HOME

എം ജി രാധാകൃഷ്ണൻ എന്ന ഗുരുനാഥൻ

M G Radhakrishnan

-കിരണ്‍ ജോസ്
1998 തിരുവനന്തപുരം. ഡിഗ്രി കഴിഞ്ഞിറങ്ങി ജോലിയുടെ ഭാഗമായി ആദ്യമായി ഒരു നഗരത്തിൽ താമസിക്കുന്നതിന്റെ ആവേശം. അത്തരം ആവേശത്തിന്റെ പുറത്തായിരുന്നു ആദ്യമായി പാട്ട് പഠിക്കണമെന്ന ആഗ്രഹം തല പൊക്കുന്നത്. കച്ചേരിക്കാരെ അത്രങ്ങോട്ട് ശ്രദ്ധിക്കാത്തതു കാരണം ക്ലാസിക്കൽ പഠിക്കാൻ താല്പര്യവുമില്ല.പിന്നെന്ത് പഠിക്കും? ശബ്ദം നന്നാക്കിയെടുക്കാൻ വല്ല എക്സർസൈസും? അങ്ങനെയൊന്നുമില്ല..

കൂടെയുള്ള രാജൻ നായരു പറഞ്ഞു, നമ്മുടെ ലോഡ്ജിന്റെ അരക്കിലോമീറ്ററിനപ്പുറം ഒരാൾ വന്ന് ഇടക്കിടെ കൊച്ചു പിള്ളേർക്ക് ലളിതഗാനം ഒക്കെ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. ഫീസൊന്നും വാങ്ങുന്നുമില്ല. ആരാ ? സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണൻ…എന്റമ്മോ..അദ്ദേഹം വല്ലതും നമ്മളെ അടുപ്പിക്കുമോ രാജാ ? പിന്നെന്താ എന്റെ ഒരു കസിൻ അവിടെ പഠിക്കുന്നുണ്ട്.ഞാൻ അയാളോട് ചോദിച്ചു നോക്കാം..രാജന്റെ കസിൻ സാറിനോട് ശുപാർശ ചെയ്തതതനുസരിച്ച് ഞാനും രാജനും കൂടി അടുത്ത് വന്ന ഞായറാഴ്ച ലോഡ്ജിൽ നിന്ന് ഈ സംഗീത ക്ലാസ്സിലെത്തി.

അവിടെ ചെന്നപ്പോൾ ഒരു കൂട്ടം ഊപ്രിപ്പിള്ളേർ മാത്രം, ഒരു കൊച്ച് പയ്യൻ നിക്കറുമിട്ടോണ്ട് വന്ന് രാജനോട് പിറുപിറുക്കുന്നു. രാജൻ പറഞ്ഞു ദേ ഇതാ എന്റെ കസിൻ. അയ്യേ..ഈ ഊപ്രിയാണോ നമുക്ക് വേണ്ടി ശുപാർശ ചെയ്തത്. അതേ, ആ ക്ലാസ്സ് മുഴുവൻ മുലകുടി മാറാത്ത പിള്ളേർ.ആ നാണക്കേടുമോർത്ത് ക്ലാസ്സിൽ തലയും കുനിച്ചിരിക്കുമ്പോൾ വാതിൽക്കൽ ഒരു കാറ് വന്ന നിൽക്കുന്ന ശബ്ദം. അതാ വരുന്നു നല്ല തൂവെള്ള ഡ്രസ്സിട്ട് ( എന്റെ ജീവിതത്തിൽ ഇത്രയും വെള്ള വസ്ത്രം വൃത്തിയായി ഉപയോഗിച്ച് ഒരാളെ ആദ്യമായിട്ട് കാണുകയാണ് ) ഫോട്ടോയിലും ടിവിയിലുമൊക്കെ മാത്രം കണ്ടിട്ടുള്ള ഒരു മനുഷ്യൻ. ഒരു ചുവന്ന കുറി..താടി..പ്രൗഡിയോടെ  സാക്ഷാൽ എം ജി രാധാകൃഷ്ണൻ. ഞാൻ രാജന്റെ കസിൻപയ്യനെ ആരാധനാ‍പൂർവ്വം നോക്കി.

