HOME

കഥയില്‍ അവശേഷിക്കുന്നത്

– സീനത്ത് കൊച്ചുബാവ

എവിടെയോ മാറി നിന്ന് കഥയെഴുതുകയാണ് ഇക്ക. അല്ലെങ്കിലും ഇക്ക അങ്ങനെയായിരുന്നുവല്ലൊ. കഥയെഴുത്തു തലയില്‍ കയറിയാല്‍ എവിടെയെങ്കിലും തമ്പടിക്കും. ഇന്ന സ്ഥലത്തുണ്ടെന്ന് ഫോണ്‍ വിളിച്ചു പറയുമ്പോള്‍ മാത്രമാണ് ഞാനറിയുക. പുസ്തകരചനയും സാഹിത്യപരിപാടികളുമായി ഊരു ചുറ്റുമ്പോള്‍ ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അരികിലുണ്ടാവുക.

ഞങ്ങളെ തനിച്ചാക്കി മണ്‍മറഞ്ഞിട്ടു വര്‍ഷം കഴിഞ്ഞെങ്കിലും ആ ശൂന്യതയുമായി ഇന്നും പൊരുത്തപ്പെടാനാവുന്നില്ല. ഇപ്പോഴും അരികിലുളളതു പോലെ. ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരുപാടു വസ്തുക്കളും എഴുത്തുമുറിയും ആ സ്‌നേഹമസൃണമായ സാമീപ്യം എനിക്ക് തരുന്നു. ആദ്യമായാണ് ഞാന്‍ എന്തെങ്കിലും എഴുതുന്നത്. എല്ലാം വിധിയാണെന്നു സഹിച്ചു ജീവിതത്തിലേക്കു തിരിച്ചുവരുമ്പോള്‍ എന്നെ സാന്ത്വനിപ്പിക്കുന്നതും ഉപദേശിക്കുന്നതും എല്ലാം ഇക്കയാണ്. ഓര്‍മ്മകളെ പൊടിതട്ടി പുറത്തെടുക്കാനുള്ള ശ്രമം എത്ര വിജയിക്കുമെന്നറിയില്ല. എന്നാലും ഇക്കയെ കുറിച്ച് പറയുമ്പോള്‍ അക്ഷരങ്ങള്‍ എന്നെ അനുഗ്രഹിക്കുന്നതു പോലെ തോന്നുന്നു.

ആകെ പന്ത്രണ്ടു വര്‍ഷമാണ് ആ വലിയ മനുഷ്യന്റെ ലാളനയും സ്‌നേഹവും പറ്റി ജീവിച്ചത്. അതില്‍ ഏഴുവര്‍ഷവും ദുബായിലായിരുന്നു. പ്രവാസം ഇക്കയുടെ ജീവിതത്തിലെ ആഹ്‌ളാദത്തിന്റെ കാലമായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ഒരു ദരിദ്രകുടുംബത്തിലാണ് ഇക്ക പിറന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തന്നെ പ്രയാസപ്പെട്ട കുടുംബത്തില്‍ ഈ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്നതിനാലാവാം യാതന സഹിക്കുന്നവരോട് എന്നും അനുകമ്പയായിരുന്നു. തൊഴിലില്ലാതെയും മറ്റുള്ളവരുടെ ചതിയില്‍പ്പെട്ടും പ്രയാസപ്പെടുന്ന ഗള്‍ഫുകാരെ സഹായിക്കാന്‍ ഇക്ക എന്നും മുന്നിലായിരുന്നു. ഇത്തരത്തിലുള്ള പലരും ഗള്‍ഫിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ പതിവു വിരുന്നുകാരായിരുന്നു.

മരണചിന്ത ഇക്കയുടെ മനസ്സില്‍ വളരെ ശക്തമായി രൂപപ്പെട്ടിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. മരിക്കുന്നതിന് ഒന്നുരണ്ടാഴ്ച മുമ്പു തന്നെ വാക്കുകളില്‍ ഇതു നിഴലിച്ചിരുന്നു. വീടിനു പുറത്തായിരുന്ന കുളിമുറി അകത്തുനിന്നുപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ പണിതപ്പോള്‍ ഇക്ക പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. “ഇനി ഞാനില്ലെങ്കിലും പേടിക്കാനില്ലല്ലോ, രാത്രി പുറത്തിറങ്ങുകയും വേണ്ട”. മറ്റൊരു വാചകം ഇങ്ങനെയാണ്.”ഞാന്‍ മരിച്ചാലും നിനക്കും കുട്ടികള്‍ക്കും അടിച്ചുപൊളിച്ചു ജീവിക്കാന്‍ എന്റെ പുസ്തകങ്ങള്‍ തന്നെ ധാരാളം”.
ഓരോ തവണയും റോയല്‍റ്റി കൈപ്പറ്റുമ്പോള്‍ അറംപറ്റിയ ആ വാക്കുകള്‍ എന്നെ അലോസരപ്പെടുത്തുന്നു.

