HOME

ഭാരതത്തിലൂടെ സഞ്ചരിക്കുമ്പോൾ

Bharathaparyatanam

BUY THIS BOOK @ INDULEKHA.BiZ

കൗരവ പാണ്ഡവരുടെ സാധാരണമായ ബാലക്രീഡയിൽ വിത്തിട്ടു കഴിഞ്ഞതും, ഭാവിയിൽ കുരുക്ഷേത്രത്തിലെ ആ മഹായുദ്ധമായി പടർന്നു പന്തലിക്കാനിരിക്കുന്നതുമായ കുടുംബമത്സരം കിളർന്ന് ഇല വിരിഞ്ഞു വരുന്നതിനേയാണ് ഇതിഹാസകവി ഇവിടെ അസാധാരണമായ നാടകീയ ഭംഗിയോടെ കാഴ്ചക്കു വെച്ചിരിക്കുന്നത്.

ആധുനിക ലോകത്തിലെ സിനിമാസ്ക്രീനിൽ പോലും നന്നായി പകർത്തിക്കാണിക്കാൻ പറ്റാത്തത്ര മഹത്തായൊരു സദസ്സ്; അതിൽ സംഭവങ്ങൾ ഒന്നിനൊന്നു വ്യത്യസ്തമായി ഒന്നിനൊന്നു മേലെയായി, അടുക്കടുക്കായി, വന്നുകൊണ്ടിരിക്കുന്നു; ഓരോരിക്കലും സദസ്സിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങളുടെ സൂചന കൊണ്ട് അവയ്ക്കു ജീവൻ വെപ്പിക്കുന്നു. വ്യത്യസ്തങ്ങളായ നാദങ്ങൾ പുറപ്പെടുവിക്കുന്ന എല്ലാ കമ്പികളെയും മുറുക്കിവെച്ചിട്ടുണ്ട്, അതിലേതിലും യഥാവസരം കവിയുടെ വിരൽ ചെല്ലാതെയുമില്ല.

ആധുനിക സിനിമയ്ക്ക് പോലും പിടീകൊടുക്കാത്തത്ര വിശാലമായ, മഹത്തായ ഇതിഹാസത്തെ ഇത്ര ലളിതമായി പറയുക! അത് നിരൂപണകലയിൽ വിദഗ്ദനായ കുട്ടിക്കൃഷ്ണമാരാർക്കേ സാധിക്കുകയുള്ളൂ. മഹാഭാരത കഥയിലെ സന്ദർഭങ്ങളെക്കുറിച്ച് മാരാർ എഴുതിയ ഭാരതപര്യടനം എന്ന നിരൂപണത്തിൽ നിന്നാണ് ഈ വരികൾ.

രാഷ്ട്രീയമായും സാമൂഹികമായും വളരെ പ്രാധാന്യമുള്ള ഒന്നാണ് മഹാഭാരതത്തിന്റെ കഥാസന്ദർഭം. ധർമ്മയുദ്ധമായി തുടങ്ങി രക്തരൂഷിതമായി അവസാനിച്ച മഹാഭാരതയുദ്ധത്തിന്റെ പരിസമാപ്തിയെക്കുറിച്ച് മാരാർ ഇങ്ങനെ പറയുന്നു:

