HOME

പ്രണയം: Crime and Punishment!!

(സ്‌പൈസിനു വേണ്ടി കഴിഞ്ഞ ദിവസം തപാലില്‍ ലഭിച്ച ഒരു കുറിപ്പ്. ഇതില്‍ എഴുത്തുകാരിയുടെ പേരില്ല, വിലാസമില്ല, അയച്ച പോസ്റ്റ് ഓഫിസിന്റെ സീ‍ല്‍ പോലും അവ്യക്തം. പക്ഷേ വിങ്ങുന്ന ഒരു ഭൂതകാലം ഓരോ വരിയിലുമുണ്ട്. ഒരക്ഷരം പോലും നീക്കാതെ, ഒന്നും കൂട്ടിച്ചേര്‍ക്കാതെ ആ കത്ത് ഇതാ.
– സ്വപ്‌ന)

love: crime and punishment പ്രണയം എന്ന ബാധയെന്തെന്ന് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ? ലോകത്തെ മുഴുവന്‍ ഒരു ബിന്ദുവിലേക്ക് ചുരുക്കുന്ന അത്യത്‌ഭുതകരമായ ആ ചേതോവികാരം? അത് ഞാന്‍ ആദ്യമായി അനുഭവിച്ച കാലത്തെക്കുറിച്ച് പറയട്ടെ. മഹാസങ്കടങ്ങള്‍ തമാശകളാക്കി മാറ്റുന്ന കാലത്തിന്റെ മായാജാലം നമ്മളെല്ലാം അനുഭവിച്ചിട്ടുണ്ടാകും. എന്നാലും ഇത് കാലത്തെ അതിജീവിച്ച മൂന്നു ദിവസങ്ങളുടെ ഓര്‍മകളാണ്.

പകുതി ദഹിച്ച ചില ആശയങ്ങളും അല്പസ്വല്പം ഫെമിനിസവും ഒക്കെയായി നടക്കുന്ന ബിരുദപഠനകാലം. സിമോണ്‍ ദ ബുവ്വെയും മാര്‍ക്വേസും നെരൂദയും മാധവിക്കുട്ടിയും ഒക്കെയായി കെട്ടിമറിഞ്ഞ് ദിവസങ്ങള്‍ കടന്നു പോയി. അതിനിടയിലാണ് വളരെ യാദൃശ്ചികമായി ദസ്തയേവ്സ്കിയുടെ ‘Crime and Punishment’ വളരെ കുറഞ്ഞ വിലയ്ക്ക് ഒരു വഴിയോര പുസ്തകക്കച്ചവടക്കാരനില്‍ നിന്നും കിട്ടിയത്. ആ പുസ്തകം വായിച്ചു തുടങ്ങിയതോടെ , ഒരു ഭൂതാവേശിതയെപ്പോലെ ആയിത്തീര്‍ന്നു, ഞാന്‍. പകലുകള്‍ ദസ്തയേവ്സ്കി വായിക്കുന്നതിനിടയ്ക്കുള്ള വിരസമായ ഇടവേളകള്‍ മാത്രം. റാസ്കോള്‍നിക്കോവും അയാളുടെ ‘ഗുഹ’ യും അവിടുത്തെ ഇടുങ്ങിയ തെരുവുകളും – അത് എന്റെ മാത്രം ഒരു സ്വകാര്യസ്വര്‍ഗമായി ഞാന്‍ അനുഭവിച്ചു.

