HOME

അമ്മേ, കാര്‍ത്ത്യായനീ!

– എസ് രാജീവ് കുമാര്‍,കൊച്ചി
പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ്. വിവാഹജീവിതത്തിന്റെ ആദ്യനാളുകള്‍. ആഹ്ലാദത്തിന്റെ ദിനങ്ങളേക്കാള്‍ എനിക്കത് അങ്കലാപ്പുകളുടെ കാലമായിരുന്നു. ഒരു സ്വകാര്യസ്ഥാപനത്തിലായിരുന്നു എനിക്കന്നു ജോലി. വെറും പത്തു ദിവസത്തെ വിവാഹലീവ്. കണ്ണടച്ചു തുറക്കും മുമ്പേ ആ ദിവസങ്ങള്‍ കഴിഞ്ഞു പോയി. നവവധുവിനെയും കൂട്ടി ഞാന്‍ അയല്‍ജില്ലയിലെ ജോലി സ്ഥലത്തേക്ക് യാത്രയായി. പിന്നെ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരമാകുമ്പോള്‍ നാട്ടിലേക്ക് മടങ്ങും. ഒരു ഞായറാഴ്‌ച ആഘോഷിക്കാന്‍.

ശനിയാഴ്‌ചകളില്‍ വൈകുന്നേരം ആറുമണി കഴിഞ്ഞേ ഓഫീസില്‍ നിന്നിറങ്ങാന്‍ കഴിയൂ. ഓടിക്കിതച്ച് താമസസ്‌ഥലത്തെത്തുമ്പോള്‍ ബാഗും ഒരുക്കി നാട്ടിലേക്ക് പുറപ്പെടാന്‍ ഭാര്യ കാത്തിരിക്കും. പിന്നെ ബസ് പിടിക്കാനുള്ള നെട്ടോട്ടമാണ്. ഇടിച്ചുകുത്തി കയറിക്കൂടിയ ബസ് ഒച്ചിഴയുന്ന വേഗത്തില്‍ നീങ്ങും. സ്വന്തം പട്ടണത്തില്‍ അത് എത്തിച്ചേരുമ്പോഴേക്കും രാത്രി ഏറെ വൈകിയിരിക്കും. അവിടെയിറങ്ങി ഗ്രാമത്തിലേക്കുള്ള അവസാനബസിനുള്ള അന്വേഷണം തുടങ്ങും. പലപ്പോഴും അതു പോയിരിക്കും. പിന്നെ ആശ്രയം ഓട്ടോറിക്ഷയാണ്. അകലെയുള്ള ഗ്രാമത്തിലേക്ക് ‘കഴുത്തറപ്പന്‍’ കൂലി നല്‍കിയുള്ള ഓട്ടോ യാത്ര. എങ്ങനെയും വീടെത്തണമല്ലോ. അവിടെ അമ്മയും അച്‌ഛനും മക്കളെ കാത്തിരിപ്പുണ്ടാവും.

ഞായറാഴ്‌ചകള്‍ക്ക് വേഗം കൂടുതലാണ്. കണ്ടുകണ്ടങ്ങിരിക്കെ അവ അസ്‌തമിക്കും. പിന്നെ സൂര്യനുദിക്കും മുമ്പ് ആദ്യത്തെ ബസില്‍ വീണ്ടും ജോലി സ്ഥലത്തേക്ക്.

അക്കാലത്ത് ; ഒരു ശനിയാഴ്‌ച വൈകുന്നേരം. തിങ്ങിനിറഞ്ഞ സീറ്റില്‍ ഭാഗ്യവശാല്‍ കിട്ടിയ സീറ്റില്‍ ഞാനും ഭാര്യയും ഇരിക്കുന്നു. പതിവിലും മെല്ലെയാണ് ബസിന്റെ യാത്ര. ഇടയ്‌ക്ക് ഒരു സ്‌റ്റോപ്പില്‍ ബസ് നിന്നപ്പോള്‍ ഏതോ ഗ്രാമക്ഷേത്രത്തില്‍ നിന്ന് കീര്‍ത്തനങ്ങള്‍ ഒഴുകിയെത്തുന്നു. ഞാന്‍ പുറത്തേക്ക് നോക്കി. ഒരു കൊച്ചുകാവ്. കാളീക്ഷേത്രമാണെന്നു തോന്നുന്നു. വലിയൊരു ആല്‍‌മരം നിശ്‌ചലമായി നില്‍‌ക്കുന്നു.

