HOME

ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്

- മൃദുല്‍ ജോര്‍ജ്, മൂവാറ്റുപുഴ

സംഭവം നടക്കുന്നത്‌ ഇക്കഴിഞ്ഞ ജനുവരിയിലാണ്. തീയതി കൃത്യമായി ഓര്‍ക്കുന്നില്ല.സംഭവത്തിലേയ്ക്ക്‌ കടക്കുന്നതിനു മുന്‍പ്‌ ഒരു ചെറിയ ഫ്ലാഷ്‌ ബാക്ക്‌.

എന്റെ നാട്‌ മൂവാറ്റുപുഴയാണ്. മൂന്നു ആറുകളുടെ നാട്‌, ഹൈറേഞ്ചിന്റെ കവാടം എന്നൊക്കെയാണു വിളിപ്പേരുകള്‍. ഒരു രൂപ വട്ടത്തിലുള്ള പരിപ്പുവടകളാണു ഞങ്ങളുടെ നാടിന്റെ ഒരു പ്രത്യേകത. അതായത്, ഒരു രൂപയ്ക്കു ഏകദേശം ആ വലുപ്പത്തിലുള്ള പരിപ്പുവട കിട്ടും. അതുണ്ടാക്കി വില്‍ക്കുന്ന ചെറിയ ഉന്തുവണ്ടികള്‍ ടൗണിന്റെ എല്ലാ പ്രധാന ഭാഗങ്ങളിലും ഉച്ച മുതലുണ്ടാവും. ഇത്തരം പരിപ്പുവടകളുടെ ഒരു ആരാധകനാണു ഞാന്‍. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും എന്നറിയാമെങ്കിലും ഇപ്പോഴും എനിക്കതൊരു ദൗര്‍ബല്യം തന്നെയാണ്. ഈ ഇഷ്ടം ആരംഭിക്കുന്നത്‌, ഞാന്‍ അഞ്ചിലോ ആറിലോ മറ്റോ പഠിക്കുന്ന സമയത്താണ്.

ഞാനും എന്റെ ചേട്ടനും കൂടി കടയിലൊക്കെ പോയി വരുമ്പോള്‍ ബാക്കി കിട്ടുന്ന പൈസ കൊണ്ടു ഇതു വാങ്ങും. ഞങ്ങള്‍ സ്ഥിരം ഇതു വാങ്ങിക്കൊണ്ടിരുന്നത്‌ ഒരാളുടെ കൈയ്യില്‍ നിന്നു തന്നെയായിരുന്നു. മുപ്പത്-മുപ്പത്തിരണ്ട് വയസ്സ്‌ പ്രായമുള്ള ഒരു ചേട്ടന്‍. സ്ഥിരം കസ്റ്റമേഴ്സായി കഴിഞ്ഞപ്പോള്‍, ഞങ്ങളും ഈ ചേട്ടനും നല്ല കമ്പനിയായി. അഞ്ചു രൂപയ്ക്കു വാങ്ങുമ്പോള്‍ ആറെണ്ണം അല്ലെങ്കില്‍ ഏഴെണ്ണം തരുക, നടക്കുമ്പോള്‍ കഴിക്കാന്‍ ഒരെണ്ണം തരുക എന്നങ്ങനെ പോയി കാര്യങ്ങള്‍. അന്നു ഞാന്‍ എന്റെ ചേട്ടനോടു പറഞ്ഞു, ‘ഈ ചേട്ടനു ഒരു തുണിക്കടയോ മറ്റോ ഇട്ടു കൊടുത്താല്‍ പുള്ളി കസറും, കാരണം എത്ര ഭംഗിയായാണ് പുള്ളി കസ്റ്റമേഴസിനെ കൈകാര്യം ചെയ്യുന്നത്. ’ എന്റെ ചേട്ടനും ആ അഭിപ്രായത്തോടു പൂര്‍ണമായും യോജിച്ചു. പേരറിയാത്ത ആ ചേട്ടന് ഞങ്ങള്‍ പരിപ്പുവടചേട്ടനെന്ന് പേരും ഇട്ടിരുന്നു.

അങ്ങനെ കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള് ആ ചേട്ടനെ കാണാതെയായി. ഏകദേശം ഒരു വര്‍ഷം ചേട്ടനെ ടൗണിലെങ്ങും കണ്ടതുമില്ല. ആദ്യം കുറച്ചു നാള്‍ ഞാന്‍ പരിപ്പുവട വാങ്ങല്‍ നിര്‍ത്തിയെങ്കിലും, വയറും നാവും സമ്മതിക്കാഞ്ഞതു കൊണ്ട്‌ മറ്റൊരു കടയില്‍ നിന്നു വാങ്ങാന്‍ തുടങ്ങി.