മഹാത്മാവായ ഭീഷ്മരുടെ സൈന്യാധിപത്യത്തിൽ ആദ്യം വിവരിച്ച വ്യവസ്ഥകളോടെ തുടങ്ങിയ ആ ധർമ്മ യുദ്ധം പതിനെട്ടാം ദിവസം രാത്രി ഒടുക്കത്തെ സേനാപതിയായ അശ്വത്ഥാമാവു നടത്തിയ പൈശാചികമായ അറുകൊലയിലാണ് അവസാനിച്ചത്. ഇതിന്നർത്ഥം ഏതു യുദ്ധവും ഏതു പേരിലും വ്യവസ്ഥയിലുമെല്ലാം തുടങ്ങിയാലും ഇങ്ങിനെയൊക്കെത്തന്നെയായിരിക്കും കലാശമെന്നല്ലാതെ മറ്റെന്താവാം?
മഹാഭാരതസന്ദർഭത്തെ ഉദ്ധരിച്ച് ഇപ്പോഴും പ്രസക്തമായ ഒരു നിരീക്ഷണമാണ് മാരാർ ഇവിടെ നടത്തുന്നത്. ഈ പുസ്തകത്തിന്റെ പിറവിയെക്കുറിച്ച് മാരാരുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ – ഞാനാ പുസ്തകമെഴുതിയത് മഹാഭാരതം മുഴുവൻ വായിച്ചിട്ടോ, ആ വിധത്തിലൊന്നെഴുതുവാൻ പദ്ധതി തയ്യാറാക്കിയിട്ടോ ഒന്നുമല്ല. മാതൃഭൂമിയിൽ കുട്ടികളുടെ മഹാഭാരതം പ്രൂഫ് വായിച്ചുവരുമ്പോൾ ആശ്വമേധികപർവ്വത്തിലെ ഒരു പ്രസിദ്ധ സന്ദർഭം എന്നെ വല്ലാതെ സ്പർശിച്ചു. പിടിച്ചിരുത്തി ചിന്തിപ്പിച്ചു. അതിനെപ്പറ്റി വല്ലതുമൊന്നെഴുതിയേ സമാധാനമാവൂ എന്നുവരെ എത്തിച്ചു .

ഭാരതപര്യടനം മഹാഭാരതത്തിലൂടെയുള്ള ഒരു യാത്ര തന്നെയാണ്. മഹത്തായ ഈ ഇതിഹാസത്തിലെ പ്രതിപാദ്യവിഷയങ്ങൾ ഇന്നത്തെ കാലത്ത് അതിപ്രാധാന്യമുള്ളവയാണെന്ന ഉത്തമബോധ്യമാണ് മാരാരെ ഈ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ, ഇത്തരത്തിൽ പ്രാധാന്യമർഹിക്കുന്ന രംഗങ്ങൾ വർത്തമാനകാല വിഷയങ്ങളോടു ബന്ധപ്പെടുത്തി മാരാർ നമുക്കു പറഞ്ഞുതരുന്നു.

മനുഷ്യചരിത്രത്തിൽ യുദ്ധം വരുത്തിവെയ്ക്കുന്ന ഭയങ്കരദുരന്തത്തെ എടുത്തുകാണിപ്പാൻ
വേണ്ടിയാണ് ഭാരതേതിഹാസം രചിക്കപ്പെട്ടതെന്നു തീർത്തുപറയാൻ സംശയിക്കേണ്ടതില്ല. ഇതിഹാസമെന്നു പറഞ്ഞാൽത്തന്നെ ചരിത്രം നടന്ന കഥ എന്നാണർത്ഥം. ഭാരതമാകട്ടെ, നടന്ന കഥ മാത്രമല്ല, നടക്കാനിരിക്കുന്ന കഥകൂടിയാണെന്ന് എവിടെ നോക്കിയാലും കാണുന്നു

മഹാഭാരതത്തിലെ കഥാസന്ദർഭങ്ങളിൽകൂടി സഞ്ചരിച്ച് നമ്മുടെ ചരിത്രവും വർത്തമാനകാലവും തമ്മിലുള്ള ഒരു താരതമ്യമാണ് കുട്ടികൃഷ്‌ണമാരാർ നടത്തുന്നത്. അതിലൂടെ, മഹാഭാരതം വെറും കഥ മാത്രമല്ല എന്ന ഒരു ബോധം നമുക്കുണ്ടാക്കിത്തരികയും ചെയ്യുന്നു.

| Thulasi Devi

1 Comment

  1. ഈ ഗ്രന്ഥത്തെക്കുറിച്ച് പറയാൻ ഞാനാളല്ല. എന്നാലും ഞാൻ വായിച്ച ഏറ്റവും നല്ല പുസ്തകങ്ങളിലൊന്ന്. ഇതുപൊലെ നല്ല ഒരു പുസ്തകമാണ് ഇരാവതി കാർവെയുടെ മാഹാഭാരത വ്യഖ്യാനം (പേർ മറന്നു)

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.