HOME

നിറകണ്‍ചിരി

swetha

Swetha

– സിന്ധു വര്‍ഗീസ്, സ്വിറ്റ്സര്‍‌ലന്‍ഡ്

ആഴ്ചകള്‍ക്ക് മുന്‍പൊരു ദിവസമാണ് വാവയ്ക്കൊപ്പം പതിവ് കാര്‍ട്ടൂണ്‍ ചാനലുകളില്‍ കണ്ണുനട്ടിരിക്കുന്നതിനിടയില്‍ നിന്ന് ചേച്ചിക്കുട്ടി എന്റെ അടുത്ത് എത്തിയത്. “അമ്മേ അമ്മേ…അമ്മ ഒന്നിങ്ങോട്ട് വന്നേ” എന്നും പറഞ്ഞ്. ഊണ് കഴിഞ്ഞ ആലസ്യത്തിലും യൂ ട്യൂബിലെ വീഡിയോകളില്‍ ഒന്നില്‍ കാതും മനസ്സും ഉടക്കിയിരുന്നതിനാലും എഴുന്നേറ്റ് ചെന്നത് വളരെ പതുക്കെയായിരുന്നു. അപ്പോഴേയ്ക്കും അവളെന്നെ കാണിക്കാനായി ഉദ്ദേശിച്ചത് മാറിപ്പോയിരുന്നു.”കണ്ടോ അമ്മേ അത് പോയില്ലെ”..എന്നു പറഞ്ഞ് അവള്‍ പരിഭവം കാണിച്ചുവെങ്കിലും എന്റെ കുട്ടനെന്ത് കാണിക്കാനാണ് അമ്മയെ വിളിച്ചതെന്ന ചോദ്യത്തില്‍ പിണക്കത്തിന്റെ മുഴുവന്‍ ചൂടും ഉരുകിപ്പോയി. എന്നിട്ട് അവളെന്നോട് പറഞ്ഞു, “ബനാനാ ഇല്ലെ…. ചോക്ലേറ്റില്‍ മുക്കി കഴിക്കുന്നെ..അതാ വേണ്ടെ. പണ്ട് ബിബിസി പ്രൈമിലെ പിള്ളേര്‍ടെ പ്രോഗ്രാമില്‍ അത് ഉണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്”. കണ്ടത് ഏതോ പരസ്യം, പരസ്യത്തില്‍ കണ്ടതു പോലൊന്ന് അവള്‍ ആ ടിവി പ്രോഗ്രാമില്‍ കണ്ടിട്ടുമുണ്ട് എന്നു എനിക്ക് ഗ്രഹിച്ചു. എന്നാലും അതെന്താവാമെന്ന് ഒരു നേരിയ ചിന്തപോലും എനിക്കെങ്ങോട്ടും പോയതുമില്ല. ഇത്തിരി നേരത്തെ ആലോചനകള്‍ക്കും അവരുടെ കലപിലകള്‍കള്‍ക്കുമിടയില്‍ നിന്നും ഞാന്‍ പാട്ടിന്റെ ലോകത്തേയ്ക്ക് പിന്‍‌വാങ്ങി.

അന്ന് വൈകിട്ട് അത്താഴം എടുത്ത് കൊടുക്കാനായി അടുക്കളയില്‍ നിന്നിരുന്ന എന്റെ അടുക്കലേയ്ക്ക് അമ്മേ എന്ന് പറഞ്ഞ് കെട്ടിപിടിച്ച് എത്തി രണ്ടാളും. മേമ്പൊടിയ്ക്കിത്തിരി നാണമുള്ളതിനാല്‍ ചേച്ചി കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നതൊക്കെ ഒന്ന് നോക്കി നിന്നിട്ട്… എന്നാല്‍ പിന്നെ ഞാനും കൂടെ ഒരു ഉമ്മ കൊടുത്തേക്കാം എന്ന മട്ടില്‍ വാവാച്ചിയും തന്നു ഒരു ഉമ്മ. അതും വാങ്ങി അവരെ അടക്കി പിടിച്ച് ഒരോ കാലിലും ഓരോരുത്തരെയും കയറ്റി വച്ച് ഞാനവിടെ താഴെയുള്ള സ്റ്റൂളില്‍ ഇരുന്നു. എന്നിട്ട് രണ്ടാള്‍ക്കും ഓരോ ഉമ്മയും കൊടുത്തു. അപ്പോഴേയ്ക്കും ചേച്ചിക്കുട്ടി ചോദിച്ചു തുടങ്ങി: ” അമ്മയെനിക്ക് ബനാനാ, ചോക്ലെറ്റില്‍ മുക്കി കഴിക്കുന്നത് വാങ്ങി തരുമോ?” ഞാനപ്പോള്‍ അവളോട് പറഞ്ഞു: “അമ്മയ്ക്കറിയില്ലല്ലൊ അതെന്താന്ന്. ടിവിയില്‍ കാണിച്ചപ്പോള്‍ അമ്മ അത് കണ്ടില്ലല്ലോടാ. അതെങ്ങനെയാന്ന് അമ്മയോടൊന്ന് പറയാമോ.” അടുത്ത തവണ കടയില്‍ പോകുമ്പോഴോ
അല്ലെങ്കില്‍ അപ്പ ഓഫീസില്‍ നിന്ന് വരുമ്പോഴൊ വാങ്ങിച്ചു തരാന്ന് വാക്കും പറഞ്ഞ് അവളുടെ മനസ്സിലെന്താണെന്ന് കേള്‍ക്കാന്‍ ഞാന്‍ അവളെയും നോക്കി ഇരുന്നു. അപ്പോ ഒരു പൂവ് വിരിയുന്ന പോലെ കണ്ണുകള്‍കൊണ്ടും കൈകള്‍കൊണ്ടും മുദ്രകള്‍ കാണിച്ച് അവള്‍ പറഞ്ഞു തുടങ്ങി:

