ഇതു പ്രണയമോ അതോ ഭ്രാന്തോ?
-ആമി ആനന്ദ്, ചെന്നൈ
പ്രണയവും പ്രണയഭംഗവും പറഞ്ഞും എഴുതിയും അനുഭവിച്ചും അറിയാത്തവരുണ്ടാകില്ല. പ്രണയം എന്തെന്ന് അറിയാത്ത പ്രായത്തിലാണ് ഞാന്‍ ഒരു പ്രണയിനിയെ പരിചയപ്പെടുന്നത്. എന്താണ് അവരുടെ ഉള്ളിലെ വികാരമെന്ന് അന്ന് ചിന്തിച്ച് ഞാന്‍ അന്തംവിട്ടിരുന്നിട്ടുണ്ട്. പിന്നീട് ഇതൊരു വട്ടന്‍വികാരമാണെന്നും തോന്നിയിട്ടുണ്ട്.
ഞാന്‍ അന്ന് ആറാംക്ലാസില്‍ പഠിക്കുകയാണ്. അച്ഛന്റെ ജോലിയില്‍ ട്രാന്‍സ്ഫര്‍ ഉണ്ടായപ്പോള്‍ എന്റെ പഠനവും പറിച്ചുനടപ്പെട്ടു. നാട്ടിലെ സ്‌കൂളില്‍ നിന്നും ആലപ്പുഴയിലെ ഒരു സ്‌കൂളിലേക്കായിരുന്നു ആ മാറ്റം. ഒരു നാട്ടിന്‍പുറത്തായിരുന്നു എന്റെ സ്‌കൂള്‍, ഞങ്ങളുടെ വാടകവീടും അതിനടുത്ത് തന്നെ. വലിയൊരു തെങ്ങുതോപ്പിന് നടുവിലെ ഞങ്ങളുടെ വീടിന് സമീപമുണ്ടായിരുന്നത് അമ്മിണിചേച്ചിയും അവരുടെ ഭര്‍ത്താവും രണ്ട് മക്കളുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ പെട്ടെന്ന് കൂട്ടായി. എന്നെക്കാള്‍ ഒരു വയസിന് മൂത്ത കുട്ടിയും നാല് വയസിന് ഇളയ കുട്ടിയും. അവര്‍ ടൗണിലെ സ്‌കൂളിലാണ് പഠിച്ചിരുന്നത്. വൈകുന്നേരങ്ങളിലാണ് ഞങ്ങള്‍ പന്ത് കളിയും ഒക്കെയായി ഒത്തുകൂടുന്നത്. അങ്ങനെയൊരു വൈകുന്നേരമാണ് മേല്‍പ്പറഞ്ഞ കഥാപാത്രം, ആനിച്ചേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത്.
ആനിച്ചേച്ചി അമ്മിണിച്ചേച്ചിയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളായിരുന്നു. പ്രസരിപ്പുളള ചെറിയ മുഖവും ഇരുനിറവും കണ്ണുകളില്‍ നിറയുന്ന വിഷാദവും ഇതായിരുന്നു ആനിച്ചേച്ചി. ചേച്ചിക്കന്ന് 30 വയസോളം പ്രായമുണ്ടായിരുന്നു. ആ പ്രായത്തിലെ ഒരു സ്ത്രീക്ക് വേണ്ട യാതൊരു ചമയങ്ങളുമില്ലാതെയാണ് ഞാന്‍ ആനിച്ചേച്ചിയെ കണ്ടിട്ടുള്ളത്. എന്നാലതിന്റെ രഹസ്യം എനിക്കറിയില്ലായിരുന്നു. ടൗണിലെ വീട്ടില്‍ നിന്ന് ചേട്ടനും ചേച്ചിക്കും ഒപ്പം കുറച്ച് ദിവസം ചെലവഴിക്കാന്‍ വന്നതായിരുന്നു അവര്‍. ഞങ്ങള്‍ കുട്ടികളുമായി ചേച്ചി നല്ല കൂട്ടായിരുന്നു. ചേച്ചി നന്നായി പാടുമായിരുന്നു. ‘രാജഹംസമേ മഴവില്‍ക്കുടിലില്‍’ എന്ന പാട്ട് ഞാന്‍ ആദ്യമായി കേട്ടത് അവരുടെ നാവില്‍ നിന്നായിരുന്നു. ആ പാട്ട് പാടുമ്പോള്‍ അവരുടെ മിഴികള്‍ നിറഞ്ഞിരുന്നു. അന്നത്തെ പ്രായത്തില്‍ അതിന്റെ അര്‍ത്ഥവും വ്യാകരണവുമൊന്നും എനിക്ക് മനസിലായിരുന്നില്ല. ചേച്ചി പാടിയിരുന്ന പാട്ടുകളിലെല്ലാം ദുഖമായിരുന്നുവെന്ന് മാത്രം മനസിലായി.
