സുഖകാല കീര്‍ത്തനം
-ഡി. സന്തോഷ്
സുന്ദരമല്ലേ നമ്മുടെ കാലം
സുകൃതികളല്ലേ ഞാനും നീയും?
നന്മകള് നമ്മുടെ മണ്ണില്‍ വിതയ്ക്കാന്‍
നമ്മുടെ ജീവനു കാവല്‍ നില്ക്കാന്
തമ്മില്‍ തമ്മില്‍ പോരാടുന്ന
വിശാല മനസ്കര്‍ വാഴും കാലം
ഭരണത്തിന് ഭരമവരേല്ക്കുമ്പോള്
വീടിനകത്തു നമുക്കു സുഖിക്കാം
കൂടുകള്‍ തോറും വെള്ളിത്തിരകളി
ലാണും പെണ്ണും പല താളത്തില്‍
കെട്ടിമറിഞ്ഞു പുളയ്ക്കും കാഴ്ചയി
ലന്തികള് പൂത്തു കൊഴിഞ്ഞീടുവതും
വഴികളിലെല്ലാമിരുള് വീഴുവതും
അറിയാതിങ്ങനെ കഴിയാനാകും
സുകൃതികളല്ലേ ഞാനും നീയും
ഉണ്ടുമുറങ്ങിയുമിടവേളകളില്
വായ്ത്തല പോയ കിനാവുകള്‍ കണ്ടും
വേലകള്‍ കൂലികള്‍ പലവിധമാധിക
ളിങ്ങനെയിങ്ങനെ മാത്രം ചിന്തി
ച്ചെന്മാളത്തില് മയങ്ങാന്‍ കഴിയും
നമ്മുടെ കാലം സുന്ദരമല്ലേ
ഒരു പടയിലുമില്ലിന്നാവേശം
ഒരു കൊടിയിലുമില്ലിന്നുത്സാഹം
നമ്മുടെ ഭൂമിയിലൊരു കാലത്തും
സ്വര്‍ഗ്ഗം വിടരുകയില്ലെന്നറിയും
ജ്ഞാനികളല്ലേ ഞാനും നീയും
ചിന്തയിതൊന്നേ ഞാ, നെന് വീട്
എന്റെ കളത്രം, എന്റെ കിടാങ്ങള്‍
എന്‍ തൊഴിലെന്വഴിയെന്റെ കസേര,
എന്റെ കിടക്ക, എന്റെ കുടുക്ക,
എന്റെ പിറന്നാ, ളെന് ജലദോഷം
ഇങ്ങനെ കഴിയാന്‍ കഴിയും കാലം
സുന്ദരമല്ലെന്നെങ്ങനെ പറയും?
നമ്മുടെയുണ്ണികളെത്ര മിടക്കര്
നമ്മുടെയഴുകിയ ഭാഷ വെടിഞ്ഞവര്‍
മണ്ണിലിരുന്നു കളിച്ചിട്ടില്ല
അമ്മേയെന്നു വിളിച്ചിട്ടില്ല
മഴയില്‍ നനഞ്ഞു പനിച്ചിട്ടില്ല
കവിതയില്‍ വീണു പുകഞ്ഞിട്ടില്ല
നമ്മുടെ ബാല്യം കാട്ടിക്കൂട്ടിയ
വിഡ്ഡിത്തങ്ങളില് വീണിട്ടില്ലവര്
സുന്ദരമല്ലേയിവരുടെ ഭാവി
സുകൃതികളല്ലേ ഞാനും നീയും.