“നമ്മളു ചിക്കന്‍ കുത്തി ഗ്രില്ല് ചെയ്യുന്ന കമ്പ് ഇല്ലേ… സേം പോലെ ബനാനാ കുത്തിവച്ചിട്ട് ചോക്ക്ലേറ്റ് മുക്കി ഐസ് ക്രീം പോലെ കഴിക്കണം.” ഞാനെന്താവും പറയാന്‍ പോകുന്നത് എന്ന് അറിയാന്‍ അവളെന്റെ മുഖത്തേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ അമ്മ വിചാരിച്ചാല്‍ എന്തും നടക്കുമെന്നൊരു വിശ്വാസം അവളുടെ മുഖത്തങ്ങനെ മിന്നിമറയുന്നത് കാണാമായിരുന്നു. ആ സമയം കൊണ്ട് എന്റെ മനസ് നേരത്തെയെപ്പോഴോ കണ്ടു മറന്ന ഒരു കാര്‍ണിവല്‍ ഗ്രൌണ്ടിലെ ഐസ്ക്രീം സ്റ്റാളിലെത്തിയിരുന്നു. പലതരം പഴങ്ങള്‍ ഒരുമിച്ചും, ഒരേ പോലുള്ളവ മാത്രമായുമൊക്കെ ഒരു നീണ്ട കമ്പില്‍ (സ്ക്യൂവര്‍) കോര്‍ത്ത് ഉരുക്കിയ ചോക്ലേറ്റ് സിറപ്പില്‍ മുക്കിയെടുത്ത് കട്ടിയാക്കി വില്‍ക്കുന്നത് അവിടെ കണ്ടത് ഓര്‍മ്മ വന്നു. അതവിടെ മാത്രമെ കണ്ടിട്ടുള്ളല്ലോ, ശ്ശൊ… ഇപ്പോഴാണെങ്കില്‍ കാര്‍ണിവല്‍ സമയമല്ലെന്നുമൊക്കെയുള്ള ചിന്തകളും ഒപ്പം ചേര്‍ന്നു. അമ്മയ്ക്ക് എന്താ സാധനം എന്ന് പിടികിട്ടിയെന്നും അത് കിട്ടാനുള്ള ബുദ്ധിമുട്ടിതൊക്കെയാണെന്നുമുള്ളത് എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നതിലേയ്ക്ക് നീങ്ങിയിരുന്നു എന്റെ മനസ്സപ്പോഴേയ്ക്കും.