എനിക്ക് ഒരു പങ്കാളിയുണ്ടാവുകയാണെങ്കില്‍ അവന്‍ റാസ്കോള്‍നിക്കോവിനെ പോലെയായിരിക്കണമെന്ന് – കൂര്‍മബുദ്ധി കൊണ്ട് തിളങ്ങുന്ന കണ്ണുകളും പരിധിയില്ലാത്ത ആത്മാര്‍ഥതയും കടുത്ത ഏകാകിതയും മനുഷ്യസ്നേഹവും ഒക്കെയുള്ള ആള്‍ ആയിരിക്കണമെന്ന് – ഞാന്‍ നിശ്ചയിച്ചു. ( നോക്കണേ ജീവിതം എന്ന വലിയ തമാശ! പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന്, ജീവിതത്തിന്റെ ഒരുപാടു പാഠങ്ങള്‍ വലിയ വില കൊടുത്ത് നേടിയ എനിക്ക് എന്റെ സങ്കല്പ-ജീവിതങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ഒട്ടൊക്കെ നിസംഗതയോടെ നോക്കി നില്‍ക്കാനാവുന്നു!) ഒറ്റപ്പെട്ട, വ്യത്യസ്തരായ മനുഷ്യരോടുള്ള എന്റെ പക്ഷപാതം ഇങ്ങനെയായിരിക്കാം രൂപപ്പെട്ടത്.

അങ്ങനെയിരിക്കെയാണ് ഒരു സാഹിത്യക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. എന്റെ ഒന്നുരണ്ടു സൃഷ്‌ടികളും ഒപ്പം ഒരു വിശുദ്ധ ഗ്രന്ഥം പോലെ Crime and Punishment-ഉം ആയാണ് അവിടേക്ക് പോയത്. ഹാളില്‍ ചെന്നപ്പോള്‍ ആളുകള്‍ ഒരുവിധം എത്തിയിരുന്നു. പരിചയമുള്ളവര്‍ നന്നെ കുറവ്. ഉദ്ഘാടകന്‍ വരാന്‍ വൈകിയതിനാല്‍ പരിപാടി തുടങ്ങാന്‍ വൈകി, അങ്ങനെ മുഷിഞ്ഞിരിക്കുമ്പോഴാണ് ആ മഹാസംഭവം. പിന്നില്‍ നിന്നും ആരോ Crime and Punishment-ലെ വരികള്‍ ഉരുവിടുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ സ്വല്പം ഇരുണ്ട്, ഉയരം കൂടിയ ഒരു കട്ടിക്കണ്ണടക്കാരന്‍, ഒരു മൂലയില്‍ തനിച്ചിരുന്ന് , മന്ത്രജപം പോലെ ദസ്തയേവ്സ്കി ചൊല്ലുകയാണ്.

ദൈവമേ! ആ നിമിഷത്തിലെ സന്തോഷം ഞാനെങ്ങനെ വിവരിക്കാന്‍! ഒരു ഞൊടി കൊണ്ട് ദസ്തയേവ്സ്കിയാല്‍ ഊടും പാവും നെയ്‌ത ഒരു മുഴുവന്‍ ജീവിതത്തിന്റെ അസുലഭസുന്ദരസാധ്യതകളിലേക്കു വരെ മനസു ചെന്നെത്തി. ഞാന്‍ ഉടന്‍ തന്നെ ഇരുന്ന കസേര സഹിതം അവന്റെ അരികിലെത്തി പരിചയപ്പെട്ടു. നന്നായി കഥകളെഴുതുമായിരുന്നു അവന്‍. കേവലം ഡിഗ്രിവിദ്യാര്‍ഥിനിയായ എന്നെ അമ്പരപ്പിക്കാന്‍ പോന്ന സാഹിത്യപരിചയവും.

അവന്റെ അടുത്തിരുന്ന് , അവനോട് സംസാരിച്ച്, അവന്റെ കഥകള്‍ വായിച്ച് കഴിഞ്ഞു പോയ ആ ദിനങ്ങളില്‍, ചുറ്റും നടക്കുന്നതെന്താണെന്ന് ഞാന്‍ അറിഞ്ഞതേയില്ല. മൂന്നാം ദിവസം, പരസ്പരം വിലാസങ്ങള്‍ കൈമാറി, ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അന്നു രാത്രിയാണ് ഞാന്‍ തിരിച്ച് ഭൂമിയില്‍ കാലുകുത്തിയത്. ഈ റാസ്കോള്‍നിക്കോവില്ലാത്ത ജീവിതം എത്ര ശൂന്യമാണ്!