പെട്ടെന്നൊരു ദിവസം, പരിപ്പുവട ചേട്ടന്‍ പിന്നെയുമെത്തി. നേരെ ചെന്നു സാധനം വാങ്ങി, ഇതു വരെ എവിടെയായിരുന്നു എന്നും ചോദിച്ചു. കട കോതമംഗലത്തേക്കു ഒന്നു മാറ്റി നോക്കിയതാടാ , പക്ഷേ മെച്ചമില്ല എന്നും പറഞ്ഞു പൊതിയും, കൂടെ ഒരു എക്സ്ട്രാ പരിപ്പുവടയും തന്ന് അന്നു പിരിഞ്ഞു. പിന്നെയും ഒരുപാട്‌ പരിപ്പുവടപ്പൊതികള്‍. പെട്ടന്നൊരു ദിവസം ആളു പിന്നെയും അപ്രത്യക്ഷനായി. ഇക്കുറി ഒരു വര്‍ഷം കഴിഞ്ഞിട്ടും ആളെ കാണുന്നില്ല. ഞാന്‍ കട മാറി, വേറെ ഒരു കടക്കാരനുമായി അത്യാവശ്യം പരിചയവുമായി. പതിയെ പതിയെ എന്റെ പരിപ്പുവടചേട്ടനെ ഞാന്‍ മറക്കുകയും ചെയ്തു. പുള്ളിക്കാരന്‍ വേറെ സ്ഥലത്തേക്കു മാറി കാണും എന്നു സ്വയം തീരുമാനിച്ച് ഞാന്‍ എന്റെ പരിപ്പുവട പ്രേമം നിര്‍ബാധം തുടര്‍ന്നു. ഇതിനിടയില്‍ കുറേ മാസങ്ങളങ്ങനെ കടന്നും പോയിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലെ ഒരു പകല്‍. ഒരു യാത്രയുണ്ടായിരുന്നതിനാല്‍ അന്ന് ഉച്ച കഴിഞ്ഞ് അവസാനവട്ട ഷോപ്പിംഗിനായി ഞാന്‍ ടൗണിലേയ്ക്കിറങ്ങി. ഒരു കടയില്‍ നിന്നു പുറത്തേക്കിറങ്ങി വന്ന സമയത്ത്‌, റോഡിന്റെ സൈഡിലൂടെ ഒരു തടിച്ച മനുഷ്യന്‍ വടി കുത്തി നടന്നു വരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ, എന്തോ ഒരു അപകടമോ ഓപ്പറേഷനോ ഒക്കെ കഴിഞ്ഞ ഒരാളുടെ രൂപം പോലെ. എന്റെ അടുത്തെത്തിയപ്പോള്‍ ആളൊരു ലോട്ടറി ടിക്കറ്റ്‌ എന്റെ നേരെ നീട്ടി. വേണ്ട ചേട്ടാ എന്നു പറഞ്ഞ്, ഞാന്‍ പതിയെ മുന്നോട്ടു നടന്നു. ഞാനതു പറയുന്ന നേരത്ത്, അയാള്‍ എന്നെ നോക്കി ഒന്നു ചിരിച്ച പോലെ എനിക്കു തോന്നി. കൂടുതല്‍ നിര്‍ബന്ധിക്കാതെ, അയാള്‍ അടുത്ത ആളുടെ അടുത്തേയ്ക്കു നടന്നു. ഞാന്‍ വണ്ടിയെടുത്തു മുന്നോട്ടും നീങ്ങി. പെട്ടന്നൊരു ഉള്‍വിളി, അയാളെ എനിക്കറിയാമെന്നാരോ എന്നോടു പറയുന്നതു പോലെ. ഞാന്‍ കുറച്ചു മുന്നിലായി വണ്ടി നിറുത്തിയിട്ടു. മിററിലൂടെ പുറകിലേയ്ക്ക്‌ നോക്കി.വടി കുത്തി വളരെ ബുദ്ധിമുട്ടി അയാള്‍ നടക്കുന്നുണ്ട്‌. ചോദിക്കുന്ന ആരും ലോട്ടറി എടുക്കുന്നുമില്ല. ഞാന്‍ പതിയെ ആ മുഖത്തേയ്ക്കു നോക്കി.അതയാളായിരുന്നു, ഞങ്ങളുടെ പരിപ്പുവട ചേട്ടന്‍.പക്ഷേ അങ്ങനെയങ്ങു ഉറപ്പിക്കാനും മടി. അയാള്‍ അടുത്തെത്തുന്നതു വരെ ഞാന്‍ അവിടെ നിന്നു.അടുത്തെത്തിയപ്പോള്‍ ഞാന്‍ ചേട്ടനെ വിളിച്ചു.