എന്റെ മുഖത്തേയ്ക്ക് പ്രതീക്ഷയോടെ നോക്കി നിന്ന തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് നോക്കി തന്നെ ഞാന്‍ പറഞ്ഞു.”അമ്മയ്ക്ക് സാധനമെന്താന്ന് മനസ്സിലായിട്ടോ. പക്ഷെ, അത് കടയിലൊന്നും കിട്ടില്ലല്ലോ ചക്കരെ. വല്യ ഊഞ്ഞാലും കാറുമൊക്കെ ഓടിക്കാനും കറങ്ങുന്ന വീലുമൊക്കെയുള്ള കാര്‍ണിവല്‍ സ്ഥലമില്ലേ, അവിടയേ ഇതു കിട്ടുകയുള്ളല്ലോ. കാര്‍ണിവല്‍ വരുമ്പോ അമ്മ മേടിച്ചു തരാട്ടോ.” അത്രയും നേരം ചിരിച്ചു നിന്ന ആളുടെ മുഖമൊന്നു വാടി….ഓ നോ….എന്ന് പറഞ്ഞ് ഒരു കുഞ്ഞ് കരച്ചിലിന്റെ വക്കിലെയ്ക്കാണ് പോക്കെന്ന് കണ്ട് ഞാനൊന്ന് ചേര്‍ത്ത് പിടിച്ച് പറഞ്ഞു:
“എന്തിനാ കരയുന്നെ? അമ്മ വാങ്ങിച്ചു തരാന്ന് പറഞ്ഞില്ലെ കൊച്ചിനോട്. കാര്‍ണിവല്‍ അല്ലെങ്കില്‍, അമ്മ വേറെ എവിടെയെങ്കിലും കടയില്‍ കണ്ടാലും വാങ്ങിച്ചുതരാല്ലോ.” അത് പറഞ്ഞിട്ടും അവള്‍ക്ക് സന്തോഷമായില്ല. മുഖം തെളിയണമെന്നും അത് കിട്ടാന്‍ അത്ര പ്രയാസമാണെന്ന് ഓര്‍ക്കാതെ ഇത്തിരി കാത്തിരിക്കുക മാത്രം ചെയ്താല്‍ മതി എന്നതു കൂടെ അവള്‍ മനസ്സിലാക്കണമെന്നും തോന്നി. അത് സന്തോഷത്തോടു കൂടി തന്നെ ഉള്‍ക്കൊള്ളുകയും വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ അവസാനത്തെ മാര്‍ഗ്ഗം കൂടി പരീക്ഷിക്കാമെന്ന് തീരുമാനിച്ച് ഞാന്‍ പറഞ്ഞു:

“ഇനീപ്പോ ഈ പറഞ്ഞ സ്ഥലത്തൊന്നും കിട്ടിയില്ലെങ്കിലും സാരമില്ല. കൊച്ചിന് അമ്മ തന്നെ ഉണ്ടാക്കി തന്നാലോ? ” കരച്ചിലിന്റെ വക്കില്‍ നിന്ന മുഖത്തേയ്ക്കും ചുണ്ടിന്റെ കോണുകളിലേയ്ക്കും പതിയെ ഒരു ചിരി വന്നു. എന്നിട്ടവളെന്നോട് ചോദിച്ചു:” അമ്മയ്ക്ക് ഉണ്ടാക്കാനറിയാമോ?” ഞാന്‍ പറഞ്ഞു അറിയാമെന്ന്. അതല്ലെങ്കില്‍ അമ്മ ഇന്റെര്‍നെറ്റില്‍ നിന്ന് ഇതുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കി കൊച്ചിന് ഉണ്ടാക്കി തരുമെന്ന്. അപ്പോഴേയ്ക്കും സങ്കടപ്പെട്ടതിന്റെ അവസാന തോന്നലും പോയി അമ്മയെ ഞെക്കിപ്പൊട്ടിച്ചൊരു ഉമ്മ തരാനുള്ള സ്നേഹം മുഴുവന്‍ അവളുടെ മുഖത്തേയ്ക്ക് വന്നത് ഞാന്‍ കണ്ടു. അങ്ങനെ അന്നത്തെ വൈകുന്നേരം മനസ്സിലൊരുപാട് സന്തോഷം നിറച്ച് കടന്നുപോയി.

പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലുമൊക്കെ ഇടയ്ക്കിടെ ബനാന ചോക്ലേറ്റ് മുക്കി എന്നാ മേടിക്കുന്നെ, ആരാ മേടിക്കുന്നെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. എങ്കിലും അവയൊന്നും തന്നെ അവള്‍ക്ക് സങ്കടമോ എനിക്കത് കൈകാര്യം ചെയ്യാന് ബുദ്ധിമുട്ടുള്ള ഒരു അനുഭവമായോ മാറാതെ കടന്ന് പോയിരുന്നു. ഈ ദിവസങ്ങളിലൊന്നില്‍ അവളൊന്നിച്ചു നഴ്സറിയില്‍ നിന്ന് മടങ്ങുമ്പോള്‍, ഇടയില്‍ പാലോ മറ്റെന്തെങ്കിലും ചെറിയ സാധനങ്ങളോ വാങ്ങാന്‍ കയറാറുള്ള കടയുടെ മുന്നിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: ‘ഇവിടെ ആ ബനാനാ ചോക്ലെറ്റ് ഉണ്ട്’.’ ഞാന്‍ ചോദിച്ചു: മോള്‍ക്കെങ്ങനെ അറിയാം, അമ്മ കണ്ടിട്ടില്ലല്ലൊ ഇവിടെ. അടുത്ത വീട്ടിലെ സാന്ദ്രയും വാവാച്ചിയും ഒപ്പമുണ്ടായിരുന്നതിനാല്‍ അതിനുള്ളില്‍ കയറി വെറുതെ കുട്ടികള്‍ ബഹളം ഉണ്ടാക്കേണ്ടന്ന് കരുതി അന്നവിടെ കയറി നോക്കാമെന്നുള്ള ചേച്ചിക്കുട്ടിയുടെ ആഗ്രഹത്തെ ഞാന്‍ നിഷ്ക്കരുണം നിരസിച്ചു. അതിന്റെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ വീടുവരെ നടക്കുന്നതിനിടയില്‍ ഉണ്ടായി എന്നതും വാസ്തവം. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ മിക്കവാറും തന്നെ സ്നേഹം നിറഞ്ഞ ചില വര്‍ത്തമാനങ്ങള്‍ക്കും കുഞ്ഞുമ്മകള്‍ക്കും പറ്റാറുണ്ടായിരുന്നതിനാല്‍ ഈ പ്രശ്നവും അങ്ങനെ തന്നെ തീര്‍ന്നു.

