HOME

സഞ്ചാരസാഹിത്യം

CLICK TO BUY THIS

Sancharasahithyam 1&2
Complete travelogue by S K Pottekkatt
Publisher: DC Books, Kottayam  Pages: 1108 + 900 Hard Bound   Price: INR 850.00

മലയാളത്തില്‍ സഞ്ചാരസാഹിത്യത്തിന് മറുവാക്കാണ് എസ് കെ പൊറ്റെക്കാട്. ഓരോ യാത്രാനുഭവങ്ങളെയും അക്ഷരങ്ങളിലൂടെ അദ്ദേഹം അവിസ്മരണീയമാക്കിരിക്കുന്നു. രണ്ടു പുസ്തകങ്ങളടങ്ങിയ ഈ സമ്പൂര്‍ണ്ണസമാഹാരം യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ്. ഓരോ രാജ്യത്തെയും അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദം. സാഹിത്യകുതുകികള്‍ക്ക് മികച്ചൊരു വായനാനുഭവവും

കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, കയ്‌റോ കത്തുകള്‍, ക്ലിയോപാട്രയുടെ നാട്ടില്‍ എന്നിങ്ങനെ ആഫ്രിക്ക-യൂറോപ്പ് സഞ്ചാരത്തിന്റെ വര്‍ണനകളും, യാത്രാ സ്മരണകള്‍ (അഖണ്ഡഭാരതം), കാഷ്മീര്‍  (രാജവാഴ്‌ചയില്‍), ഹിമാലയസാമ്രാജ്യത്തില്‍, നേപ്പാള്‍യാത്ര, മലയാനാടുകളില്‍, ഇന്‍ഡൊനേഷ്യന്‍ ഡയറി, ബാലിദ്വീപ് എന്നിങ്ങനെ ഏഷ്യന്‍ യാത്രയും വിവരിക്കുന്നു. വായനയില്‍ ഓരോ ഇടവും കണ്‍മുന്നില്‍ മിന്നിമായുന്ന പ്രതീതിയാണ് ഈ സമാഹാരങ്ങള്‍ സമ്മാനിക്കുക.

EXCERPTS

മേരു പര്‍വ്വതത്തിന്റെ അടിവാരത്തിലുള്ള ജനബഹുലമായ ഒരു പട്ടണമാണ് അരൂഷ. ഇവിടത്തെ കാലാവസ്ഥയും കാര്‍ഷികനിലങ്ങളും യൂറോപ്യര്‍ക്കു വളരെ പറ്റിയ തരത്തിലാകയാല്‍, ധാരാളം വെള്ളക്കാര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ യൂറോപ്പിലെ കാക്കസസ്സ് പ്രദേശങ്ങളില്‍നിന്നു ധാരാളം റസ്സോ-ജര്‍മ്മന്‍കാരും ബോവര്‍ യുദ്ധത്തിനുശേഷം ദക്ഷിണാഫ്രിക്കയില്‍ നിന്നു ധാരാളം ബോവര്‍മാരും (ദക്ഷിണാഫ്രിക്കയിലെ ഡച്ചുകാരായ കൃഷിക്കാര്‍) അരൂഷയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഉത്തരടങ്കാനിക്കയിലെ മുഖ്യമായ വെള്ളസങ്കേതം, മേരുവിന്റെ പരിസരമാണെന്നു പറയാം.

മോഷിയെപ്പോലെതന്നെ അറബിക്കാപ്പിയാണ് ഇവിടത്തെ പ്രധാനകൃഷി. ഇംഗ്ലീഷ് പച്ചക്കറികളും നല്ലൊരുത്പന്നമാണ്. ദക്ഷിണാഫ്രിക്കയില്‍നിന്നു വന്നവരധികവും കാലിവളര്‍ത്തല്‍ തൊഴിലാക്കിയിരിക്കുകയാണ്. മലഞ്ചെരിവുകളില്‍ മേച്ചില്‍സ്ഥലങ്ങള്‍ അറ്റമില്ലാതെ കിടക്കുന്നു. കേപ്പ്-കൈറോ റോഡിന്റെ മദ്ധ്യബിന്ദു അരൂഷയിലെ ഒരു തെരുവിലാണ്. അരൂഷ എന്റെ യാത്രയിലെയും ഒരു സ്മരണീയകേന്ദ്രമാണ്. ഞാന്‍ ആഫ്രിക്കന്‍ വന്‍കരയില്‍ 5,000 മൈല്‍ യാത്ര പൂര്‍ത്തിയാക്കിയത്, അരൂഷയിലെത്തിയപ്പോഴാണ്. അരൂഷയ്ക്കടുത്ത് ‘ങ്കാരെസേരോ’ എന്ന സ്ഥലത്ത് അതികമനീയമായ ഒരു പൂന്തോട്ടമുണ്ട്. ഇവിടത്തെ മണ്ണിലും കാലാവസ്ഥയിലും വളര്‍ത്താവുന്ന ലോകത്തിലെ എല്ലാത്തരം പുഷ്പങ്ങളും ങ്കാരെസേരോവിനെ അലങ്കരിക്കുന്നു. ഒരു പളുങ്കുതടാകത്തില്‍ പ്രതിഫലിക്കുന്ന പുഷ്പസമൃദ്ധിയുടെ വര്‍ണ്ണോജ്ജ്വലത ഒന്നു കാണുക തന്നെ വേണം.