“ചേട്ടാ, ഒരു ലോട്ടറി”
വിളി കേട്ട്‌, ഒരുപാട്‌ സന്തോഷത്തോടെ അയാളെന്റെ അടുത്തെയ്ക്കു വന്നു, ഒരു ലോട്ടറി തന്നു.”നിനക്കെന്നെ ഓര്‍മ്മയുണ്ടോടാ?”, ഞാന്‍ പത്തു രൂപ നീട്ടിയ സമയത്തു അയാള്‍ ചോദിച്ചു. സംസാരിക്കാനും ഒരു ബുദ്ധിമുട്ടുള്ളതു പോലെ.

“ഇവിടെ കട നടത്തിയിരുന്ന…” ഞാന്‍ ചോദിച്ചു ,അതെയെന്ന അര്‍ത്ഥത്തില്‍ ചേട്ടനൊന്നു ചിരിച്ചു.ഒരാള്‍ തന്നെ തിരിച്ചറിഞ്ഞതിന്റെ സന്തോഷവും ആ മുഖത്തുണ്ടായിരുന്നു.

“എന്തു പറ്റി?” ഞാന്‍ ചോദിച്ചു.

“പ്ലാവില്‍ നിന്നു വീണതാടാ മോനെ”. അവ്യക്തമായ ശബ്ദത്തില്‍ ചേട്ടന്‍ മറുപടി പറഞ്ഞു.

എന്റെ ചോദ്യങ്ങള്‍ അവസാനിച്ചിരുന്നു. അല്ല, കൂടുതല്‍ ചോദിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. വാക്കുകള്‍ എവിടെയോ കുടുങ്ങിയതു പോലെ. ഓ.കെ എന്നും പറഞ്ഞു അപ്പോഴേയ്ക്കും ചേട്ടന്‍ പതിയെ നടന്നു നീങ്ങിയിരുന്നു. ഞാന്‍ വണ്ടിയെടുത്തു വീട്ടിലേയ്ക്കും. കണ്ണൊന്നു നിറഞ്ഞ പോലെ..പോകുന്ന വഴിയിലും, അന്നു വൈകുന്നേരത്തെ യാത്രയിലുമൊക്കെ എന്റെ മനസു നിറയെ ഈ കൂടിക്കാഴ്ചയായിരുന്നു.

ഇടയ്ക്കെപ്പോഴൊക്കെയോ കണ്ണുകള്‍ നിറഞ്ഞ് നിറഞ്ഞ് താഴേയ്ക്കൊഴുകുന്നുണ്ടായിരുന്നു ഞാന്‍ പോലുമറിയാതെ… ഞങ്ങളുടെ പരിപ്പുവട ചേട്ടനെയോര്‍ത്ത്‌…

6 Comments

  1. ടച്ചിങ്ങ് തന്നെ, മൃദുല്‍.ശരിയാണ്. ഇതു പോലെ നമ്മള്‍ ശ്രദ്ധിയ്ക്കാതെ പോകുന്ന, അതല്ലെങ്കില്‍ ശ്രദ്ധിയ്ക്കാന്‍ മിനക്കെടാത്ത എത്രയോ മുഖങ്ങള്‍…

  2. ചാത്തനേറ്: മറവി ചിലപ്പോള്‍ അനുഗ്രഹമാവും ചിലപ്പോള്‍ ശാപവും.

  3. nammude ജീവിതയാത്രയില്‍ നാം കണ്ടു മറക്കുന്ന ഇങ്ങനെ എത്രയെത്ര മുഖങ്ങള്‍ .

  4. This is really a touching story which has been said in a beutiful way. It also conveys a great message to its readers about uncertainity and unpredictness of human life. Welldone Mridul. Hats up.

    Unni – New Delhi

  5. യഥാര്‍ത്ഥ സംഭവത്തിന്റെ ആവിഷ്കാരം തന്നെ ആയിരിക്കാം എങ്കിലും കുറച്ചു കുടി പൊടിപ്പും തൊങ്ങലും ഒക്കെ വെച്ച കഥ നന്നാക്കാമായിരുന്നു

  6. നന്നായി. കഥയും നിന്റെ പ്രവൃത്തിയും. പക്ഷേ നിന്റെ സഹതാപം കൊണ്ട് അയാള്‍ക്ക് എന്ത് പ്രയോജനം?

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.