ഈ സംഭവത്തിനും രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കാറില്‍ ഒരു യാത്ര പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ഒരു മിന്നായം പോലെ ഞാന്‍ കുറെ ലൈറ്റുകളും കുറച്ച് വെള്ള ടെന്‍റുകളും കണ്ടു. ദാ അവിടെ ഒരു കാര്‍ണിവല്‍‍, ആ സ്ക്യൂവറിലുള്ള ചോക്ലെറ്റ് മുക്കിയ ബനാന അവിടെ കാണുമെന്ന് പറഞ്ഞ് പ്രിയതമനെക്കൊണ്ട് വണ്ടി വഴി തിരിച്ചു വിട്ടു. അതിനോട് ചേര്‍ന്നൊരു ഗ്രൌണ്ടില്‍ പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ എനിക്ക് മനസ്സിലായി എട്ടു മണിയാവാനിനി മിനിട്ടുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അവരു ഒക്കെ അടച്ച് പൂട്ടാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും. കാത്തുകാത്തിരുന്ന സാധനം ദാ ഇപ്പൊ കിട്ടുമെന്ന് ഓര്‍ത്ത് ചേച്ചിക്കുട്ടിക്ക് ഇരിപ്പുറയ്ക്കാതെയായി.

അപ്പോഴേക്കും വന്നു അപ്പന്റെ ആജ്ഞ. അതടയ്ക്കാന്‍ പോകുവാണ്, അമ്മ ഓടി പോയി നോക്കിയിട്ട് മേടിച്ചു കൊണ്ടു വരും. അപ്പോഴേയ്ക്കും രണ്ടാളും ഒരുപോലെ തുടങ്ങി ചിണുങ്ങല്‍. അതിനൊന്നും കാതു കൊടുക്കാന്‍ നില്‍ക്കാതെ കാന്തനോട് അവരെയൊന്ന് നോക്കിയേക്ക് എന്നും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു വഴിയ്ക്കപ്പുറത്തേയ്ക്ക്. ചെന്നപ്പോഴാവട്ടെ, ഞാന്‍ പ്രതീക്ഷിച്ച് വന്നത് മാത്രം അവിടെയില്ല. പിന്നെ കരച്ചിലിനെ പ്രതിരോധിക്കാന്‍ മുന്‍‌കൂര്‍ ജാമ്യമായി സ്ട്രോബറിയുടെ ആകൃതിയുള്ള ഓരോ മിട്ടായി രണ്ടാള്‍ക്കും മേടിച്ച് മടങ്ങി.

സംഭവബഹുലമല്ലാതെ വീണ്ടും മൂന്ന് നാല് ദിവസം കൂടി കടന്നു പോയി. അങ്ങനെ ഒരു വ്യാഴാഴ്ച. പതിവായി സ്കൂളിലേയ്ക്ക് പോകുന്ന വഴിയിലൂടെ തന്നെ നടന്ന് അവളുടെ ബാലെ ഡാന്‍സിന്റെ ക്ലാസ്സിലേയ്ക്ക് പോയി. പോയ വഴിയ്ക്കുള്ള കടയ്ക്കടുത്ത് എത്തിയപ്പോള്‍ അവളെന്നോട് ചോദിച്ചു, ബാലെ
കഴിഞ്ഞു വരുമ്പോള്‍ ഇവിടെ കയറാമോ? ‘കയറാം’ എന്ന ഒരു ഒഴുക്കന്‍ മറുപടിയില്‍ ആ സംഭാഷണം അവിടെ മുറിഞ്ഞു. ഒരു മണിക്കൂറ് കഴിഞ്ഞപ്പോള്‍ അതേ വഴിയിലൂടെ വീണ്ടും നടന്ന് അവളെ വിളിക്കാനായി പോയി. തിരികെ വന്നപ്പോള്‍ മോളോടുള്ള വാഗ്ദാനം പാലിക്കാനും, പാലു
വാങ്ങാനുമായി ഞാന്‍ ആ കടയില്‍ കയറി. പാലു മാത്രമേ വാങ്ങാനുണ്ടായിരുന്നുള്ളൂ എന്നതിനാല്‍ വേഗം തന്നെ ബില്ല് കൊടുക്കാനായി നില്‍ക്കാനായി.