ആനിച്ചേച്ചി ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന ഒരു കാര്യം അവരുടെ വിവാഹത്തെ കുറിച്ച് സംസാരിക്കുന്നതായിരുന്നു. അതിന്റെ കാരണം അന്വേഷിച്ചെങ്കിലും കുട്ടികളിതൊന്നും അറിയണ്ട എന്ന ഭാവമായിരുന്നു എല്ലാവര്‍ക്കും. ഒരിക്കല്‍ എന്റെ അമ്മയുമായി അമ്മിണിചേച്ചി ആനിചേച്ചിയുടെ കാര്യം സംസാരിക്കുന്നതാണ് ഞാന്‍ കേട്ടത്. ആനിച്ചേച്ചിയുടെ കോളജ് പഠനകാലമാണ് അവരെ വിഷാദത്തിന്റെ തടവുകാരിയാക്കിയത്.
ആനിച്ചേച്ചിയും കൂട്ടുകാരും നഗരത്തിലെ കോളജിലേക്ക് പോകാന്‍ നില്ക്കുന്ന നാട്ടിന്‍പുറത്തെ ബസ് സ്റ്റോപ്പാണ് രംഗം. നിരവധി കുട്ടികള്‍ നില്ക്കുന്ന ബസ് സ്റ്റോപ്പിന് എതിര്‍ വശത്ത് ഒരു കടയാണുള്ളത്. അവിടെ പതിവായി വരുന്ന ഒരാള്‍ കൃത്യമായി ആനിച്ചേച്ചിയും കൂട്ടരും നില്ക്കുന്നിടത്തേക്ക് നോക്കിയാണ് ഇരിക്കാറുള്ളത്. രണ്ട് മൂന്ന് ദിവസങ്ങള്‍ ഇതാവര്‍ത്തിച്ചപ്പോള്‍ ആനിച്ചേച്ചിയുടെ സുഹൃത്തുക്കള്‍ ഒരു കാര്യം കണ്ടുപിടിച്ചു. അയാള്‍ നോക്കുന്നത് ആനിച്ചേച്ചിയെ തന്നെയാണ്. കൂട്ടുകാര്‍ ഇത് പറഞ്ഞപ്പോള്‍ ആനിച്ചേച്ചി കളിയായി ചിരിച്ച് തള്ളി. പ്രണയമല്ലേ അങ്ങിനെ അങ്ങ് തള്ളിക്കളഞ്ഞാലും തിരിച്ച് വരും. കൂട്ടുകാര്‍ പറഞ്ഞത് പരീക്ഷിക്കാന്‍ ചേച്ചിയും നോക്കി. സത്യമാണ് അയാള്‍ നോക്കുന്നത് ചേച്ചി നില്ക്കുന്നിടത്തേക്കാണ്. യാദൃശ്ചികമായി നോട്ടം പതിഞ്ഞ ദിവസം അയാള്‍ ചിരിക്കുകയും ചെയ്തു. ഇതോടെ കൂട്ടുകാരുടെ പ്രോത്സാഹനവും ഏറി. അടുത്ത രണ്ട് ദിവസങ്ങളില്‍ അയാളെ കാണാനില്ലായിരുന്നു. ആ രണ്ട് ദിവസം ആനിച്ചേച്ചിക്ക് വല്ലാത്ത ശൂന്യത ആണ് തോന്നിയത്. സംഗതി പ്രണയമാണല്ലോ പതുക്കെ കത്തിക്കയറി തുടങ്ങി. എരിതീയില്‍ എണ്ണ പോലെ സുഹൃത്തുക്കളും നന്നായി സഹായിച്ചു. ഒരു ദിവസം അവരിലൊരാള്‍ അയാള്‍ തന്നതാണെന്നും പറഞ്ഞ് ചേച്ചിക്ക് ഒരു കത്ത് കൊണ്ടു കൊടുത്തു. ഇതോടെ ആനിച്ചേച്ചി അയാളെ തീവ്രമായി പ്രണയിച്ച് തുടങ്ങി. എന്നാല്‍ രണ്ടുപേരും പര്‌സ്പരം സംസാരിക്കുക പോലും ചെയ്തില്ലെന്നതാണ് ഏറെ അത്ഭുതം. പ്രണയത്തിന് വാക്കുകളേക്കാള്‍ വാചാലം മൗനമാണെന്നൊക്കെ ചേച്ചിയും ധരിച്ചിരിക്കാം.