മസായി രാജ്യത്തില്‍, 625 ചതുരശ്രമൈല്‍ സ്ഥലം അപഹരിച്ചെടുത്ത ഒരു കൂറ്റന്‍ മലയാണ് മേരു. 14,960 അടി പൊക്കമുള്ള ഈ മല, വളരെ പഴക്കമില്ലാത്ത ഒരഗ്നിപര്‍വ്വതമാണ്. ഇതിന്റെ ചില കോണുകളില്‍ നിന്ന് ഇപ്പോഴും ചില കാലങ്ങളില്‍ പുക പൊങ്ങുന്നതു കാണാമത്രെ. ഈ മല കയറാന്‍ ആരും ശ്രമിച്ചിട്ടില്ല. കിളിമഞ്ജാറോവിന്റെ ഉപരിതലം പോലെ അത്ര സസ്യസമൃദ്ധമല്ല മേരുവിന്റെ പാര്‍ശ്വങ്ങള്‍. അരൂഷയിലെ നാട്ടുകാരായ ജനങ്ങളില്‍ വലിയൊരു ഭാഗം അറബിസന്താനങ്ങളായ കാപ്പിരികളാണ്. ക്രിസ്ത്യന്‍മിഷനറിമാര്‍ മാര്‍ഗ്ഗം കൂട്ടി,
പരിഷ്‌കൃതരാക്കിയെടുത്ത കാപ്പിരികളും ധാരാളമുണ്ട്. കാപ്പികൃഷിയും കന്നുകാലിവളര്‍ത്തലും തൊഴിലാക്കി, ധനവാന്‍മാരായിത്തീര്‍ന്ന നാട്ടുകാരും ഇവിടെയുണ്ട്.

ഞാന്‍ മേരു മലയോരങ്ങളിലും മസായി ഗ്രാമങ്ങളിലും ചുറ്റിനടന്നു സമയം കഴിച്ചു. ഒരു ദിവസം എന്റെ ആതിഥേയന്‍ മി.പട്ടേലിന്റെ മകന്‍ രസിക്‌ലാലിന്റെ കൂടെ ഞാന്‍ അരൂഷയിലെ ഒരു ഡയറിഫാമില്‍ ചെന്നപ്പോള്‍ അവിടെ കറുത്തു കുറുതായ ഒരു താടിക്കാരന്‍  ഇരിക്കുന്നതുകണ്ടു. ആ പാല്‍ക്കമ്പനി ഒരു സിക്കുകാരന്റെ വകയാണെന്നു രസിക്‌ലാല്‍  പറഞ്ഞപ്പോള്‍ അവിടെയിരിക്കുന്നയാളും തലപ്പാവു ധരിക്കാത്ത ഒരു സിക്കുകാരനായിരിക്കുമെന്നു ഞാനൂഹിച്ചു. ഞങ്ങള്‍ അന്യോന്യം സംസാരിച്ചപ്പോഴാണ് കളളി മനസ്സിലായത്. വിദ്വാന്‍ കണ്ണൂര്‍ക്കാരനായ ഒരു സുകുമാരനാണ്.