ഞാന്‍ ഭാര്യയെ നോക്കി. അവളും ആ കൊച്ചുകാവും അവിടെ വിരിഞ്ഞു നിന്നിരുന്ന സന്ധ്യയും ആസ്വദിക്കുകയായിരുന്നു. പെട്ടെന്ന് അവള്‍ പറഞ്ഞു. “നമുക്കൊരു കാറുണ്ടായിരുന്നെങ്കില്‍ സുഖമായി വീട്ടില്‍ പോകാമായിരുന്നു.” വെറുമൊരു മോഹം. കാര്‍ എന്നത് സങ്കല്‍പ്പിക്കാന്‍ പോലുമുള്ള സാമ്പത്തികശേഷി അന്നില്ലായിരുന്നു. എങ്കിലും ആ സുന്ദരസ്വപ്‌നത്തെ ഞങ്ങള്‍ രണ്ടുപേരും ഒരു പോലെ ലാളിച്ചു.

അപ്പോള്‍ അവള്‍ പറഞ്ഞു, “നമുക്കൊരു കാര്‍ നല്‍കാന്‍ ഈ കാവിലെ ദേവിയോട് പ്രാര്‍ഥിച്ചാലോ?”.
ദൈവങ്ങള്‍ വിചാരിച്ചാല്‍ എന്തും നടക്കുമെങ്കിലും ഇത്തരം ‘സില്ലി’യായ അവശ്യങ്ങള്‍ അവര്‍ കൈകൊള്ളാറില്ലെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. എങ്കിലും അതെല്ലാം മറന്ന് ഞങ്ങള്‍ പ്രാര്‍ഥിച്ചു.“അമ്മേ, ദേവി, ഞങ്ങള്‍ക്കൊരു കാര്‍ നല്‍കണേ….”

ബസ് യാത്ര തുടര്‍ന്നു. പിന്നെ എല്ലാ ശനിയാഴ്‌ചയും ബസ് കാവിനടുത്തെത്തുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ഥന ആവര്‍ത്തിച്ചു. “അമ്മേ, ദേവി…. കാറ്”

ആറുമാസം കഴിഞ്ഞു. ഒരു ദിവസം എന്റെയൊരു പഴയ സഹപാഠി ഓഫീസില്‍ എന്നെ കാണാന്‍ വന്നു.
മാരുതിയുടെ അവിടത്തെ ഏജന്‍സിയില്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നു. ഒരു സഹായം ചോദിച്ചാണ് അവന്‍ വന്നിരിക്കുന്നത്. ആ മാസത്തെ ടാര്‍ജറ്റ് തികയാന്‍ അവന് ഒരു കാര്‍ കൂടി വില്‍ക്കണം. ബുക്ക് ചെയ്‌താല്‍ മതി. ഒരു മാസം കഴിഞ്ഞേ വാങ്ങേണ്ടൂ. ടാര്‍ജറ്റ് തികഞ്ഞില്ലെങ്കില്‍ അവനു ചിലപ്പോള്‍ ജോലി തന്നെ നഷ്‌ടപ്പെട്ടേക്കാം. അവന്‍ നിരവധി സൌജന്യങ്ങളോടെ 2000 രൂപ മാസഗഡു നല്‍കേണ്ട ഫിനാന്‍‌സ് സ്‌കീം ഒപ്പിച്ചു തന്നു. അങ്ങനെ നിര്‍‌ബന്ധത്തിനു വഴങ്ങി അവന്‍ പറഞ്ഞിടത

അങ്ങനെ നിര്‍‌ബന്ധത്തിനു വഴങ്ങി അവന്‍ പറഞ്ഞിടത്തെല്ലാം ഞാന്‍ ഒപ്പിട്ടു നല്‍കി.

എന്തിനധികം പറയുന്നു? മാസമൊന്നു കഴിഞ്ഞപ്പോള്‍ ഞാനൊരു കാര്‍ ഉടമയായി. അതില്‍ നാട്ടിലേക്കു തിരിച്ചു. കാവിനടുത്തെത്തിയപ്പോള്‍ മനസു കൊണ്ട് ദേവിക്കു നന്ദി പറഞ്ഞു. യാത്രയും ജീവിതയാത്രയും ഞങ്ങള്‍ തുടര്‍ന്നു.