പിന്നീട് കുറച്ച് നാള്‍ അയാള്‍ ബസ് സ്റ്റോപ്പില്‍ വന്നില്ല. എന്നാല്‍ കൂട്ടുകാരികള്‍ ഓരോ ദിവസവും നിരവധി കാര്യങ്ങള്‍ അയാളെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ ചേച്ചിയുടെ ലോകത്ത് അയാള്‍ സജീവമായിരുന്നു. പിന്നീട് ചേച്ചി അയാളെ കാണുന്നത് അതേ ബസ് സ്റ്റോപ്പില്‍ വച്ചായിരുന്നു. ഒപ്പം സുന്ദരിയായ ഒരു പെണ്‍കുട്ടിയും. ചിരിച്ചും കളിച്ചും അവര്‍ മുന്നിലൂടെ കടന്നുപോയപ്പോള്‍ ബസ് സ്റ്റോപ്പില്‍ ചേച്ചി ബോധം കെട്ടുവീണു. ഹോസ്പിററലില്‍ വച്ചാണ് വീട്ടുകാര്‍ ഈ പ്രണയകഥയറിയുന്നത്. കാമുകനെ അന്വേഷിച്ച് പോയവരോട് അങ്ങനെയൊരു പെണ്‍കുട്ടിയെ തനിക്കറിയില്ലെന്ന് അയാള്‍ പറഞ്ഞു. താന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചുവെന്നും അവരെത്തന്നെ വിവാഹം ചെയ്തുവെന്നും പറഞ്ഞതോടെ ആ കഥ കഴിഞ്ഞു. ചേട്ടന്‍ കൂട്ടുകാരികളോട് അന്വേഷിച്ചപ്പോള്‍ വെറുതെ ഒരു തമാശയ്ക്ക് തങ്ങള്‍ ചെയ്തതാണെന്ന മറുപടിയില്‍ പാവം ആനിച്ചേച്ചി പരിഹാസ്യയായി. ചേച്ചി സ്ഥിരമായി ബസ് കയറുന്ന സ്‌റ്റോപ്പില്‍ അവര്‍ നില്ക്കുന്നതിനും പുറകില്‍ നില്ക്കുന്ന പെണ്‍കുട്ടിയെയായിരുന്നു കഥാനായകന്‍ പ്രണയിച്ചിരുന്നത്. ആ കുട്ടിയെ പ്രതീക്ഷിച്ചാണ് നിന്നത്, അവളെ നോക്കിയാണ് ചിരിച്ചത്. ഒടുവില്‍ അവളെ തന്നെ അയാള്‍ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെ ഒരു പ്രണയം പൂവിട്ടപ്പോള്‍ പറയാതെ പോയ പ്രണയം വാടിക്കൊഴിഞ്ഞുപോയി.
കഥയറിയാതെ ആനിച്ചേച്ചി കുറച്ച് കാലം വിഷാദത്തിന്റെ പിടിയിലമര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് കാര്യങ്ങളെല്ലാം എല്ലാവരും ചേര്‍ന്ന് ചേച്ചിയോട് പറഞ്ഞുവെങ്കിലും ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനമായിരുന്നു അവരുടേത്. അയാളെ മറക്കാനായി പ്രാര്‍ത്ഥനകളും പള്ളിയുമായി പിന്നെയുള്ള അവരുടെ ജിവിതം.
മമ്മിയും അമ്മിണിച്ചേച്ചിയും ആനിച്ചേച്ചിയുടെ അവസ്ഥയില്‍ പരിതപിച്ചപ്പോഴും ഞാന്‍ ചിന്തിച്ചത് ഇതിലെന്താണ് ഇത്ര ഫീലിങ്ങ്‌സ് എന്നായിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരാളെ ഓര്‍ത്ത് ജീവിതം പാഴാക്കുന്ന വിഡ്ഢിയായാണ് അവരെ ഞാന്‍ കാണുന്നത്. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ആ നാടിനോട് വിടപറയുമ്പോഴും ആനിച്ചേച്ചി വിവാഹിതയായിരുന്നില്ല. പിന്നീട് ആ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞുമില്ല. ആനിച്ചേച്ചി വിവാഹം കഴിച്ചോ? അതോ ഒരിക്കലും സ്‌നേഹിക്കാത്ത ഒരാളെ ഓര്‍ത്ത് ജീവിതം പാഴാക്കിയോ എന്നൊക്കെ ഇടയ്ക്ക് ഞാന്‍ ഓര്‍ക്കാറുണ്ട്. എന്നെങ്കിലും ആ നാട്ടില്‍ പോയാല്‍ അവരുടെ വീട്ടില്‍ പോകണമെന്നാണ് ആഗ്രഹം. തിരിച്ച് കിട്ടാത്ത പ്രണയത്തിനു വേണ്ടി ജീവിതം കളയാതെ വിവാഹിതയായി അവര്‍ ജീവിക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.