ഗള്‍ഫ് വോയ്‌സിന്റെ പത്രാധിപസ്ഥാനം ഇക്കയെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്. ഓരോ ലക്കവും പുറത്തിറങ്ങാറാകുമ്പോള്‍ സാമ്പത്തികം അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇക്ക ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഞാനടക്കമുള്ള പലരും ഈ ഉത്തരവാദിത്വം ഉപേക്ഷിക്കാന്‍ പലവട്ടം പറഞ്ഞിരുന്നു. ഞാനവര്‍ക്ക് വാക്കുകൊടുത്തതാണ് എന്നു പറഞ്ഞ് അന്നെല്ലാം ഒഴിഞ്ഞുമാറി. മരിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പു കാട്ടൂരില്‍ പോയപ്പോള്‍ ജ്യേഷ്ഠനോട് പറഞ്ഞിരുന്നു, ഗള്‍ഫ് വോയ്‌സ് വിടുകയാണെന്ന്. പക്ഷെ മരിക്കുന്നതിന്റെ അന്നു രാത്രി ഗള്‍ഫ് വോയ്‌സ് നടത്തിപ്പുകാരുടെ ഫോണ്‍ ഗള്‍ഫില്‍ നിന്നും വന്നിരുന്നു. അവര്‍ പറഞ്ഞത്രെ, അടുത്ത ലക്കം മുതല്‍ ഗള്‍ഫ് വോയ്‌സ് നിറുത്തുകയാണെന്ന് .

രചനാവേളയില്‍ ഇക്കയുടെ സ്വഭാവം വളരെ വ്യത്യസ്തമായിരുന്നു. ആരും അടുത്തുചെല്ലുന്നതോ സംസാരിക്കുന്നതോ ഇഷ്ടമല്ല. എഴുതിയവ പത്തും മുപ്പതും തവണ മാറ്റിയെഴുതും. രാത്രിയുടെ ഏകാന്തത ഇക്ക വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.വിവാഹശേഷം എഴുതിയ എല്ലാ കഥകളുടെയും നോവലുകളുടെയും  കയ്യെഴുത്തുപ്രതി ആദ്യം വായിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഇങ്ങനെ ആയാല്‍ നന്ന് എന്നു പറയുമ്പോള്‍ നിശബ്ദമായി ഇക്ക കേട്ടുനില്ക്കും.

കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന സൂക്ഷ്മത ഏറെ ഇഷ്ടപ്പെട്ട സ്വഭാവമാണ്. ആര്‍ക്ക് എന്തു കൊടുത്താലും കിട്ടാനുണ്ടെങ്കിലും വ്യക്തമായി കുറിപ്പെഴുതി വയ്‌ക്കും. പുസ്തകങ്ങള്‍ സുഹൃത്തുക്കള്‍ കൊണ്ടുപോയാല്‍ പോലും എഴുതി വയ്ക്കുമായിരുന്നു.വീട്ടുകാര്യങ്ങള്‍ എന്റെ ഉത്തരവാദിത്വത്തിലായിരുന്നു. ശമ്പളം കിട്ടിയാല്‍ മുഴുവനായും എന്റെയടുത്തു സൂക്ഷിക്കാന്‍ തരും. ആവശ്യങ്ങള്‍ക്കനുസരിച്ച്  കുറച്ചുകുറച്ചു കൈപ്പറ്റും. കുടുംബവുമായും മറ്റും ബന്ധപ്പെട്ടതും ഡോക്ടറുടെ പരിശോധനാരേഖകളും വരെ ഫയല്‍ ചെയ്തു സൂക്ഷിക്കുന്ന സ്വഭാവക്കാരനായിരുന്നു.