ഇതിനിടെ കാറിന്റെ പ്രതിമാസതുക അടയ്‌ക്കാനുള്ള സമയമായി. കാറിന്റെ ‘ഭാരം’ ഞങ്ങള്‍ അറിയാന്‍ തുടങ്ങി. പക്ഷേ, അപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ട് ‘ആരോ’ ഞങ്ങളെ സഹായിക്കുന്നതു പോലെ തോന്നി. ഭാര്യയ്‌ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌ഥിരം നിയമനമായി. ശമ്പളം കിട്ടിത്തുടങ്ങി. തീര്‍ന്നില്ല; പണ്ടെങ്ങോ അവള്‍ എഴുതിയിരുന്ന പി. എസ്‌. സി പരീക്ഷകളുടെ ഫലം അപ്രതീക്ഷിതമായി പുറത്തുവന്നു. രണ്ട് റാങ്ക്‍ ലിസ്‌റ്റിലും കൂടി അവള്‍ സ്‌ഥാനം പിടിച്ചു. അങ്ങനെ മൊത്തം മൂന്നു ജോലികള്‍! അതില്‍ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുത്തു. അതോടെ കാറില്‍ കുറച്ചുകൂടി അനായാസമായി ഇരിക്കാന്‍ തുടങ്ങി. കാര്‍ ലോണിന്റെ പ്രതിമാസതുക മുടക്കമില്ലാതെ അടഞ്ഞുകൊണ്ടിരുന്നു.

ഒരിക്കല്‍ നാട്ടിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ക്കു തോന്നി. ഞങ്ങളെ ഇത്രയേറെ അനുഗ്രഹിച്ച ഈ ദേവിയെ ഇതുവരെ നേരില്‍ കണ്ടില്ലല്ലോ. ഒരു പുഷ്‌പാഞ്‌ജലി പോലും സമര്‍പ്പിച്ചില്ലല്ലോ. ഞങ്ങള്‍ കാവിലിറങ്ങി. പെരുവഴിയിലൂടെ കടന്നു പോകുന്ന ബസിലിരുന്ന് വിളിച്ചാല്‍ പോലും വിളി കേള്‍ക്കുന്ന ദേവിയെ നേരില്‍ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞ സംഭവമാണ് പിന്നീട് നടന്നത്.

നാലമ്പലത്തിനു മുകളില്‍ വച്ചിരിക്കുന്ന ചെമ്പു തകിടില്‍ എഴുതി വച്ചിരുന്ന വലിയ അക്ഷരങ്ങള്‍. അമ്മേ, കാര്‍ത്ത്യായനീ . ഞാന്‍ ശരിക്കുമൊന്നു വായിച്ചു. കാര്‍‍ത്ത്യായനി. വെറുതേയല്ല ഞങ്ങളുടെ ‘കാര്‍’ സ്വപ്‌നം സാക്ഷാത്‌കരിച്ചത്. നന്ദി നിറഞ്ഞ മനസോടെ മനുഷ്യസഹജമായ അറിവില്ലായ്‌മയോടെ, ഞാന്‍ അതിങ്ങനെ വായിച്ചു; അമ്മേ കാര്‍ദായനീ.

3 Comments

  1. mr.രാജീവ്, അസ്സലായിട്ടുണ്ട്…നിരന്തരസ്മരണ കൊണ്ടു ആഗ്രഹങ്ങള്‍ സാധിക്കും എന്ന് എന്റെ ഗുരു പറയാറുണ്ട്.നിങ്ങളുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെ….നിങ്ങളുടെ സന്തോഷം ഞാനും പങ്കു വക്കുന്നു….ഷൈനി , കുവൈറ്റ്

  2. കഥ നന്നായിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ നാട്ടിലേക്കോടുന്ന ആളാണ് ഞാനും. ഓട്ടോക്കാരനെ ചീത്തപറഞ്ഞു കാശും കൊടുത്ത്‌ തിങ്കളാഴ്ച വെളുപ്പിനെ ബസ്‌ കയറുന്ന എന്റെയും വിദൂരസ്വപ്നമാണ് ഒരു കാര്‍ വാങ്ങുക എന്നത്. ആ ഗ്രാമത്തിന്‍റെ പേരും അമ്പലത്തിന്‍റെ പേരും അറിയിക്കുമെന്ന് പ്രതീക്ഷയോടെ…

  3. ഒരു ശരാശരി മലയാളിയുടെ മാനസിക വ്യാപാരങ്ങള്‍ ഈ കഥയില്‍ പ്രതിഫലിക്കുന്നു . ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ നോട്ടം ഒരു കാര്‍ സ്വന്തമാക്കുക എന്നതാണ്‍. അവസാനം എന്ത് സംഭവിച്ചു എന്ന് കൂടി പറയേണ്ടിയിരുന്നു. അസിസ് വല്ലപ്പുഴ.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.