HOME

മറവി

-ഷൈനി ജേക്കബ് ബഞ്ചമിന്‍

ഞാന്‍ നിന്നെ മറന്നതല്ല
ആനറാഞ്ചി പക്ഷികള്‍
നിന്റെ ശരീരത്തുനിന്ന്
എന്നെ റാഞ്ചിയെടുത്ത
ആ ദിവസം
ഞാനോര്‍മ്മിച്ചുവെച്ചതാണ്.
ഒരു വലിയ നിലവിളിയുടെ
ഗുഹാമുഖം മാത്രമേ
എനിക്കോര്‍മ്മയുള്ളൂ.
അതിനപ്പുറം
പ്രളയമായിരുന്നു.
പ്രളയമൊന്നും
അവശേഷിപ്പിക്കില്ല.
പ്രളയത്തെ
തടയാനുമാവില്ല.
പ്രളയം
കാവ്യനീതിയാണ്.

നിന്നെ ഞാന്‍ മറന്നതല്ല
ഞാനോര്‍മ്മിച്ചു വച്ചതുമാണ്.
ആനറാഞ്ചി പക്ഷികള്‍
നിന്റെ മനസില്‍നിന്ന്
എന്നെ കൊത്തിയെടുത്ത ദിവസം.
ഒരു വലിയ നിലവിളിയുടെ
നക്ഷത്ര യുദ്ധം മാത്രമേ
എനിക്കോര്‍മ്മയുള്ളൂ.

സൗരയൂഥത്തിന്റെ
ഗര്‍ഭപാത്രം
കലങ്ങിയതവരറിഞ്ഞില്ല
യുഗങ്ങളായ്
ഒരേ നൂലില്‍
കെട്ടപ്പെട്ടവര്‍
പക, ലാവയായ്
സ്‌നേഹമുറച്ചതുമവരറിഞ്ഞില്ല.

ഞാന്‍ നിന്നെ മറന്നതല്ല
ഓര്‍ക്കാന്‍, ഓര്‍ത്തുവച്ചതുമാണ്
നിന്റെ ആത്മാവില്‍നിന്ന്
ആനറാഞ്ചി പക്ഷികള്‍
എന്റെ കണ്ണുകള്‍ കൊത്തിപ്പറന്ന
ദിവസം
ഒരു വലിയ നിലവിളിയുടെ
കുരുക്ഷേത്ര യുദ്ധം
മാത്രമേ
എനിക്കോര്‍മ്മയുള്ളൂ.

ജയവും തോല്‍വിയു-
മെനിക്കോര്‍മ്മയില്ല.
സ്‌നേഹത്തിന്റെ
പറഞ്ഞുതീരാ കണക്കുകളുടെ
ആത്മാക്കള്‍
ശവക്കൂനകള്‍ക്കു മേലെ
ഗതിയില്ലാതലഞ്ഞുനടന്നു.

പേരറിയാത്തവരുടെ
ശവങ്ങള്‍ക്ക് – ജീവിതത്തിലും
ശവങ്ങള്‍ എന്നുമാത്രം പേര്.
അധികാരം ഇല്ലാത്തവരുടെ ചാവേര്‍
പാണന്മാര്‍ക്കു പാട്ടാവില്ല.
മുപ്പതു വെള്ളികാശിലേ
ചരിത്രം, കുറിപ്പുകളെഴുതുകയുള്ളൂ.
രണ്ടും കെട്ടവര്‍-
രാജാക്കന്മാരും
മന്ത്രിമാരും അല്ല.
തന്തയില്ലാത്തവരും
വേശ്യകളുമാണ്.
ശവകുടീരത്തില്‍
പേരെഴുതേണ്ടാത്തവര്‍.
തെമ്മാടിക്കുഴിയില്‍
അടക്കപ്പെടേണ്ടവര്‍.
ഓര്‍ക്കപ്പെടേണ്ടാത്തവര്‍.
സ്വയം-
മറവി ആഗ്രഹിക്കുന്നവര്‍.

ഞാന്‍ നിന്നെ മറന്നതല്ല.
ഓര്‍ത്തുവച്ചതുമാണ്.
ആനറാഞ്ചി പക്ഷികള്‍
നിന്റെ സ്‌നേഹത്തില്‍നിന്ന്
എന്നെ കൊത്തിപ്പറിച്ച ദിവസം
ഓര്‍ക്കണേ… ഓര്‍ക്കണേ
എന്നു ഞാന്‍ നിലവിളിച്ചതുമാണ്.

1 Comment

  1. Unexpectdley my ways reached in Indulekha, I don’t know what to say about this site – un compairable..? May be more, but each dishes served in Indulekha is so delicious,well decorated,after all I become in addiction with it.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.