ഈ സമയം ചേച്ചിക്കുട്ടി പുറകില്‍ ചുരുട്ടി കെട്ടിയ കൈയ്യും ചുണ്ടില്‍ ഒരു ഊറിയ ചിരിയുമായി എന്റെ മുന്നില്‍ വന്നു നില്ക്കുന്നുണ്ടായിരുന്നു. നിറഞ്ഞ സന്തോഷം തുളുമ്പി നിന്ന സ്വരത്തില്‍ “അമ്മേ, ഇതു കണ്ടോ? ഇതാ ഞാന്‍ അന്നു പറഞ്ഞ ബനാനാ മുക്കുന്ന സാധനം!”എന്ന് പറഞ്ഞ് കൈ പുറകില്‍ നിന്നെടുത്ത് അവളൊരു സാധനം എന്നെ കാണിച്ചു. കാരമല്‍ സിറപ്പ് പോലെ ചോക്ലേറ്റ് സിറപ്പ് സീല്‍ ചെയ്ത ഒരു ടിന്‍. വല്ലാത്ത അത്ഭുതം തോന്നി എനിക്ക്. ഈ ഒരു സാധനമാണിവള്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാതെ ഞാനിത്രയും ദിവസം മറ്റെന്തൊക്കെയോ സ്വപ്നം കണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ഒരിത്തിരി ചെറുതായത് പോലെ തോന്നി. എങ്കിലും അവളുടെ മുഖത്ത് വിരിഞ്ഞ ചിരിയുടെ മുന്നില്‍ എനിക്കെന്റെ ചെറുതാകല്‍ വല്യ കാര്യമായി തോന്നിയതുമില്ല. അങ്ങനെ അവിടുന്ന് ബില്ല് കൊടുത്ത് ഇറങ്ങുമ്പോള്‍ അവളത് ബാഗിലിടാന്‍ പോലും സമ്മതിക്കാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് എനിക്കു മുന്‍പേ നടന്ന് തുടങ്ങിയിരുന്നു. അങ്ങനെ ഒരു പത്ത് അടി നടക്കുന്നതിനിടയില്‍ അവളെന്നോട് പറഞ്ഞു: “ഞാന് പണ്ട് അമ്മയോട് പറഞ്ഞില്ലേ ഇത് ഇവിടെ ഉണ്ടെന്ന്. ഇതാ ഞാന്‍ ടീവീല്‍ കണ്ടേ.” “അമ്മയ്ക്കിതാണ് കൊച്ച് പറഞ്ഞതെന്ന് മനസ്സില്ലായില്ലായിരുന്നു കുട്ടാ.” എന്നു പറഞ്ഞ് വീണ്ടും ഞങ്ങള്‍ നടന്നു. വീടടുക്കാറാവുന്നത് വരെ അവളൊന്നും എന്നോട് സംസാരിക്കുകയേ ഉണ്ടായില്ല.

സാധാരണ കലപില എന്നോട് ഓരോന്ന് ചോദിക്കാറാണ് അവള്‍ടെ പതിവ്. അതു കേള്‍ക്കാന്‍ വേണ്ടി തന്നെ ഇത്തിരി കൂടി സ്പീഡില്‍ നടന്ന് അവള്‍ക്കൊപ്പം ചെന്ന് അവളോട് ചോദിച്ചു: “കൊച്ചിന് സന്തോഷമായോ? അപ്പോ അവളെന്റെ മുഖത്തേയ്ക്ക് നോക്കിയ നോട്ടത്തിലും ചിരിയിലും ലോകത്തിലേറ്റം വിലപിടിപ്പുള്ളതെന്തോ കിട്ടിയതു പോലൊരു അഭിമാനവും സന്തോഷവും സംതൃപ്തിയും കാണാമായിരുന്നു. അവള്‍ക്കൊന്നും സംസാരിക്കാന്‍ പോലുമാവുന്നുണ്ടായിരുന്നില്ല അപ്പോള്‍. ചുണ്ടു പൂട്ടി കണ്ണുകള്‍ അടച്ച് ‘അതേ…’ എന്ന ഒരു മറുപടി തലകുലുക്കലിലൂടെ മാത്രം
അവളെനിക്ക് തന്നു. എന്നിട്ടും അവളെ കൊണ്ട് വായ തുറന്നൊന്ന് സംസാരിപ്പിക്കാന്‍ ഞാന്‍ മറ്റെന്തൊക്കെയോ ചോദിച്ചു. അതു ചോദിച്ച് തീരും മുന്‍പു അവളെന്നോട് ഒരു കാര്യം പറഞ്ഞു: “അമ്മേ…എന്റെ കണ്ണു ചുമ്മാ നിറഞ്ഞു വരുവാ.”എന്നിട്ട് അവളത് കൈകൊണ്ട് മറയ്ക്കാനും നോക്കി. “എനിക്ക് കോള്‍ഡല്ലമ്മേ, പക്ഷെ പിന്നേം നിറയുവാ…”