കുട്ടിക്കാലത്തെ സ്വാധീനമാണോ എന്നറിയില്ല, ബൈബിള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ഇതിനാല്‍ ഒട്ടേറെ ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ സുഹൃത്തുക്കളായിരുന്നു. ഒരുപാടു കഥകളില്‍ ബൈബിള്‍ വചനങ്ങള്‍ കടന്നുവന്നതും ഈ സ്വാധീനത്താലാവാം. മുന്‍കോപിയായിരുന്നു. കാര്യങ്ങള്‍ ഇഷ്ടപ്രകാരം നടന്നില്ലെങ്കില്‍ ശണ്ഠകൂടും. പക്ഷെ പെട്ടെന്നു തണുത്തു മാപ്പു പറയുകയും ചെയ്യും. അവാര്‍ഡുകളും അംഗീകാരവും വരുമ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു.

എന്നും കുടുംബത്തോടൊപ്പം കഴിയാനാണ് ഇക്ക ആഗ്രഹിച്ചിരുന്നത്. മക്കളുടെ ജന്മദിനം ആഘോഷിക്കാനും അവര്‍ക്കൊപ്പം ഉല്ലസിക്കാനും സമയം കണ്ടെത്തിയിരുന്നു. മലയാളത്തിന്റെ ശ്രദ്ധേയനായ കഥ പറച്ചിലുകാരന്‍ എന്നതിലുപരിയായി ഞാന്‍ മനസിലാക്കിയത് ഭര്‍ത്താവ് എന്ന നിലയ്ക്കാണ്. എന്റെ ഓരോ ആവശ്യവും കണ്ടറിഞ്ഞു നിര്‍വ്വഹിച്ചിരുന്നു. എന്തു പുതിയ വസ്ത്രങ്ങള്‍ കൊണ്ടുവന്നാലും ഇഷ്ടക്കേടുപറയാറില്ല. അത്തരം അഭിപ്രായങ്ങള്‍ ഇക്കയെ ഏറെ വേദനിപ്പിക്കും. ഗള്‍ഫില്‍ താമസിക്കുമ്പോഴേ, എന്റെ ആഗ്രഹമായിരുന്നു ഒരു സ്വര്‍ണ്ണക്കൊലുസ്. ഗള്‍ഫ്‌വാസം നിറുത്തി വരുമ്പോഴാണ് ഇക്ക അതു കൊണ്ടുവന്നത്. അവസാനമായി തന്ന ആ സമ്മാനം ഇന്നും ഞാനണിയാതെ സൂക്ഷിച്ചിരിക്കുകയാണ്.

എത്ര ദൂരെയാണെങ്കിലും ഏതു പാതിരാവിലാണെങ്കിലും മനസ്സു മുഷിഞ്ഞാല്‍ എന്നെ ഫോണില്‍ വിളിക്കും. വിഷമങ്ങള്‍ എണ്ണിയെണ്ണി പറയും.
കോഴിക്കോട് വയനാട് റോഡില്‍ മൂഴിക്കലിനടുത്ത് മകന്‍ നബീലിനും മകള്‍ സുനിമയ്ക്കുമൊപ്പം ഇക്കയുടെ ഓര്‍മ്മകളുറങ്ങുന്ന “ടി.വി കൊച്ചുബാവ” എന്ന വീട്ടില്‍ ഞങ്ങള്‍ ജീവിക്കുന്നു. ഇക്ക ജന്‍മം നല്‍കിയ നൂറുകണക്കിന് കഥാപാത്രങ്ങള്‍ക്കൊപ്പം.

(ഖലീല്‍ ജിബ്രാന്റെ സാന്‍ഡ് ആന്റ് ഫോം എന്ന വിഖ്യാതകൃതി മണലും പതയും എന്ന പേരില്‍ മലയാളത്തിലാക്കിയത് ടിവി കൊച്ചുബാവയും കെ വി വിന്‍സന്റും ചേര്‍ന്നാണ്.   ആ കൃതിയുടെ അനുബന്ധമായി സീനത്ത് കൊച്ചുബാവ എഴുതിയ  ഓര്‍മക്കുറിപ്പില്‍  നിന്നുള്ള പ്രസക്‍ത ഭാഗങ്ങളാണിത്. )

1 Comment

  1. Kochubawa was a truly gifted writer, a genre of his own. He was never satisfied with his writing, kept on experimenting hence he created and applied uniquely distinct narrative styles/structure/craft to each of his works. It is routine to say that ‘his departure was a great lose to Malayalam literature’ but that statement is sooo real in the case of Kochubawa. Miss him a lot.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.