേരും പഠിത്തവും ഒക്കെ ചോദിച്ചു മനസിലാക്കി. പിന്നെ തനിക്ക് കിട്ടുന്ന മാസവരുമാനത്തിന്റെ കണക്ക് പറഞ്ഞു.സര്‍ക്കാര്‍ ജോലിയെക്കാള്‍ ലാഭകരമാണ് തന്റെ ബിസിനസെന്നും കൂട്ടിച്ചേര്‍ത്തു. അടുത്ത ചോദ്യം ഇങ്ങനെ.  ഈ വീടിരിക്കുന്ന സ്ഥലവും ചുറ്റുപാടും എത്ര സെന്റുണ്ട്? കൃത്യമായി അന്വേഷിച്ചിട്ടില്ല, അച്ഛനോട് ചോദിച്ച് പറയാമെന്ന് ഞാന്‍ മറുപടി നല്‍കി. പിന്നെ സ്ഥലവിലയാണ് സംസാരം. ഏതായാലും അധികം കത്തി സഹിക്കുന്നതിന് മുന്‍പ് ചേട്ടത്തിയമ്മ രംഗത്ത് വന്നതുകൊണ്ട് രക്ഷപ്പെട്ടു. ഇങ്ങനെ പോയാല്‍ കല്യാണം കഴിയുമ്പോഴേ പയ്യന്‍ വീട് വില്ക്കും എന്ന് ഞങ്ങള്‍ക്ക് തോന്നിയതുകൊണ്ട് ആലോചന മരവിപ്പിച്ചു.

അടുത്തത് വരന്‍ സാമാന്യം തരക്കേടില്ലാത്ത വിധം കൈക്കൂലി വാങ്ങുന്ന ആര്‍ ടി ഓഫീസ് ക്ലര്‍ക്കാണ്. പ്രായമാകും മുന്‍പ് കഷണ്ടി കയറിത്തുടങ്ങിയ തലയില്‍ വിഗും വച്ചാണ് കക്ഷി എത്തിയത്. പതിവ് ചായ കഴിഞ്ഞു. ഞാന്‍ ഇന്റര്‍വ്യൂവിന് മുന്നില്‍ നില്‍ക്കുകയാണ് . രംഗത്ത് വരനൊപ്പം വന്നയാളും എന്റെ അച്ഛനും അമ്മാവനും സഹോദരനും. പതിവ് പല്ലവി പോലെ പേരും വിദ്യാഭ്യാസവും ചോദ്യമായെത്തി. അടുത്ത ചോദ്യം എസ് എസ് എല്‍ സി പാസായ വര്‍ഷം ഏതെന്നായിരുന്നു? ( അറ്റസ്റ്റഡ് കോപ്പി ചോദിക്കാഞ്ഞത് ഭാഗ്യം)  പിന്നെ എന്റെ ജോലി, ശമ്പളം, ജോലി സമയം,സര്‍ക്കാര്‍ ജോലിയുടെ ഗുണം ഇങ്ങനെ പോയി സംസാരം. പന്ത്രണ്ട് പി എസ് സി ലിസ്റ്റില്‍ തന്റെ പേരുണ്ടെന്നും പി എസ് സി പരീക്ഷ എഴൂതൂ എന്നും പയ്യന്റെ ഉപദേശം. അടുത്തത്  അച്ഛനോടാണ്. എത്രയാണ് അങ്കിളിന്റെ വാര്‍ഷിക ശമ്പളം? അച്ഛന്‍ ശമ്പളം പറഞ്ഞു. ഞങ്ങളുടെ മേലധികാരിക്കും ഇതേ ശമ്പളസ്‌കെയിലാണെന്നും പയ്യന്‍ അറിയിച്ചു. ആ ചര്‍ച്ച നീണ്ടപ്പോള്‍ സാലറി സര്‍ട്ടിഫിക്കറ്റ് കൂടി ചോദിച്ചാലോ എന്ന് പേടിച്ച് അച്ഛന്‍ വെളിയിലേക്ക് പോയി. അമ്മാവന്‍ ഉണ്ടായിരുന്നതിനാല്‍ ഞാനും രക്ഷപ്പെട്ടു.

പെണ്ണുകാണല്‍ എന്നാല്‍ പെണ്ണിന്റെ സ്വത്ത് വിവരകണക്കെടുപ്പാണ് പലര്‍ക്കും. വിവാഹത്തിന് മുന്‍പേ തന്നെ വരന്റെയും വീട്ടുകാരുടെയും മനസിലിരുപ്പ് ഇതാണെങ്കില്‍ പിന്നെ പറയേണ്ടതില്ലല്ലോ? തരക്കേടില്ലാത്ത ചുറ്റുപാടുകളും ജോലിയും വിദ്യാഭ്യാസവും എല്ലാം ഉണ്ടായിട്ടും ഇതാണ് അവസ്ഥ.  ചിലരുടെ ആശങ്ക ഇങ്ങനെയാണ്.അച്ഛന്റെയും അമ്മയുടെയും കാലശേഷമേ സ്വത്തുക്കള്‍ പേരില്‍ കിട്ടുകയുള്ളോ? അതോ ഇപ്പോഴേ എഴുതിത്തരുമോ? മറ്റ് ചിലര്‍ ഇങ്ങനെ നമ്പറിടും, ചെറുക്കന്റെ പെങ്ങള്‍ക്ക് 100 പവനും കാറുമായിരുന്നു…പിന്നെ ചേട്ടന്റെ ഭാര്യയ്‌ക്ക് ഇത്രയാണ് കിട്ടിയത്…ഇതിലൊക്കെ എത്ര വാസ്തവം ഉണ്ടാകും എന്ന് കണ്ടറിയണം. വരന്റെ വീട്ടുകാര്‍ക്ക് കിട്ടുന്നെങ്കില്‍ കിട്ടട്ടേ, പോയാല്‍ ഒരു വാക്കല്ലേ എന്ന മനോഭാവം. കല്യാണം കഴിക്കുന്നത് തന്നെ കച്ചവടം പോലെ കരുതുന്നവരെ എന്തു ചെയ്യാനാണ്?  എന്തായാലും ഇവര്‍ക്കും സഹോദരിമാരുണ്ടല്ലോ, അല്ലെങ്കില്‍ നാളെ പെണ്‍മക്കള്‍ ഉണ്ടാകുമല്ലോ എന്നൊക്കെ ചിന്തിച്ചാല്‍ കൊള്ളാം. വിവാഹം സ്വര്‍ഗത്തില്‍ നടന്നാലും ഭൂമിയില്‍ അത് നരകമാകരുതേ എന്ന് പ്രാര്‍ത്ഥിക്കാം അല്ലാതെന്തു ചെയ്യാന്‍?

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.