ആ ഒരു നിമിഷം എന്റെ മനസ്സിലൂടെ എന്തൊക്കെയാ പോയതെന്ന് എനിക്ക് പറയാന്‍ വാക്കുകളില്ല. പെട്ടെന്ന് ലോകവും ചുറ്റുമുള്ളതൊക്കെയും സ്തംഭിച്ചതുപോലെ തോന്നി എനിക്ക്. അവളോട് മറുപടി പറയാനുള്ള വാക്കുകള്‍ പോലും തൊണ്ടയില്‍ കുരുങ്ങിയത് പോലെ. കണ്ണുകളും നിറഞ്ഞിരുന്നു.അപ്പോഴേയ്ക്കും ഞാനവളെ എന്നോട് ചേര്‍ത്ത് പിടിച്ച് കഴിഞ്ഞിരുന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: “കൊച്ചിന് ഒരുപാട് സന്തോഷം വന്നിട്ടല്ലേ കണ്ണില്‍ നിന്ന് വെള്ളം വന്നത്?” അവളാ ചോദ്യത്തെ ചുണ്ട് പൂട്ടിയുള്ള ഊറിയ ചിരിയോടെ മാത്രമാണപ്പോഴും നേരിട്ടത്.

അവളെ ചേര്‍ത്ത് പിടിച്ച് വീട്ടിലേയ്ക്കുള്ള ബാക്കി വഴി നടക്കുമ്പോള്‍ ആലോചിച്ചത് മുഴുവന്‍ ഈ നാട്ടിലെ സമൃദ്ധിയില്‍ വളര്‍ന്നതിനാല്‍, എത്ര ആഗ്രഹിച്ചതാണെങ്കില്‍ കൂടി അത് കൈയ്യില്‍ കിട്ടിയ നിമിഷം നിസ്സാരമായ ഒരു ഭക്ഷണവസ്തു മാത്രമല്ലേ എന്ന തോന്നലില്‍ ഒരു വെറും കുട്ടിയുടെ
മനസ്സോടെ “വീട്ടില്‍ ചെന്നിട്ട് എളുപ്പം കഴിക്കണം…” എന്ന വാചകത്തിനപ്പുറത്തേയ്ക്ക് ആ സന്തോഷം കാണിക്കുവാനും, ആ കിട്ടിയ വസ്തുവിന്റെ മൂല്യവും മുഴുവന്‍ മനസ്സിലാക്കുവാനും, അതിത്രയും ഭംഗിയായി പ്രകടിപ്പിക്കുവാനും‍ അവള്‍ക്കെങ്ങനെ ആയി എന്നതായിരുന്നു. പല കാര്യങ്ങളിലും അവളെന്നെ പറിച്ചുവച്ചിരിക്കുന്നു എന്ന് തോന്നിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പ്രായത്തില്‍ മനസ്സുകൊണ്ട് നിറവറിയാന്‍ അവള്‍ വളര്‍ന്നു എന്നത് ജന്മസാഫല്യമായി തോന്നിപ്പിച്ചു. ഇങ്ങനെ നിറയണമെങ്കില്‍ അതിനൊക്കെ തിരിച്ചറിവുണ്ടാകുന്ന പ്രായമാകണമെന്നും അനുഭവങ്ങളുടെ ചൂടും ചൂരുമൊക്കെ ഒരുപാട് വേണമെന്നുമൊക്കെയുള്ള ധാരണ ആയിരുന്നു ആ നിമിഷം വരെ. ആ തോന്നലുകളെയാണ് എന്റെ അഞ്ചുവയസ്സുകാരിയുടെ നിറഞ്ഞ കണ്ണുകളും അതിനിടയിലൂടെയുള്ള ചിരിയും തിരുത്തിയതും എന്റെ മനസ്സിനെ എവിടെയ്ക്കൊക്കെയൊ കൂട്ടിക്കൊണ്ട് പോയതും.