അതുവരെ ചില്ലറ വായില്‍നോട്ടവും വലിയ വര്‍ത്തമാനവുമായി നടന്നിരുന്ന എനിക്ക് , പ്രണയം ഒട്ടും തമാശയല്ലെന്ന് അവന്‍ പൂര്‍ണമായി മനസിലാക്കിത്തന്നു. ഇന്നും മന:പാഠമായ ആ വിലാസത്തിലേക്ക് എത്രയോ കത്തുകളെഴുതി, കീറിക്കളഞ്ഞു ഞാന്‍. ഇടയില്‍ ഒന്ന് അയക്കുകയും ചെയ്തു. Crime and Punishment-ലെ വരികള്‍ ചേര്‍ത്ത് സ്വയം ഉണ്ടാക്കിയ ഒരു ഗ്രീറ്റിങ് കാര്‍ഡ് മറുപടിയായി കിട്ടി. അത്ര തന്നെ. പക്ഷേ ആ ഗ്രീറ്റിങ്സ് , 15 വര്‍ഷങ്ങള്‍ പിന്നിട്ട് ഒരു കുട്ടിയേയും അതിന്റെ അച്‌ഛനെയും പിന്നിട്ട്, പല ജോലികളും നഗരങ്ങളും വാടകവീടുകളും പിന്നിട്ട്, സങ്കടം വാരിക്കോരിത്തന്ന സൌഹൃദങ്ങളും ജീവിതാനുഭവങ്ങളും പിന്നിട്ട്, ഇന്നും എന്റെ മേശപ്പുറത്തിരിക്കുന്നു! (ആ കാര്‍ഡാണ് മുകളില്‍ കാ‍ണുന്നത്.) ഓരോ പ്രണയവും കണ്ണീരിന്റെ പെരുമഴക്കാലമാണ്. മൂടിക്കിടന്ന സങ്കടങ്ങളെ അതു ജീവിപ്പിക്കുന്നു. എന്റെ കണ്ണീരിന്റെ കടം, എത്ര വീട്ടിയിട്ടും തീരുന്നില്ലല്ലോ എന്ന തോന്നല്‍ ഇന്നും ബാക്കി നില്‍ക്കുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, എവിടെയുണ്ട് എന്ന് തിരക്കിക്കൊണ്ട് ആ വിലാസത്തിലേക്ക് ഒരു കത്തയച്ചു. മറുപടി കിട്ടിയില്ല- ഒരു പക്ഷേ കത്തു കിട്ടിക്കാണുകയില്ല. ഒരുനാള്‍ മയങ്ങിപ്പോയ ഒരുച്ചയില്‍ ഒരു കട്ടിക്കണ്ണടക്കാരന്‍ എന്റെ വാതിലില്‍ മുട്ടിയതായി സ്വപ്നം കാ‍ണുകയും ചെയ്‌തു. ‘ഇനിയും ഇന്നലെകളില്‍ നിന്ന് ഇതു പോലെ എത്രപേര്‍ പൊങ്ങി വരാനുണ്ട്?’ എന്ന ഭര്‍ത്താവിന്റെ ചോദ്യം സഹിതം പരിഹാസാന്തമായോ അല്ലെങ്കില്‍ സദാചാരികളായ വായനക്കാരുടെ മുഖം ചെരിച്ചുള്ള ഒരു നോട്ടത്തോടെ എന്നെങ്കിലും ഉണ്ടായേക്കാ‍വുന്ന അവന്റെ കടന്നുവരവായോ പരിണമിക്കാനുള്ള സാധ്യതകള്‍ ഈ സംഭവത്തില്‍ ബാക്കി നില്‍ക്കുന്നു. ഇതൊന്നും സംഭവിച്ചില്ലെങ്കില്‍, ജീവിതം ഈ മനുഷ്യനെ എവിടെക്കൊണ്ടെത്തിച്ചുവെന്ന് അറിയാനുള്ള കൌതുകം എന്റെ കൂടെ നിത്യനിദ്ര പ്രാപിക്കുമായിരിക്കും!

1 Comment

  1. the wild passions of our teenage! how could we pass the hairline bridge?

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.