സുകുമാരന്റെ നിര്‍ബന്ധപ്രകാരം എനിക്ക് അദ്ദേഹത്തിന്റെ അതിഥിയായി മാറിത്താമസിക്കേണ്ടിവന്നു. തനിക്കുപുറമേ മലയാളിയായി അരൂഷയില്‍, കോഴിക്കോട്ടുകാരനായ ഒരു കൃഷ്ണമേനോന്‍ ഉണ്ടെന്ന് സുകുമാരന്‍ പറഞ്ഞു. അന്നു വൈകുന്നേരം കൃഷ്ണമേനോന്‍ അവിടെ വന്നു. അങ്ങനെ മേരുമലയുടെ അടിവാരത്തില്‍ ഞങ്ങള്‍ മൂന്നു മലയാളികള്‍ ഒന്നിച്ചുചേര്‍ന്നു. കൃഷ്ണമേനോനുമായി പരിചയപ്പെട്ടത് എന്റെ യാത്രയെസ്സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമായിരുന്നു. മേരു പാര്‍ശ്വത്തിലെ ഗ്രാമങ്ങളെയും ജനങ്ങളെയുംകുറിച്ച് അത്രയേറെ പരിചയവും പരിജ്ഞാനവുമുള്ള മറ്റൊരാളെ കണ്ടുകിട്ടുക പ്രയാസമാണ്. അരൂഷയ്ക്കടുത്ത പല കാട്ടുഗ്രാമങ്ങളിലും മേനോന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. മേരുമലയുടെ ചെരിവിലുള്ള ‘സഹവാരി’ എന്ന കുഗ്രാമത്തിലേക്കു മസായികളുടെ പാര്‍പ്പിടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഞങ്ങളൊരു സാഹസികയാത്ര നടത്തുകയുണ്ടായി. മേരുമലയുടെ അടിവാരത്തില്‍ മലയാളം സംസാരിച്ചുകൊണ്ടു ഞങ്ങള്‍ ചുറ്റിനടന്നതും മസായി രാക്ഷസന്‍മാര്‍ ഞങ്ങളെ രൂക്ഷമായി നോക്കിയപ്പോള്‍ മേനോന്‍ മസായിഭാഷയില്‍ അവരോട് എന്തോ പറഞ്ഞതും അവര്‍ പൊട്ടിച്ചിരിച്ചതും ഞാന്‍ മറക്കുകയില്ല.

മേനോന് ഇവിടത്തെ എല്ലാ കാപ്പിരിവര്‍ഗ്ഗങ്ങളുടെയും ഭാഷ സംസാരിക്കാനറിയാം. ആള്‍ ഒരു ഫലിതക്കാരനുമാണ്. ഫലിതം പറയുന്ന പുരുഷനെ കാപ്പിരിസ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുമത്രെ. വഴിയില്‍ കണ്ട സകല പെണ്ണുങ്ങളോടും മേനോന്‍ ലോഗ്യം പറയാന്‍ നില്ക്കും- മുന്‍പരിചയമൊന്നു വേണ്ട മൂപ്പര്‍ക്ക് എന്തെങ്കിലും ചോദിക്കാന്‍ കാണും; സംഭാഷണം അങ്ങനെ തുടര്‍ന്നുപോകും; ഒടുവില്‍ അര്‍ത്ഥഗര്‍ഭമായൊരു പുഞ്ചിരി സമ്പാദിച്ചു പിരിയുകയും ചെയ്യും.

സുമുഖനും ചെറുപ്പക്കാരനുമായ ഈ മലയാളി മേരുപാര്‍ശ്വത്തിലെ ഒരു മിസ്റ്ററിയാണ്. മേനോന്‍ ഇവിടെ എങ്ങനെ എത്തിച്ചേര്‍ന്നു? എവിടെ ജോലി ചെയ്യുന്നു? ചുരുക്കത്തില്‍ എങ്ങനെ ജീവിക്കുന്നു? അരൂഷയിലെ ഇന്ത്യാക്കാര്‍ക്കാര്‍ക്കും അറിഞ്ഞുകൂടാ. അരൂഷയിലെ ഒരു മോട്ടോര്‍കമ്പനിയിലാണ് ജോലിയെന്നും ഇപ്പോള്‍ താന്‍ ലീവിലാണെന്നുമാണ് മേനോന്‍ എന്നോടു പറഞ്ഞിരുന്നത്. താടിക്കാരന്‍ സുകുമാരന്‍ മേനോനെപ്പറ്റി മറ്റൊരു പ്രകാരത്തിലാണ് പറഞ്ഞത്. മേനോന്റെ താമസസ്ഥലം ആര്‍ക്കും അറിഞ്ഞുകൂടാ. ഇസ്തിരിവെച്ച പാന്റും ഷര്‍ട്ടുമിട്ട് മേനോന്‍ വൈകുന്നേരം എവിടെനിന്നോ വരുന്നതു കാണാം. അത്രമാത്രം. രണ്ടുദിവസത്തെ പരിചയം കൊണ്ട് മേനോനെപ്പറ്റി ഒരു സംഗതി എനിക്കു മനസ്സിലായി. മേനോന് ആണ്‍ചങ്ങാതിമാരെക്കാള്‍ അധികം പെണ്‍ചങ്ങാതിമാരാണുള്ളത്.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.