22 Comments

 1. “ഇനീപ്പോ ഈ പറഞ്ഞ സ്ഥലത്തൊന്നും കിട്ടിയില്ലെങ്കിലും സാരമില്ല. കൊച്ചിന് അമ്മ തന്നെ ഉണ്ടാക്കി തന്നാലോ? ” കരച്ചിലിന്റെ വക്കില്‍ നിന്ന മുഖത്തേയ്ക്കും ചുണ്ടിന്റെ കോണുകളിലേയ്ക്കും പതിയെ ഒരു ചിരി വന്നു. എന്നിട്ടവളെന്നോട് ചോദിച്ചു:” അമ്മയ്ക്ക് ഉണ്ടാക്കാനറിയാമോ?” ഞാന്‍ പറഞ്ഞു അറിയാമെന്ന്. അതല്ലെങ്കില്‍ അമ്മ ഇന്റെര്‍നെറ്റില്‍ നിന്ന് ഇതുണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കി കൊച്ചിന് ഉണ്ടാക്കി തരുമെന്ന്. അപ്പോഴേയ്ക്കും സങ്കടപ്പെട്ടതിന്റെ അവസാന തോന്നലും പോയി അമ്മയെ ഞെക്കിപ്പൊട്ടിച്ചൊരു ഉമ്മ തരാനുള്ള സ്നേഹം മുഴുവന്‍ അവളുടെ മുഖത്തേയ്ക്ക് വന്നത് ഞാന്‍ കണ്ടു.”kollaam…super”

 2. Nannayirikkunnu….

 3. Hi Sindhu..”Nirakanchiri” is very nice.Presentation is simply fantastic!!!

 4. കുഞ്ഞുങ്ങള്‍ അവര്‍ മാലാഖമാര്‍,പ്രത്യേകിച്ചും പെണ്‍കുഞ്ഞുങ്ങള്‍..ജീവിതത്തിന്റെ കോലാഹലങ്ങള്‍ക്ക് ഇടയില്‍ നാം പലപ്പോഴും അവരെ തിരിച്ചറിയാന്‍ മറക്കുന്നു.അവരുടെ ചെറിയ ചോദ്യങ്ങളെ നാം അവഗണിക്കുന്നു.ഗംഭീരമായി ഈ എഴുത്ത്.എല്ലാവിധ ഭാവുകങ്ങളും.

 5. എന്റെ കണ്ണു നിറയുവാ….

 6. എല്ലാവിധ ഭാവുകങ്ങളും

 7. ചില വാക്കുകള്‍ വായിക്കുമ്പോള്‍.. ചില അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍.. നന്നായി എന്നു പറയാന്‍ പോലും വാക്കുകള്‍ കിട്ടില്ല. കുഞ്ഞുങ്ങളുടെ നിഷ്ക്കളങ്കമായ നിറവു നിറഞ്ഞ ഈ കുറിപ്പ് വായനക്കാരിലേക്കും പകരുന്നത് അതു തന്നെ. കണ്ണുകളില്‍ ഒരു നനവു വിരിയിച്ച് സുഖദമായ ചില ഭൂതകാലക്കുളിരു നല്‍കി ഈ വാക്കുകള്‍ നമ്മളേയും കുഞ്ഞുങ്ങളാക്കി മാറ്റുന്നു.

 8. മനസ്സില്‍ ആര്‍ദ്രത കാത്തു സൂക്ഷിക്കുന്നവര്‍ക്കേ ഇതൊക്കെ തിരിച്ചറിയാനും എഴുതി പ്രതിഫലിപ്പിക്കാനും കഴിയൂ. മോള്‍ടെ കണ്ണിലെ നനവ് വായനക്കാരുടെ കണ്ണിലേക്കെത്തിക്കാന്‍ കഴിഞ്ഞ ചേച്ചിയുടെ ആ തൂലിക ഇനിയും ചലിക്കട്ടെ…

 9. ആഹ്ലാദത്തിന്റെ നിറവ് പലപ്പോഴും ചിരിയായല്ല കരച്ചിലായാണ് വരാറുള്ളത്. ഈ കുറിപ്പ് എന്റെ കണ്ണ് നനയിച്ചു. ചേച്ചിക്കുട്ടിക്കും വാവക്കും ചക്കരയുമ്മ.

 10. തീര്‍ച്ചയായും ഒരു നിറകണ്‍ചിരി വായനക്കാരിലേക്കും പടര്‍ത്തുന്ന ലളിതമായ എഴുത്ത്. വളരെ ഇഷ്ടമായി.

 11. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ..
  ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍”
  എന്നു വൈലോപ്പിള്ളി “മാമ്പഴ”ത്തില്‍ പറയുന്നു. ഈ സംഭവ കഥ വായിയ്ക്കുമ്പോള്‍ എന്റെ മനസ്സിലോടിയെത്തിയതും അതു തന്നെയാണ്. ഒരു കുഞ്ഞു മനസ്സിന്റെ ആഗ്രഹങ്ങളും ആഗ്രഹിച്ചതു കിട്ടുമ്പോളുണ്ടാകുന്ന കണ്ണൂനിറയിപ്പിയ്ക്കുന്ന ആഹ്ലാദവും ഏറ്റവും മനോഹരമായി എഴുതിഫലിപ്പിയ്ക്കാന്‍ കഴിഞ്ഞിരിയ്ക്കുന്നു.

  കുഞ്ഞു മനസ്സുകളെ തിരിച്ചറിയുന്ന ഒരു അമ്മയുടെ മനോഹര ചിത്രം!!