Kiran Jose

പുതിയ രണ്ട് ആളുകൾ വന്നിട്ടുണ്ടെന്നോ കൊച്ച് ഊപ്രികളുടെ പിന്നിൽ രണ്ട് ചെറുപ്പക്കാർ ഉണ്ടെന്നോ ഒന്നും നോക്കാതെ സാർ തുടങ്ങി..ഊപ്രികളെല്ലാം കൂടി കഴിഞ്ഞ ആഴ്‌ച പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യാൻ തുടങ്ങി. ഹോ..ജീവിതത്തിൽ ഇന്നുവരെ അത്തരമൊരു മനോഹരമായ ഒരു  കോറസ് ആലാപനം ഞാൻ കേട്ടിട്ടില്ല. ക്ലാസ്സിനിടയ്‌ക്ക് സാർ എന്റെയും രാജന്റേയും പേരു വിളിച്ചു. വിറച്ച് വിറച്ച് എഴുന്നേറ്റു നിന്നു. ശബ്ദം ഒന്നും പുറത്തേക്ക് വരുന്നില്ല. എങ്കിലും മുക്കി മൂളി ഞാൻ പരിചയപ്പെടുത്തി. പിള്ളേർക്കെല്ലാം ആകെ കൗതുകം. ക്ലാസ്സ് കഴിഞ്ഞപ്പോൾ സാർ പറഞ്ഞു: ഞാൻ മുതിർന്നവർക്കുള്ള ഒരു സെഷൻ നടത്തുന്നുണ്ട്.അവർ കുറച്ച് അഡ്വാൻസ്ഡ് ആയിപ്പോയിരിക്കുന്നു. നിങ്ങൾ രണ്ടു പേരും കുറച്ച് നാൾ ഇവരുടെ കൂടെത്തന്നെ പഠിച്ചിട്ട് അവിടെ ജോയിൻ ചെയ്യുക.

ജോലിയുടെ തിരക്കിന്റെ ഭാഗമായി മൂന്നുമാസത്തിനുള്ളിൽ  ആ ക്ലാസ്സുകൾ എനിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഞാനറിവീല ഭവാന്റെ മോഹനഗാനാലാപന ശൈലി ഒക്കെ ആലപിക്കാൻ പഠിച്ചത് പിന്നീട് പാഠം ഒന്ന് വിലാ‍പം എന്ന സിനിമയിൽ അതേ ട്യൂണില്‍ മീര ജാസ്മിൻ പാടുന്നത് കേട്ടപ്പോൾ അദ്ഭുതം തോന്നി. എങ്ങനെ ഈ ട്യൂൺ പുറത്തായെന്ന്…അതു പോലെ അനന്തഭദ്രത്തിൽ കലാഭവൻ മണി പാടി ഹിറ്റായ മാലമലോലുലുയ്യാ ഒരു ഫോക്ക് പാട്ടായിട്ടാണ് ഞങ്ങളുടെ ക്ലാസ്സിൽ പഠിപ്പിച്ചത്. തികച്ചും വ്യത്യസ്‌തമായ ഒരു ട്യൂൺ….

ടിവിയിൽ വാർത്ത കാണുമ്പോൾ, മാഷിന്റെ ആ ശോഷിച്ച ശരീരം കാണുമ്പോൾ പണ്ടത്തെ ആ ദിനങ്ങളും ഓർമകളും ഒരു പാട പോലെ വന്ന് കണ്ണൂ മൂടുന്നു. എത്ര വലിയൊരു അവസരമാണ് ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയതെന്ന സങ്കടവും..!

ഒരിക്കലെങ്കിലും ചെന്ന് കാണാമായിരുന്നു..കണ്ടില്ല. പേടി കൊണ്ട്. മനസിലാവും എന്ന ഉറപ്പില്ല. അവിടെയും പേഴ്സണൽ ഈഗോ വിൻ ചെയ്തു. നന്ദികേടോടെ ആദരാഞ്‌ജലികൾ… 🙁 (Kiran Jose is founder and admin of malayalamsongslyrics.com)

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.