കോവിലന് ആദരാഞ്ജലികള്‍

Kovilan
മലയാളിയുടെ വായനയുടെ ആകാശങ്ങള്‍ വിസ്‌തൃതമാക്കിയ മറ്റൊരു എഴുത്തുകാരന്‍ കൂടി യാത്രയായി; കണ്ടാണിശേരി വട്ടംപറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍. പട്ടാളക്കഥകളായിരുന്നു കോവിലനെ നമുക്ക് പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത്. എ മൈനസ് ബി, ഹിമാലയം തുടങ്ങിയ നോവലുകളില്‍ മലയാളിക്ക് ഏറെക്കുറെ അപരിചിതമായ കാലങ്ങളെയും സ്ഥലങ്ങളെയും കഥാപാത്രങ്ങളെയും കോവിലന്‍ വരച്ചിടുന്നു.
കണ്ടാണിശേരിയുടെ കഥ പറയുന്ന മുപ്പിലിശേരിയുടെ മിത്തുകള്‍ കൊരുത്തെടുക്കുന്ന തട്ടകവും തോറ്റങ്ങളുമൊക്കെ കോവിലന് പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു. 1972-ല്‍ തോറ്റങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തട്ടകത്തിന് 1998-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും. 1977-ല്‍ വീണ്ടും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ശകുനം എന്ന കഥാ സമാഹാരത്തിന്. വയലാര്‍ അവാര്‍ഡ്, എന്‍ വി പുരസ്കാരം, എഴുത്തച്‌ഛന്‍ അവാര്‍ഡ് തുടങ്ങിയവയും നേടിയിട്ടുണ്ട്.
1923-ല്‍ കണ്ടാണിശേരി വട്ടംപറമ്പില്‍ വേലപ്പന്റെയും കാളിയുടെയും മകനായി ജനിച്ച അയ്യപ്പന്‍ എന്ന കോവിലന്‍ 1943-46 -ല്‍ റോയല്‍ ഇന്ത്യന്‍ നേവിയിലും 1948-68-ല്‍ കോര്‍ ഓഫ് സിഗ്നല്‍സിലും പ്രവര്‍ത്തിച്ചു. വളരെ കഷ്‌ടപ്പാടു നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. പട്ടിണി മൂലമാണ് അമ്മ മരിച്ചത്. അതു കൊണ്ട് വിശപ്പ് അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന പ്രതിപാദ്യമാണ്. പിന്നീട് വയറിന്റെ വിശപ്പു മാത്രമല്ല, എല്ലാത്തരം വിശപ്പുകളെക്കുറിച്ചും കോവിലന്‍ എഴുതി. പട്ടാളത്തില്‍ ചേര്‍ന്നപ്പോഴും ജീവിതത്തിന്റെ പരുക്കന്‍ വശമാണ് കോവിലന് ഏറെയും കാണാനായത്. അതു കൊണ്ടു തന്നെ മിനുസമില്ലാത്തതാണ് കോവിലന്റെ ഭാഷ.
തട്ടകത്തിന്റെ നാലാം ഭാഗം എഴുതണമെന്ന മോഹം അവശേഷിപ്പിച്ചാണ് അദ്ദേഹം പോയത്. കോവിലന് ടീം ഇന്ദുലേഖയുടെ ആദരാഞ്ജലികള്‍!