 12. ആദ്യമായാണിവിടെ… സുഹൃത്തുക്കളുടെ ലിസ്റ്റില്‍ നിന്നും എത്തിയതാണ്. മനസു നിറഞ്ഞു, കൂടെ കണ്ണും…!
  എനിക്കുമുണ്ട് ഇതുപോലെ രണ്ടു കുടുക്കകള്‍. അതുകൊണ്ടാവാം, ഒരോ വാക്കും മനസില്‍ മായാത്ത ചിത്രം വരച്ചപോലെ. അമ്മയെന്നതിന്റെ നിറവും ആര്‍ദ്രതയും അറിയുന്ന ഇതുപോലുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല..
  – സ്നേഹാശംസകളോടെ, സന്ധ്യ 🙂

 13. The narretion is simly beauutiful. great, because it radiates sincerity.

 14. ആ കിട്ടിയ വസ്തുവിന്റെ മൂല്യവും മുഴുവന്‍ മനസ്സിലാക്കുവാനും, അതിത്രയും ഭംഗിയായി പ്രകടിപ്പിക്കുവാനും‍ അവള്‍ക്കെങ്ങനെ ആയി എന്നതായിരുന്നു…………
  തുഷാരം, ഇത്രക്കു ഭംഗിയായ് മനസ്സിനെ നീ മുറിച്ചു വെച്ചത്, ഞാന്‍ ഒരിടത്തും കണ്ടിട്ടില്ലാ. സാധാരണ നിന്റെ വിവരണങ്ങള്‍ നീണ്ടുപോകുമ്പോള്‍ എനിക്ക് വായന അസ്വസ്ഥമാകാറുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ വാക്കുകളുടെ നിറഭംഗി, ഒഴുക്ക് എല്ലാം വായനക്കാരന്റെ മനസ്സ് കീഴടക്കും. നീ സഞ്ചരിച്ച വഴിയേ അവരെയും കൂട്ടി നിനക്ക് നടക്കാനാവുന്നു.
  എല്ലാവിധ ആശംസകളും……….

 15. oh sindhu….
  i cant type as my eyes are filling. great narration… keep it up..
  ummmmmmmmma to your vava and chechykutty.

 16. chechi entha parayendathu. enteyum kannu nirayunnu. chechikku orayiram thanks.

 17. ആര്‍ദ്രമായ അനുഭവം… വായിക്കുന്നവര്‍ക്കും. തുഷാരത്തിന്‍റെ ‘അമ്മമനസ്സ്’ ഇവിടെ ഞങ്ങള്‍ക്കും കാണാം. ഒരു സ്ഫടികപ്പാത്രം പോലെ.
  വിഷു ആശംസകള്‍.. ചേച്ചിക്കുട്ടിയ്ക്കും, വാവയ്ക്കും, പിന്നെ… കുഞ്ഞുമനസ്സുകളെ തിരിച്ചറിയുന്ന ഒരമ്മയ്ക്കും.

 18. കണ്ണീരുപ്പിന്റെ മധുരം നിറഞ്ഞിരിക്കുന്നു ഈ പലഹാരത്തില്‍…. ഓരോതരിയും മെല്ലെമെല്ലെമെല്ലെ സൂക്ഷിച്ചുവേണം ഉള്ളിലോട്ടെടുക്കാന്‍….. ഹൃദയം അങ്ങനെ നിറഞ്ഞുവരുന്നത്‌,ദാ,എനിക്ക്‌ കണ്‍മുന്നില്‍ തെളിഞ്ഞുകാണാം….. കണ്ണുകള്‍ നിറഞ്ഞിരിപ്പാണെങ്കിലും…..

 19. ലളിതമായ ഹൃദയത്തെ തൊടുന്ന തരത്തിലുള്ള ഭാഷ … അതാണ് നിങ്ങളുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്. നിങ്ങളുടെ പ്രതിഭയോട് 100% നീതി പുലര്‍ത്തുന്ന മറ്റൊരു സൃഷ്ടി..

 20. എന്തുവാ ചേച്ചി, ഞാനിപ്പോ പറയുക…ശരിക്കും നന്നായിട്ടുണ്ട്…വല്ലാത്തൊരു ആകാംക്ഷയോടെയാ വായിച്ചേ.. “എനിക്കു കോള്‍ഡില്ല ചേച്ചി,എന്നിട്ടും എന്റെ കണ്ണു നിറയുവാ” 🙂

 21. നീയെന്നെ ശരിയ്ക്കും കരയിച്ചു!

 22. എന്റെ കുഞ്ഞേ…നിന്റെ നന്മ കാലം കട്ടെടുക്കാതിരിക്കട്ടെ!.ഒരായിരം നിറകണ്‍ ചിരികളായി ജീവിതം പൂത്തുലയട്ടെ!

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.